കേരളത്തില്‍ നിന്ന് അള്‍ജീരിയയിലേക്കും മനുഷ്യക്കടത്ത്

 


ADVERTISEMENT


കേരളത്തില്‍ നിന്ന്  അള്‍ജീരിയയിലേക്കും മനുഷ്യക്കടത്ത്
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രമല്ല കേരളത്തില്‍ നിന്ന് മനുഷ്യക്കടത്തെന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് യുവതികളെ കയറ്റിയയക്കുന്ന വാര്‍ത്തകള്‍ക്ക് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം വെളിച്ചത്താവുന്നത്. അള്‍ജീരിയയിലേക്കാണ് കേരളത്തില്‍ നിന്ന് മനുഷ്യക്കടത്ത്. മലയാളികള്‍ അടക്കമുള്ള മുന്നൂറോളം പേരാണ് അള്‍ജീരിയയില്‍ ട്രാവല്‍ ഏജന്‍സികളുടെ തട്ടിപ്പിനിരയായി കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ മലയാളികളായ എട്ടുപേര്‍ ജയിലിലാണ്.

കൊച്ചി ആസ്ഥാനമായുള്ള മലബാര്‍കോസ്റ്റ്, എം.എസ്. അരവിന്ദ് എന്നീ രണ്ട് ഏജന്‍സികളാണ് വന്‍ ശമ്പളം വാഗ്ദാനംചെയ്ത്  അള്‍ജീരിയയിലേക്ക് മനുഷ്യക്കടത്ത് നടത്തിയത്. അള്‍ജീരിയയിലെ ഡോങ്കിള്‍ ഇന്‍ഡസ്ട്രി കോ എന്ന കമ്പനിക്ക് വേണ്ടിയാണ് ഇവര്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തത്. പത്ത് മാസമായി അള്‍ജീരിയയില്‍ എത്തിപ്പെട്ട മലയാളികള്‍ക്ക് അടിമപ്പണിയായിരുന്നു.

തട്ടിപ്പ് പുറത്തായതോടെ ഈ രണ്ട് ഏജന്‍സികളുടെ റിക്രൂട്ടിംഗ് അംഗീകാരം കേന്ദ്ര പ്രവാസി മന്ത്രാലയം റദ്ദാക്കിയിരുന്നു. ലൈസന്‍സ് റദ്ദാക്കിയിട്ടും റിക്രൂട്ടിംഗ് നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ രണ്ട് റിക്രൂട്ടിംഗ് ഏജന്‍സി ഉടമസ്ഥര്‍ക്കെതിരെ അറസ്റ്റ് അടക്കമുള്ള നിയമനടപടികള്‍ എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍  രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

മതിയായ ഭക്ഷണവും വെള്ളവും പോലും നല്‍കാതെയാണ് തങ്ങളെ കമ്പനി തടവില്‍ അടിമപ്പണിക്കുവേണ്ടി പാര്‍പ്പിച്ചിരിക്കുന്നതെന്ന് തട്ടിപ്പിനിരയാവര്‍ പറഞ്ഞു.  നിരവധി മലയാളികള്‍ ഇപ്പോഴും കമ്പനിയില്‍ അടിമവേല ചെയ്യുകയാണ്. ജോലിക്ക് വേതനം ചോദിച്ച തൊഴിലാളികളെ തീവ്രവാദികള്‍ എന്നുപറഞ്ഞ് കമ്പനി അധികൃതര്‍ പൊലീസിന് കൈമാറുകയാണ് ചെയ്യുന്നത്. നിലവില്‍ എട്ട് മലയാളികള്‍ ഇതിനെ തുടര്‍ന്ന് ജയിലിലായിട്ടുണ്ട്. അള്‍ജീരിയയിലെ സിക്ക്ഡ എന്ന സ്ഥലത്താണ് മലയാളികള്‍ കുടുങ്ങിക്കിടക്കുന്നത്.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia