Accident | പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ബോയിങ് 757 യാത്രാവിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചു;യാത്രക്കാരെല്ലാം സുരക്ഷിതര്‍
Jan 24, 2024, 17:01 IST
അറ്റ്ലാന്റ (യു എസ്): (KVARTHA) പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ബോയിങ് 757 യാത്രാവിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചു. ഒഴിവായത് വന്‍ അപകടം. അപകടത്തില്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും പരുക്കില്ലെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (FAA) പ്രസ്താവനയില്‍ അറിയിച്ചു.
യു എസിലെ ജോര്‍ജിയ സംസ്ഥാനത്തെ അറ്റ്ലാന്റയിലുള്ള ഹാര്‍ട് സ് ഫീല്‍ഡ്-ജാക്സണ്‍ അറ്റ്ലാന്റാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ശനിയാഴ്ച രാവിലെ പ്രാദേശികസമയം 11:15-നാണ് അപകടം നടന്നത്. ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് 184 യാത്രക്കാരും ആറ് ജീവനക്കാരും ആണ് വിമാനത്തിലുണ്ടായിരുന്നത്.
കൊളംബിയയിലെ ബൊഗോട്ടയിലുള്ള എല്‍ ഡൊറാഡോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറന്നുയരുന്നതിനിടെയാണ് ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ഡി എ എല്‍ 982 വിമാനത്തിന്റെ മുന്‍ചക്രം ഊരിത്തെറിച്ചത്. ചക്രം റണ്‍വേയുടെ അതിര്‍ത്തി കടന്ന് ഉരുണ്ടുപോയി.
സംഭവസമയത്തെ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളും (ATC) വിമാനത്തിന്റെ പൈലറ്റും തമ്മിലുള്ള ആശയവിനിമയത്തിന്റെ ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ചക്രം ഊരിത്തെറിച്ചതായി എ ടി സി പൈലറ്റിന് വിവരം നല്‍കുന്നത് ശബ്ദരേഖയില്‍ കേള്‍ക്കാം. എഫ് എ എയുടെ റിപോര്‍ടിന്റെ ഭാഗമാണ് ഈ ശബ്ദരേഖ.
സംഭവത്തിന് പിന്നാലെ യാത്രക്കാരേയും അവരുടെ ലഗേജുകളും ബസില്‍ വിമാനത്താവളത്തിന്റെ ടെര്‍മിനലിലേക്ക് തിരികെ കൊണ്ടുപോവുകയും ഇവരെ പിന്നീട് മറ്റൊരു വിമാനത്തില്‍ ബൊഗോട്ടയിലേക്ക് കൊണ്ടുപോവുകയും ചെയ്തതായി എഫ് എ എ റിപോര്‍ടില്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ബുദ്ധിമുട്ട് നേരിട്ടതില്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായി ഡെല്‍റ്റ എയര്‍ലൈന്‍സ് അറിയിച്ചു.
എന്നാല്‍ അപകടത്തെ കുറിച്ച് വിമാനനിര്‍മാണ കംപനിയായ ബോയിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ മാസം ആദ്യം പറന്നുയര്‍ന്നതിന് പിന്നാലെ അടിയന്തര വാതില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ബോയിങ് വിമാനങ്ങളില്‍ പരിശോധന നടത്താന്‍ വ്യോമയാന ഏജന്‍സികള്‍ നിര്‍ദേശം നല്‍കിയിരുന്നു.
ബോയിങ് 737-9 മാക്സ് വിമാനങ്ങളാണ് പരിശോധിക്കാന്‍ നിര്‍ദേശിച്ചത്. യു എസിലെ അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന്റെ അടിയന്തര സുരക്ഷാ വാതിലാണ് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നത്. ഈ സമയത്തെ വിമാനത്തിനകത്തുനിന്നുള്ള ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനത്തിന്റെ ഇടതുഭാഗത്തെ പ്രധാന ലാന്‍ഡിങ് ചക്രം തകരുകയും തീ പിടിക്കുകയും ചെയ്ത സംഭവവും നടന്നിരുന്നു. 190 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെ ഉടന്‍ വിമാനത്തില്‍നിന്ന് പുറത്തിറക്കി. അപകടത്തില്‍ ഒരു യാത്രക്കാരന് പരുക്കേറ്റിരുന്നു.
Keywords: Delta Air Lines Boeing 757 loses nose wheel while preparing for takeoff in Atlanta, US, News, Delta Air Lines Loses Nose Wheel, Passengers, Pilot, Video, Statement, Report, Flight, World News.A WHEEL FLEW OFF A BOEING 757 IN ATLANTA YESTERDAY $BA pic.twitter.com/zjhTpZLZnG
— The_Real_Fly (@The_Real_Fly) January 23, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.