Jailed | 8 വര്‍ഷം മുന്‍പത്തെ കേസ് പൊല്ലാപ്പായി; കുടുംബത്തോടൊപ്പം ഉംറ വിസയിലെത്തിയ മുന്‍ ഇന്‍ഡ്യന്‍ പ്രവാസിക്ക് പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത് 28 ദിവസം; ഒടുവില്‍ നാട്ടിലേക്കുള്ള വഴി തുറന്നത് സാമൂഹിക പ്രവര്‍ത്തകരുടെ കാരുണ്യത്താല്‍

 


ദമാം: (www.kvartha.com) സ്‌പോണ്‍സറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് എട്ടു വര്‍ഷം മുന്‍പുണ്ടായ കേസില്‍പെട്ട് പൊല്ലാപ്പിലായി ഉംറ വിസയിലെത്തിയ മുന്‍ ഇന്‍ഡ്യന്‍ പ്രവാസി. ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന് പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത് 28 ദിവസം. സഊദിയിലിരിക്കെ നേരത്തെ ഉണ്ടായിരുന്ന കേസ് തീര്‍പ്പാകാതിരുന്നതാണ് ഇദ്ദേഹത്തിന് വിനയായതെന്ന് പൊലീസ് പറയുന്നു. തെലങ്കാന, ഹൈദരാബാദ് സുല്‍ത്വാന്‍ ഷാഹി സ്വദേശി ഗൂസ് ഖാന്(63) ആണ് ഉംറ നിര്‍വഹിക്കാന്‍ കുടുംബത്തോടൊപ്പം എത്തിയപ്പോള്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നത്.

സഊദിയില്‍ നേരത്തെ ഏതെങ്കിലും വിസയിലെത്തി ജോലി ചെയ്തശേഷം തിരിച്ചു പോയവര്‍ക്ക് പഴയ ഏതെങ്കിലും കേസുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍, പിന്നീട് ഇതറിയാതെ ഉംറ, ഹജ്ജ്, തുടങ്ങിയ വിസകളില്‍ തിരിച്ചു വരുമ്പോള്‍ കുടുക്കിലാകും എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഗൂസ് ഖാന്‍ എന്ന് ഇദ്ദേഹത്തെ നാട്ടിലെത്തിക്കാന്‍ സഹായിച്ച സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്ന ഇദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാനുള്ള വഴി തെളിയിച്ചത് സാമൂഹിക പ്രവര്‍ത്തകരും ഇന്‍ഡ്യന്‍ എംബസി ജീവകാരുണ്യ വൊളന്റിയര്‍മാരായ മണിക്കുട്ടന്‍ പദ്‌നാഭനും മഞ്ജു മണിക്കുട്ടനും ആണ്. ഇവര്‍ ഇതിന് ഏറെ പണിപ്പെടുകയും ചെയ്തു. Jailed | 8 വര്‍ഷം മുന്‍പത്തെ കേസ് പൊല്ലാപ്പായി; കുടുംബത്തോടൊപ്പം ഉംറ വിസയിലെത്തിയ മുന്‍ ഇന്‍ഡ്യന്‍ പ്രവാസിക്ക് പൊലീസ് കസ്റ്റഡിയില്‍ കഴിയേണ്ടി വന്നത് 28 ദിവസം; ഒടുവില്‍ നാട്ടിലേക്കുള്ള വഴി തുറന്നത് സാമൂഹിക പ്രവര്‍ത്തകരുടെ കാരുണ്യത്താല്‍

സംഭവത്തെ കുറിച്ച് അധികൃതര്‍ പറയുന്നത്:

ഒരു മാസം മുന്‍പ് കുടുംബത്തോടൊപ്പം സഊദിയില്‍ ഉംറക്കെത്തിയതായിരുന്നു ഗൂസ് ഖാന്‍. ജിദ്ദ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ തന്നെ എമിഗ്രേഷന്‍ അധികൃതര്‍ അദ്ദേഹത്തെ തടഞ്ഞു വച്ചു പൊലീസിനെ ഏല്‍പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ പേരില്‍ ദമാം അല്‍ ഖോബാര്‍ പൊലീസില്‍ കേസ് ഉണ്ടെന്നാണ് കാരണം പറഞ്ഞത്. തുടര്‍ന്ന് ജിദ്ദ എയര്‍പോര്‍ടില്‍ നിന്ന് പൊലീസ് ഗൂസ് ഖാനെ ഖോബാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

കിഴക്കന്‍ പ്രവിശ്യയിലെ ദഹ് റാറിനെ സ്വദേശിയുടെ ഹൗസ് ഡ്രൈവറായിരുന്ന ഗൂസ്ഖാന്‍ എട്ടുവര്‍ഷം മുന്‍പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയതായിരുന്നു ഇദ്ദേഹം. നാട്ടില്‍ പോകുന്ന സമയത്ത് ശമ്പളം കിട്ടാത്തതു സംബന്ധിച്ച് ഉണ്ടായ കശപിശയില്‍ സ്‌പോണ്‍സര്‍ കൊടുത്തിരുന്ന കേസാണ് വിനയായത്. 

കസ്റ്റഡിയില്‍ കഴിഞ്ഞ വേളയില്‍ ഇദ്ദേഹത്തിന്റെ കുടുംബം ഉംറ കഴിഞ്ഞു തിരിച്ചു പോയിരുന്നു. ജാമ്യത്തിലിറക്കാന്‍ സഊദിയില്‍ കാര്യമായ ബന്ധങ്ങളൊന്നുമില്ലാത്ത ഇയാളെകുറിച്ച് ഒടുവില്‍ പൊലീസ് തന്നെ സാമൂഹിക പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് കേസ് അവസാനിപ്പിച്ചപ്പോഴേക്കും ഉംറ വിസയുടെ കാലവധി അവസാനിച്ചിരുന്നത് കൊണ്ട് വീണ്ടും തര്‍ഹീല്‍ മുഖാന്തിരം എക്‌സിറ്റ് അടിച്ചു. 

ഗൂസ് ഖാനെ രണ്ടു ദിവസത്തിനുള്ളില്‍ തങ്ങള്‍ നാട്ടില്‍ കയറ്റി വിട്ടുകൊള്ളാമെന്ന ഉറപ്പ് നല്‍കിയാണ് അല്‍ ഖോബാര്‍ പൊലീസില്‍ നിന്ന് സാമൂഹിക പ്രവര്‍ത്തകര്‍ ജാമ്യത്തില്‍ എടുത്തത്. ഇദ്ദേഹത്തിന് ഹൈദരാബാദ് ഷാലിമാര്‍ ഹോടെല്‍ ഭക്ഷണവും എറണാകുളം ജില്ലാ അസോസിയേഷന്‍ ഭാരവാഹി അശ്‌റഫ്, കാസര്‍കോട് സ്വദേശി മുഹമ്മദ് എന്നിവര്‍ താമസവും മറ്റു സൗകര്യങ്ങളും ഒരുക്കി. വിവരങ്ങളിറഞ്ഞ് ജിദ്ദയിലുണ്ടായിരുന്ന ബന്ധു ടികറ്റ് എടുത്തും നല്‍കിയതോടെയാണ് മടക്കയാത്രയ്ക്ക് വഴിതെളിഞ്ഞത്. പൊലീസ് പറഞ്ഞ സമയ പരിധിക്കുള്ളില്‍ തന്നെ ദമാം രാജ്യാന്തരവിമാനത്താവളം വഴി ഹൈദരാബാദിലേക്ക് യാത്രയായി.

മുന്‍പും ഇത്തരത്തില്‍ നിയമപ്രശ്‌നത്തില്‍പ്പെട്ട പലരേയും നാട്ടിലേക്ക് മടങ്ങുവാന്‍ സഹായിച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഒരു അഭ്യര്‍ഥന മാത്രമാണുള്ളത്, വിസ തീര്‍ന്ന് നാട്ടിലേക്കു മടങ്ങുമ്പോള്‍ എതെങ്കിലും നിയമകുഴപ്പത്തിലോ നിയമലംഘനത്തിലോ കേസിലോ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ അത് അവസാനിപ്പിച്ചതിന്റെ നിയമപരമായ പൊലീസ് ക്ലീയറന്‍സ് രേഖ കരസ്ഥമാക്കണം. വീണ്ടും സഊദിയിലേക്ക് വരുവാന്‍ ആഗ്രഹിക്കുന്ന പക്ഷം തങ്ങളുടെ പേരില്‍ മറ്റു കേസുകളൊന്നും ഇല്ലെന്നുള്ള പൊലീസ് ക്ലീയറന്‍സ് രേഖകള്‍ കൈവശം കരുതുന്നത് ഇത്തരം കുഴപ്പങ്ങളില്‍ പെടാതിരിക്കുന്നതിനും ഉപകാരപ്പെടുമെന്ന് മണിക്കുട്ടന്‍ പത്മനാഭനും മഞ്ജു മണിക്കുട്ടനും പറഞ്ഞു.

Keywords: Expatriate spends 28 days in Saudi Arabian jail for 8 year old case, Saudi Arabia, Dammam, Expatriate Spends 28 Days In Saudi Arabian Jail, Police Custody, Umra Visa, Family, Social Workers, Case, News, Airport, World News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia