Airline Update | സംഘർഷാവസ്ഥ പരിഗണിച്ച് നിർത്തിവച്ചിരുന്ന ഫ്ലൈ ദുബൈ വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കും


● അംഗീകരിക്കപ്പെട്ട വിമാന പാതകളിലൂടെ മാത്രമാണ് സർവീസുകൾ.
● യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും മുൻഗണന.
ദുബൈ: (KVARTHA) മധ്യപൂർവദേശത്തെ സംഘർഷ സാഹചര്യങ്ങൾ പരിഗണിച്ച് നേരത്തെ നിർത്തിവച്ചിരുന്ന ഫ്ലൈ ദുബൈ സർവീസുകൾ വെള്ളിയാഴ്ച മുതൽ ഇറാൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വീണ്ടും പുനരാരംഭിക്കുമെന്ന് എയർലൈൻ വക്താവ് അറിയിച്ചു. മാറ്റങ്ങൾ ആവശ്യമായാൽ ഫ്ലൈറ്റ് ഷെഡ്യൂൾ പരിഷ്കരിക്കുമെന്നും, നിലവിലെ സാഹചര്യം വിശദമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഏറ്റവും പ്രധാന്യം നൽകുന്നുവെന്നും എയർലൈൻ അധികൃതർ കൂട്ടിച്ചേർത്തു. അംഗീകരിക്കപ്പെട്ട വിമാന പാതകളിലൂടെ മാത്രമാണ് സർവീസുകൾ നടത്തുന്നതെന്നും വ്യക്തമാക്കി.
അതേസമയം, ദുബായിലെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്സ് ഇറാഖ് (ബസ്ര, ബാഗ്ദാദ്), ഇറാൻ (ടെഹ്റാൻ), ജോർദാൻ (അമ്മാൻ) എന്നിവിടങ്ങളിലേക്ക് ശനിയാഴ്ച (ഒക്ടോബർ 5) വരെ സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ഇറാഖ്, ഇറാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള ദുബൈ വഴിയുള്ള ട്രാൻസിറ്റ് യാത്രകൾക്ക്, പുതിയ അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്ര തുടരാനാകില്ലെന്ന് എമിറേറ്റ്സ് വ്യക്തമാക്കി. ബാധിക്കപ്പെട്ട യാത്രക്കാരെ ബുക്കിങ് ഏജന്റുമാരെ ബന്ധപ്പെടണമെന്ന് എമിറേറ്റ്സ് നിർദ്ദേശിച്ചു. നേരിട്ട് എമിറേറ്റ്സിൽ ബുക്ക് ചെയ്തവർ കമ്പനിയുമായി ബന്ധപ്പെടാനുമാണ് നിർദേശം.
#Flydubai #MiddleEastFlights #TravelUpdate #FlightResumption #DubaiAirline #Aviation