Food Fight | 'കുടുംബ വിരുന്നില്‍ മൂന്നാമതും ഭക്ഷണം ചോദിച്ച തന്റെ മകളോട് സഹോദരി തട്ടിക്കയറി': റെഡ്ഡിറ്റില്‍ അനുഭവം പങ്കിട്ട് ഒരു അച്ഛന്‍
വൈറലായ പോസ്റ്റിനോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തി
ന്യൂഡൽഹി: (KVARTHA) കുടുംബ വിരുന്നുകള്‍ പലപ്പോഴും വളരെ രസകരമാണ്. നീണ്ട ഇടവേളകള്‍ക്ക് ശേഷം കുടുംബാംഗങ്ങള്‍ എല്ലാവരും ഒന്നിച്ചുകൂടുകയും, വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും, വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്ന സമയമാണിത്. എന്നാല്‍ എല്ലാ വിരുന്നുകളും ഇത്തരത്തില്‍ ആനന്ദകരമാണെന്ന് പറയാന്‍ കഴിയില്ല. കാരണം ചിലപ്പോള്‍ വിചിത്രമായ അനുഭവങ്ങളും ഇതുപോലെയുള്ള കൂട്ടായ്മകളില്‍ ഉണ്ടായെന്നുവരും.
സമാനമായ ഒരു അനുഭവമാണ് ഇവിടെ ഒരു യുവാവ് തന്റെ റെഡ്ഡിറ്റില്‍ കുറിച്ചിരിക്കുന്നത്. സംഭവം പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നെറ്റിസണ്‍സിനിടയില്‍ ഡൈനിംഗ് മര്യാദയെക്കുറിച്ചുള്ള ചര്‍ച്ചകളും ഉടലെടുത്തു. വൈറലായ കുറിപ്പില്‍ അത്താഴ വിരുന്നിനിടയില്‍ മൂന്നാം തവണയും ഭക്ഷണം ചോദിച്ച തന്റെ പതിനാറുകാരിയായ മകള്‍ക്ക് തന്റെ സഹോദരി ഭക്ഷണം നിഷേധിച്ചതാണ് യുവാവ് വിവരിച്ചിരിക്കുന്നത്.
'ഇന്നലെ, എന്റെ സഹോദരി അവളുടെ വീട്ടില്‍ ഒരു കുടുംബ അത്താഴം സംഘടിപ്പിച്ചു. അവള്‍ ഒരു മികച്ച കുക്കാണ്. വിരുന്നിനായി ഒരു ടണ്‍ ഭക്ഷണമാണ് അവള്‍ ഉണ്ടാക്കിയത്' പതിനാറുകാരിയുടെ അച്ഛന്‍ റെഡ്ഡിറ്റില്‍ വിവരിച്ചുത്തുടങ്ങി. തന്റെ മകള്‍ തന്റെ രണ്ടാമത്തെ പ്ലേറ്റ് പൂര്‍ത്തിയാക്കിയ ശേഷം, തനിക്ക് മൂന്നാമത്തേത് ലഭിക്കുമോ എന്ന് ചോദിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. 'ഞാന്‍ സമ്മതം മൂളി. പക്ഷേ, എന്റെ സഹോദരി (അവളുടെ അമ്മായി) ഞെട്ടിയ ഭാവത്തോടെ അവളെ നോക്കി, 'മറ്റൊരു പ്ലേറ്റോ? എന്ന് പരുഷമായി ചോദിച്ചു'.
തന്റെ മകള്‍ രണ്ട് പാര്‍ട്ട് ജോലി ചെയ്യുന്നുണ്ടെന്നും അതിനാല്‍ രാത്രി 7, 8 മണിവരെ ഭക്ഷണം കഴിക്കാന്‍ കഴിയാറില്ലെന്നും അച്ഛന്‍ വിശദീകരിച്ചു. എന്നാല്‍ ഇത്രയൊക്കെ അവള്‍ ജോലി ചെയ്തിട്ടും മൂന്നാമതൊരു പ്ലേറ്റ് കൂടി ചോദിച്ചതിനാണ് തന്റെ സഹോദരി ഇത്തരത്തില്‍ പെരുമാറിയതെന്നാണ് അച്ഛന്‍ പറയുന്നത്.
'സഹോദരിയുടെ പ്രതികരണം കേട്ടപ്പോള്‍ ഞാന്‍ അവള്‍ക്ക് നേരെ തിരിഞ്ഞു. എന്റെ മകള്‍ ദിവസം മുഴുവന്‍ കഴിക്കാന്‍ ഒന്നുമില്ലാതെയാണ് ജോലി ചെയ്യുന്നത്. നിങ്ങള്‍ ടണ്‍ കണക്കിന് ഭക്ഷണം ഉണ്ടാക്കി, അവള്‍ക്ക് മറ്റൊരു പ്ലേറ്റ് ലഭിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചു. എന്നാല്‍ തന്റെ മകള്‍ക്ക് ഇത്രയും കൊടുക്കാന്‍ ഇത് തന്റെ വീടല്ലെന്ന് പറഞ്ഞ് എന്റെ സഹോദരി അലറാന്‍ തുടങ്ങി. ഇപ്പോള്‍ ഞാന്‍ അതിനോട് ഒരു പരിധിവരെ യോജിക്കുന്നു. ആലോചിക്കുമ്പോള്‍ ഞാന്‍ അങ്ങനെ ചോദിച്ചത് തെറ്റായിപോയി എന്ന് എനിക്ക് തോന്നുന്നു', അച്ഛന്‍ കുറിച്ചു.
സംഭവം വഷളായതോടെ മകള്‍ മൂന്നാമത്തെ പ്ലേറ്റ് എടുക്കാതെ അവിടെ നിന്നും മാറിനിന്നു. എന്നാല്‍ എന്റെ സഹോദരി വീണ്ടും എന്നോട് തട്ടിക്കയറാന്‍ തുടങ്ങി. തന്റെ മകളെ മര്യാദ പഠിപ്പിക്കേണ്ടതായിരുന്നു എന്നും മറ്റൊരാളുടെ വീട്ടില്‍ ഒന്നില്‍ കൂടുതല്‍ പ്ലേറ്റ് എടുക്കുന്നത് ശരിയല്ലെന്നും സഹോദരി പറഞ്ഞു. 'ഇത് കേട്ട് ഞാന്‍ എന്റെ സഹോദരിയോട് നീ ഒരു വീഡ്ഢിയാണെന്ന് പറഞ്ഞു. എങ്ങനെയോ ഞങ്ങളുടെ ശബ്ദം ഉയര്‍ന്നു, ചെറിയ കോണില്‍ നിന്ന് അമ്മ ഞങ്ങളെ കേള്‍ക്കാന്‍ തുടങ്ങി. അമ്മയാകട്ടെ സഹോദരിയുടെ പക്ഷം ചേര്‍ന്ന് സംസാരിച്ചു. എന്റെ മകള്‍ ഇത്രയധികം പ്ലേറ്റുകള്‍ കഴിക്കുന്നത് മോശമാണെന്ന് എന്റെ അമ്മയും പറഞ്ഞു', അച്ഛന്‍ വികാരഭരിതനായി.
ഈ സാഹചര്യത്തില്‍ തനിക്ക് തെറ്റ് പറ്റിയോ എന്ന് ചോദിച്ചുകൊണ്ടാണ് റെഡ്ഡിറ്റ് ഉപഭോക്താവ് കുറിപ്പ് പങ്കിട്ടത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വൈറലായ പോസ്റ്റിനോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തി. 'എല്ലാവര്‍ക്കും ഭക്ഷണം തികഞ്ഞായിരുന്നോ? ബാക്കി വന്ന ഭക്ഷണത്തില്‍ നിന്നാണോ മകള്‍ മൂന്നാമത് കഴിക്കാന്‍ വേണമെന്ന് പറഞ്ഞത്? ഒരു ഉപയോക്താവ് ചോദിച്ചു. 'ഞങ്ങളുടെ വീട്ടില്‍ ഞാന്‍ പലപ്പോഴും വലിയ വലിയ പാര്‍ട്ടികള്‍ നടത്താറുണ്ട്. ആരെങ്കിലും മൂന്നാം പ്ലേറ്റ് ചോദിച്ചാല്‍ ഞാന്‍ തലകറങ്ങി വീഴും. കാരണം അവര്‍ക്ക് എന്റെ ഭക്ഷണം ഇഷ്ടപ്പെട്ടതുകൊണ്ടല്ലേ വീണ്ടും ചോദിച്ചത്', മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
'അതിഥികള്‍ക്ക് എത്രമാത്രം ഭക്ഷണം കഴിക്കാമെന്ന് ഒരു മാന്യനായ ആതിഥേയന്‍ നിര്‍ദ്ദേശിക്കുന്നില്ല, പ്രത്യേകിച്ചും അത് ഒരു പ്ലേറ്റഡ് ഡിന്നര്‍ പാര്‍ട്ടി പോലെയല്ലെങ്കില്‍', മറ്റൊരാള്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മറ്റൊരു വ്യക്തി എഴുതിയത് 'നിങ്ങളുടെ കുട്ടിക്ക് ഭക്ഷണം നല്‍കുന്നതില്‍ ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങള്‍ പരാജയപ്പെടുകയാണ്, കൂടാതെ ദിവസം മുഴുവന്‍ ഭക്ഷണം അവള്‍ കഴിക്കാതെ ഇരിക്കുന്നത് എത്ര നിസാരമായിട്ടാണ് നിങ്ങള്‍ പറയുന്നത്? മാത്രമല്ല മൂന്ന് ഫുള്‍ പ്ലേറ്റുകള്‍ കഴിച്ച് ദിവസം മുഴുവന്‍ പോകുന്നത് എത്ര അനാരോഗ്യകരമാണ്', അദ്ദേഹം ചോദിച്ചു. 'നിങ്ങളുടെ വീടോ ഭക്ഷണമോ അല്ല. നിങ്ങളുടെ മകള്‍ മൂന്നാം തവണയും കഴിക്കാന്‍ ഒരുങ്ങുമ്പോള്‍ ബാക്കിയുള്ളവര്‍ക്ക് രണ്ട് തവണയെങ്കിലും കഴിക്കാനുണ്ടോ എന്ന് നോക്കണം', മറ്റൊരാള്‍ കുറിച്ചു.