Criticism | രോഗാവധിക്ക് അഭ്യര്‍ത്ഥിച്ചിട്ടും മാനേജര്‍ നല്‍കിയില്ല: പിന്നാലെ 30 വയസ്സുള്ള ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു 

 
Employee Dies After Being Denied Sick Leave
Employee Dies After Being Denied Sick Leave

Representational image generated by Meta AI

● അവധി അനുവദിക്കാത്തതിനെ തുടർന്ന് ആരോഗ്യം വഷളായി.
● കമ്പനി അന്വേഷണം ആരംഭിച്ചു.

ബാങ്കോക്: (KVARTHA) കോര്‍പറേറ്റ് മേഖലകളിലെ ജോലി ഭാരവും സമ്മര്‍ദ്ദവും മൂലം ജീവനക്കാര്‍ മരിക്കുന്നത് നിത്യ സംഭവമായിമാറിക്കൊണ്ടിരിക്കുകയാണ്. ഈ അടുത്തകാലത്തായി നിരവധി മരണങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. മരണനിരക്ക് വര്‍ധിച്ചതോടെ കോര്‍പറേറ്റ് ജോലി മേഖലകള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ലോകത്തിന്റെ പലഭാഗത്തുനിന്നും ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. 

ലോകമെമ്പാടും തൊഴില്‍-ജീവിത സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ഇത്തരം ചര്‍ച്ചകള്‍ വളരുന്ന സമയത്താണ് ഞെട്ടിക്കുന്ന ഒരു സംഭവം തായ്ലന്‍ഡില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 30 വയസ്സുള്ള ഒരു കമ്പനി ജീവനക്കാരി ജോലിസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ച വാര്‍ത്തയാണിത്. രോഗാവധിയ്ക്കുവേണ്ടി അപേക്ഷിച്ചിട്ടും ജീവനക്കാരിയുടെ ബോസ് അവധിക്ക് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് അസുഖാവസ്ഥയില്‍ കമ്പനിയിലെത്തിയ ജീവനക്കാരി കുഴഞ്ഞുവീഴുകയും പിറ്റേ ദിവസം മരിക്കുകയുമായിരുന്നു. 

തായ്ലന്‍ഡിലെ സമുത് പ്രകാന്‍ പ്രവിശ്യയിലെ ഇലക്ട്രോണിക്‌സ് പ്ലാന്റിലെ ജീവനക്കാരിയാണ് 30 കാരിയായ 'മേ' എന്ന് പേരുള്ള ഈ യുവതിയെന്ന് ബാങ്കോക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വന്‍കുടലില്‍ വീക്കം സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മേ സെപ്റ്റംബര്‍ അഞ്ച്‌ മുതല്‍ ഒന്‍പത്‌ വരെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ച് അവധിയെടുത്തത്. എന്നാല്‍ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മേ നാല് ദിവസം ആശുപത്രിയില്‍ ചിലവഴിച്ചു. ഡിസ്ചാര്‍ജ് ചെയ്ത ശേഷം, വീട്ടിലെത്തിയിട്ടും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെതുടര്‍ന്ന് രണ്ട് ദിവസം കൂടി മേ അവധിയെടുത്തിരുന്നു. 

തുടര്‍ന്ന്  സെപ്തംബര്‍ 12-ന് വൈകുന്നേരം, മേയുടെ അവസ്ഥ കൂടുതല്‍ വഷളായതിനെ തുടര്‍ന്നാണ് മറ്റൊരു ദിവസത്തെ അസുഖ അവധിക്കായി മാനേജരോട് അഭ്യര്‍ത്ഥിച്ചത്. ഇത്രയും ദിവസത്തെ അസുഖ അവധി എടുത്തതിനാല്‍ ജോലിക്ക് വരണമെന്നും മറ്റൊരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും അവളുടെ മാനേജര്‍ അറിയിച്ചു. എന്നാല്‍ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്‍, മേ സെപ്തംബര്‍ 13-ന് ജോലിയില്‍ പ്രവേശിച്ചു. പക്ഷേ വെറും 20 മിനിറ്റ് ജോലി ചെയ്ത ശേഷം അവള്‍ കുഴഞ്ഞുവീണതായി മേയുടെ സുഹൃത്ത് വെളുപ്പെടുത്തി. 

ഉടന്‍ തന്നെ മേയെ ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം അവള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മേയുടെ മരണത്തിന് പിന്നാലെ സെപ്തംബര്‍ 17 ന്  തൊഴിലുടമ ഡെല്‍റ്റ ഇലക്ട്രോണിക്‌സ് തായ്ലന്‍ഡ് അവളുടെ മരണത്തെക്കുറിച്ച് ഒരു പ്രസ്താവന പങ്കിടുകയുണ്ടായി. തങ്ങളുടെ ജീവനക്കാരന്റെ നഷ്ടം തങ്ങളെ തകര്‍ത്തുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്. 

'ഡെല്‍റ്റ ഇലക്ട്രോണിക്സില്‍, ഞങ്ങളുടെ ആളുകളാണ് ഞങ്ങളുടെ വിജയത്തിന്റെ അടിത്തറ, ഈ നഷ്ടത്തില്‍ ഞങ്ങള്‍ തകര്‍ന്നിരിക്കുന്നു. ഈ ശ്രമകരമായ സമയത്ത് ജീവനക്കാരന്റെ കുടുംബത്തിന് അചഞ്ചലമായ പിന്തുണ നല്‍കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന, 'ഡെല്‍റ്റ ഇലക്ട്രോണിക്‌സ് (തായ്ലന്‍ഡ്) പിസിഎല്‍ സിഇഒ വിക്ടര്‍ ചെങ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. 'ഈ സംഭവവുമായി ബന്ധപ്പെട്ട വസ്തുതകള്‍ സ്ഥാപിക്കാന്‍ കമ്പനി സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡെല്‍റ്റ ഇലക്ട്രോണിക്സ് സുതാര്യതയ്ക്കും ഉത്തരവാദിത്തത്തിനും പ്രതിജ്ഞാബദ്ധമാണ്, കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പ്രസക്തമായ എല്ലാ കക്ഷികളെയും അറിയിക്കും,' പ്രസ്താവനയില്‍ അദ്ദേഹം വ്യക്തമാക്കി.

#Thailand #employeedeath #sickleave #corporate #overwork #health #justice #investigation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia