NASA | ബഹിരാകാശത്ത് കറങ്ങുന്ന ഉപഗ്രഹാവശിഷ്ടങ്ങള്‍ ദിശതെറ്റി വീണത് കുടുംബവീടിന് മുകളില്‍; നാസയ്‌ക്കെതിരെ കേസ് കൊടുത്ത് വീട്ടുകാര്‍; നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത് 80,000 ഡോളര്‍
പതിച്ചത് ഫ് ളോറിഡയിലെ നേപിള്‍സില്‍ അലജാന്‍ഡ്രോ ഒടെറോയുടെ കുടുംബവീടിന് മുകളില്‍
വീട്ടില്‍ ആരുമില്ലാത്തതിനാല്‍ ജീവന് ആപത്തൊന്നും സംഭവിച്ചില്ല
മേല്‍കൂര തകര്‍ത്ത് അകത്ത് കടന്ന വസ്തു മുറിയുടെ വാതിലും തറയും അടക്കം തകര്‍ത്തു
ന്യൂയോര്‍ക്:(KVARTHA) കേസിന്റെ കാര്യത്തില്‍ വിട്ടുവാഴ്ചയൊന്നുമില്ല, മനുഷ്യര്‍ എറിഞ്ഞാലും മനുഷ്യര്‍ തൊടുത്തുവിട്ട സാധനങ്ങള്‍ സ്വയം വന്നുവീണാലും കേസ് കേസ് തന്നെ. അതുപോലെ തന്നെയാണ് മാലിന്യത്തിന്റെ കാര്യത്തിലും. അതില്‍ ഭൂമിയും ആകാശവും ഒരുപോലെ തന്നെ. ബഹിരാകാശത്ത് കറങ്ങുന്ന ഉപഗ്രഹാവശിഷ്ടങ്ങള്‍ ദിശതെറ്റി നേരെ ഭൂമിയിലേക്കെത്തി അത് മനുഷ്യ ജീവനോ വസ്തുവകകള്‍ക്കോ നാശനഷ്ടമുണ്ടാക്കി കേസിന് പിന്നാലെ പോവില്ലെന്ന ധാരണയുണ്ടെങ്കില്‍ തെറ്റി. കേസ് കൊടുക്കാവുന്ന വകുപ്പാണെങ്കില്‍ കൊടുക്കുക തന്നെ ചെയ്യും. അത്തരത്തിലുള്ള ഒരു സംഭവമാണ് കഴിഞ്ഞ മാര്‍ച് എട്ടിന് ഫ് ളോറഡിയില്‍ സംഭവിച്ചത്.
ഫ് ളോറിഡയിലെ നേപിള്‍സില്‍ അലജാന്‍ഡ്രോ ഒടെറോയുടെ കുടുംബവീടിന് മുകളില്‍ 1.6 പൗണ്ട് ഭാരമുള്ള സിലിന്‍ഡര്‍ ആകൃതിയിലുള്ള ലോഹവസ്തു വന്ന് പതിച്ചു. ഈ സമയം അലജാന്‍ഡ്രോ ഒടെറോയുടെ മകന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീടിന് കാര്യമായ കേടുപാടുകളും സംഭവിച്ചു. എന്നാല്‍ വീടിന് മുകളില്‍ വന്നുവീണത് എന്താണെന്നറിയാതെ വീട്ടുകാര്‍ ആശയക്കുഴപ്പത്തിലായി.
ഒടുവില്‍ വീണത് ബഹിരാകാശ നിലയത്തില്‍ നിന്ന് പുറന്തള്ളിയ ഉപകരണത്തിന്റെ ഭാഗമാണെന്ന് നാസ സ്ഥിരീകരിച്ചതോടെ വീട്ടുകാര്‍ കേസുകൊടുത്തു. 80,000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. മേല്‍കൂര തകര്‍ത്ത് അകത്ത് കടന്ന വസ്തു മുറിയുടെ വാതിലും തറയും അടക്കം തകര്‍ത്തിരുന്നു. 2021ല്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് പുറന്തള്ളിയതാണ് ഈ ഉപകരണം എന്നും നാസ സ്ഥിരീകരിച്ചു.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോള്‍ ഇത് പൂര്‍ണമായും കത്തിനശിക്കുമെന്ന പ്രതീക്ഷയിലായിരുന്നു നാസ. എന്നാല്‍ കത്തിതീരും മുമ്പേ ഉപഗ്രഹാവശിഷ്ടം വീടിന് മുകളില്‍ വന്ന് പതിച്ചു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റില്ലെങ്കിലും വീടിനുണ്ടായ നാശനഷ്ടവും വീട്ടുകാര്‍ക്കേറ്റ മാനസിക ആഘാതവും കണക്കിലെടുത്താണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാസയ്‌ക്കെതിരെ കേസ് കൊടുത്തിരിക്കുന്നതെന്ന് അലജാന്‍ഡ്രോയുടെ അഭിഭാഷകന്‍ മൈക്ക എന്‍ഗുയെന്‍ വര്‍ത്ത് പറഞ്ഞു.
വീട്ടുകാരെല്ലാം ഉള്ള സമയത്താണ് അപകടം സംഭവിച്ചതെങ്കില്‍ പരുക്കോ മരണമോ ഉറപ്പായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ബഹിരാകാശ അവശിഷ്ടങ്ങള്‍ ഭൂമിയില്‍ ജീവിക്കുന്നവര്‍ക്ക് ഭീഷണിയായേക്കാം എന്ന ആശങ്ക നിലനില്‍ക്കുന്ന കാലത്ത് ഇത്തരം സംഭവങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതിന് ഒരു അവബോധം സൃഷ്ടിക്കുക കൂടി കേസിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസിന് മറുപടി നല്‍കാന്‍ നാസയ്ക്ക് ആറ് മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. പ്രവര്‍ത്തനം അവസാനിപ്പിച്ച ലോഹനിര്‍മിതമായ ഉപഗ്രഹങ്ങള്‍, കത്താതെയും നശിക്കാതെയും ഭൂമിയെ ചുറ്റിക്കറങ്ങാറുണ്ട്. ഭൂമിക്ക് ചുറ്റും ഇത്തരത്തില്‍ ഏഴര ലക്ഷത്തിലധികം ലോഹഭാഗങ്ങള്‍ ഭ്രമണം ചെയ്യുന്നുണ്ടെന്നുള്ള കണക്കുകളാണ് പുറത്തുവരുന്നത്.