Conflict | ഗസ്സ വീണ്ടും യുദ്ധത്തിലേക്കോ? ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്ന ഭീഷണിയുമായി നെതന്യാഹുവും ട്രംപും; സൈന്യത്തെ വിന്യസിച്ച് ഇസ്രാഈൽ

 
Fears grow for Israel-Gaza ceasefire after Netanyahu threat
Fears grow for Israel-Gaza ceasefire after Netanyahu threat

Photo Credit: X/ Gaza Notifications

● ഇസ്രാഈൽ സൈന്യം ഗസ്സയിൽ സൈനിക വിന്യാസം ആരംഭിച്ചു.
● ഇസ്റാഈൽ വെടിനിർത്തൽ കരാറുകൾ ലംഘിച്ചുവെന്ന് ഹമാസ് 
● ഗസ്സയിൽ വീണ്ടും പോരാട്ടം തുടങ്ങുമെന്ന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.

ഗസ്സ: (KVARTHA) ഗസ്സ മുനമ്പിൽ വീണ്ടും യുദ്ധത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. ബന്ദികളെ മോചിപ്പിക്കാത്ത പക്ഷം വെടിനിർത്തൽ കരാർ റദ്ദാക്കുമെന്ന ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഭീഷണികൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയാണ്. ഇതിനോടകം തന്നെ ഇസ്രാഈൽ സൈന്യം ഗസ്സയിൽ സൈനിക വിന്യാസം ആരംഭിച്ചിട്ടുണ്ട്.

ഹമാസ് ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗസ്സയിൽ വീണ്ടും പോരാട്ടം ആരംഭിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇരുപക്ഷവും തമ്മിലുള്ള മൂന്നാഴ്ച നീണ്ടുനിന്ന വെടിനിർത്തൽ തകരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ശനിയാഴ്ച ഉച്ചയ്ക്കകം ഹമാസ് ബന്ദികളെ തിരിച്ചയച്ചില്ലെങ്കിൽ - വെടിനിർത്തൽ അവസാനിക്കും, ഹമാസ് പരാജയപ്പെടുന്നതുവരെ ഐഡിഎഫ് തീവ്രമായ പോരാട്ടത്തിലേക്ക് മടങ്ങും', നെതന്യാഹു വ്യക്തമാക്കി.

ജോർദാൻ രാജാവ് അബ്ദുല്ലയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് നെതന്യാഹുവിന്റെ ഭീഷണി. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഗസ്സയിലെ എല്ലാ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കിൽ, വെടിനിർത്തൽ റദ്ദാക്കാൻ താൻ പറയുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് ഹമാസിന് മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധത്തിൽ തകർന്ന ഗസ്സ, യു എസ് ഏറ്റെടുത്ത് പുനർനിർമിക്കുമെന്ന് ട്രംപ് ആവർത്തിച്ച് പറയുന്നുമുണ്ട്.

വടക്കൻ ഗസ്സയിലേക്ക് ഫലസ്തീനികളുടെ തിരിച്ചുവരവ് വൈകിപ്പിച്ചും, ഗസ്സ മുനമ്പിൽ ഉടനീളം ആക്രമണം നടത്തിയും, മാനുഷിക സഹായത്തിന്റെ പ്രവേശനം തടസ്സപ്പെടുത്തിയതും ഉൾപ്പെടെ വെടിനിർത്തൽ കരാറുകൾ ഇസ്രാഈൽ ലംഘിച്ചുവെന്ന് കാട്ടിയാണ് ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചത്.

ഗസ്സയിൽ ഇപ്പോഴും തടവിലാക്കപ്പെട്ടിരിക്കുന്ന 76 പേരെയും മോചിപ്പിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെടുന്നുണ്ടോ അതോ വെടിനിർത്തൽ പ്രകാരം ശനിയാഴ്ച മോചിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്ന മൂന്ന് ബന്ദികളെ മാത്രമാണോ എന്ന് വ്യക്തമല്ല. അതേസമയം ഗസ്സയിലും പരിസരത്തും സൈന്യത്തെ വിന്യസിക്കാൻ ഇസ്രാഈൽ പ്രധാനമന്ത്രി ഉത്തരവിട്ടു. ദുർബലമായ വെടിനിർത്തൽ കരാറിനെച്ചൊല്ലിയുള്ള ആശങ്കകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇസ്രാഈലിന്റെ ഈ നടപടി.

അതേസമയം, ഗസ്സയെ വംശീയമായി തുടച്ചുനീക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിയെ നിരവധി രാജ്യങ്ങൾ എതിർത്ത് രംഗത്തുണ്ട്. 'ഗസ്സ ഫലസ്തീനികളുടെതാണ്', എന്ന് വിവിധ അറബ് രാജ്യങ്ങളും ചൈനയും പ്രതികരിച്ചു. ഇതിനിടെ, അധിനിവേശ വെസ്റ്റ് ബാങ്കിലെ തുൽക്കറെം, നൂർ ഷംസ് എന്നീ അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയുള്ള ഉപരോധം ഇസ്രാഈൽ തുടരുകയാണ്.

ഗസ്സയിൽ ഇസ്രാഈൽ യുദ്ധത്തിൽ ഇതുവരെ 61,709 പേർ കൊലപ്പെട്ടതായി ഗസ്സയിലെ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു, അവശിഷ്ടങ്ങൾക്കിടയിൽ കാണാതായ ആയിരക്കണക്കിന് പേർ ഇപ്പോൾ മരിച്ചതായി അനുമാനിക്കപ്പെടുന്നു. 2023 ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ ഇസ്രാഈലിൽ 1,139 പേർ കൊല്ലപ്പെടുകയും 200 ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. പുതിയ സാഹചര്യത്തിൽ ഗസ്സയിലെ സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും സമാധാനം പുനഃസ്ഥാപിക്കാനും അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് പല കോണുകളിൽ നിന്നും ആവശ്യമുയരുന്നുണ്ട്.

Tensions rise in Gaza as Netanyahu and Trump threaten to end the ceasefire if Hamas does not release the hostages. Israel has begun deploying troops in Gaza, raising fears of renewed conflict. Hamas accuses Israel of violating the ceasefire agreements.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia