Twitter | ട്വിറ്റര്‍ സിഇഒയും സിഎഫ്ഒയും ഉള്‍പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇലോണ്‍ മസ്‌ക് പിരിച്ചുവിട്ടു
Oct 28, 2022, 10:18 IST
ADVERTISEMENT
സാന്‍ഫ്രാന്‍സിസ്‌കോ: (www.kvartha.com) 44 ബില്യന്‍ ഡോളറിന്റെ കരാറോടെ സമൂഹമാധ്യമ കംപനിയായ ട്വിറ്ററിന്റെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ ടെസ്ല സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് പിന്നാലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ട്വിറ്റര്‍ സിഇഒ പരാഗ് അഗര്‍വാളിനെക്കൂടാതെ കംപനിയുടെ സിഎഫ്ഒ, ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാവി, ലീഗല്‍ പോളിസി എന്നിവരെ മസ്‌ക് സ്ഥാനത്ത് നിന്ന് നീക്കിയതായും യുഎസ് മാധ്യമമായ വാഷിങ്ടന്‍ പോസ്റ്റ് റിപോര്‍ട് ചെയ്തു.
കോടതി നിര്‍ദേശിച്ചത് പ്രകാരം കരാര്‍ നടപ്പാക്കാനുള്ള കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോഴാണ് മസ്‌കിന്റെ നടപടികള്‍. ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍നിന്ന് പിന്നോക്കം പോയ മസ്‌കിനെ കോടതിയില്‍ നേരിട്ടത് പരാഗിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
വ്യാഴാഴ്ച ട്വിറ്ററില്‍ തന്റെ ബയോ 'ചീഫ് ട്വീറ്റ്' എന്ന് മസ്‌ക് മാറ്റിയിരുന്നു. ഏറ്റെടുക്കലിന്റെ ഭാഗമായി സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഉള്ള ട്വിറ്ററിന്റെ ആസ്ഥാനവും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ബുധനാഴ്ച, ഒരു സിങ്കുമായാണ് മസ്‌ക് ട്വിറ്റര്‍ ആസ്ഥാനത്ത് എത്തിയത്. പുതിയ ഉത്തരവാദിത്വവുമായി പൊരുത്തപ്പെടുന്നതിനാണ് (സിങ്ക്ഇന്‍) സിങ്കുമായി എത്തിയതെന്ന് വീഡിയോ പങ്കുവച്ച് മസ്‌ക് പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ മസ്‌കിന്റെ മാസ് എന്‍ട്രി വൈറലുമായിരുന്നു.
കഴിഞ്ഞ ഏപ്രിലിലാണ് ട്വിറ്റര്‍ വാങ്ങുന്നുവെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചത്. 3.67ലക്ഷം കോടി രൂപയുടേതായിരുന്നു കരാര്‍. എന്നാല്‍ ജൂലൈ മാസത്തോടെ കരാറില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് പ്രഖ്യാപിച്ചത് വലിയ കോളിളക്കമുണ്ടാക്കിയത്. ട്വിറ്റര്‍ നേതൃത്വം കരാര്‍ ലംഘിച്ചെന്നും വ്യാജ അകൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകള്‍ നല്‍കിയില്ലെന്നും ആരോപിച്ചായിരുന്നു പിന്മാറ്റം. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് കരാറില്‍ നിന്ന് പിന്മാറാന്‍ മസ്‌ക് ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും നിയമപോരാട്ടം ആരംഭിച്ചു. ഇതിനിടെയാണ് കരാറുമായി മുന്നോട്ടുപോകുമെന്ന് ഇലോണ്‍ മസ്‌ക് അറിയിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

