Manama Fire | മനാമ മാര്‍കറ്റിലെ തീപ്പിടിത്തത്തിലുണ്ടായത് കനത്ത നാശനഷ്ടം; കെട്ടിടങ്ങളില്‍നിന്ന് 3 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു; പരുക്കേറ്റ 6 പേര്‍ ചികിത്സയില്‍
മലയാളികളുടെ വ്യാപാര സ്ഥാപനങ്ങളടക്കം പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്
തീപ്പിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തും
മനാമ: (KVARTHA) ഇക്കഴിഞ്ഞ ബുധനാഴ്ച ഓള്‍ഡ് മനാമ മാര്‍കറ്റിലുണ്ടായ തീപ്പിടിത്തത്തിലുണ്ടായത് കനത്ത നാശനഷ്ടമെന്ന് അധികൃതര്‍. തീപിടിച്ച കെട്ടിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. ഇതില്‍ രണ്ട് സ്ത്രീകളും ഉള്‍പെട്ടിട്ടുണ്ട്. ശൈഖ് അബ്ദുല്ല റോഡിലെ ബ്ലോക് 432ല്‍ സിറ്റി മാക്‌സ് ഷോപിന് പിറകിലുള്ള ഷോപുകളിലാണ് ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ തീപ്പിടിത്തമുണ്ടായത്. മലയാളികളുടെ വ്യാപാര സ്ഥാപനങ്ങളടക്കം 25 സ്ഥാപനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.
തീ അണച്ചശേഷം സിവില്‍ ഡിഫന്‍സ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തീപ്പിടിത്തത്തില്‍ പരുക്കേറ്റ ആറുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തീ പിടിച്ച കെട്ടിടത്തില്‍ നിന്ന് ചാടിയവരും പുക ശ്വസിച്ച് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടവരുമാണ് ചികിത്സയില്‍ കഴിയുന്നത്. ആളിപ്പടര്‍ന്ന തീ അടുത്തടുത്തുള്ള വ്യാപാരസ്ഥാപനങ്ങളിലേക്ക് പടര്‍ന്നാണ് നാശനഷ്ടത്തിന്റെ തോത് വര്‍ധിച്ചത്. സിവില്‍ ഡിഫന്‍സും പൊലീസ് അധികൃതരും സമീപ പ്രദേശങ്ങളിലുള്ള ആളുകളെ ഒഴിപ്പിക്കുകയും റോഡുകള്‍ ബ്ലോക് ചെയ്യുകയും ചെയ്തു.
വസ്ത്ര ഷോപുകളും ചെരിപ്പുകടകളും പെര്‍ഫ്യും ഷോപുകളുമടക്കം നിരവധി സ്ഥാപനങ്ങളാണ് സൂഖില്‍ പ്രവര്‍ത്തിക്കുന്നത്. പല കടകളും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് ഉടനടി സ്ഥലത്തെത്തി തീയണക്കാനുള്ള തീവ്രശ്രമം നടത്തുകയും പുലര്‍ചെയോടെ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുകയുമായിരുന്നു.
തീപ്പിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തും.