Tragedy | ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളിൽ വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചു; നിരവധി പേർ കൊല്ലപ്പെട്ടു
● ഒമ്പത് പേർ കൊല്ലപ്പെട്ടു, നൂറുകണക്കിന് പേർക്ക് പരിക്കേറ്റു.
● ബേറൂത്ത്, ബൈക്കാ വാലി, ദക്ഷിണ ലെബനൻ എന്നീ പ്രദേശങ്ങളിലാണ് സംഭവം.
ബേറൂത്ത്: (KVARTHA) ലെബനനിലെ ഹിസ്ബുല്ല ശക്തികേന്ദ്രങ്ങളിൽ വ്യാപകമായ സ്ഫോടനങ്ങൾ ഉണ്ടായതിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ബുധനാഴ്ച ബേറൂത്ത്, ബൈക്കാ വാലി, ദക്ഷിണ ലെബനൻ എന്നീ പ്രദേശങ്ങളിലാണ് വാക്കി ടോക്കികൾ പൊട്ടിത്തെറിച്ച് സ്ഫോടനങ്ങൾ ഉണ്ടായത്. റിപ്പോർട്ടുകളനുസരിച്ച് ഹിസ്ബുല്ല നേതാക്കളുടെ സംസ്‌കാരച്ചടങ്ങിനിടെയാണ് സ്ഫോടനം നടന്നത്.
സ്ഫോടനത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഹിസ്ബുല്ല നേതാക്കളുടെ കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. എത്ര വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചു എന്ന കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല.
ഇതിന് മുൻപ്, ചൊവ്വാഴ്ച ലെബനന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ സ്ഫോടനങ്ങളിൽ പന്ത്രണ്ട് പേർ കൊല്ലപ്പെടുകയും 2,800- ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പേജർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലാണ് സ്ഫോടനം ഉണ്ടായത്. ഈ ആക്രമണത്തിൽ ഹിസ്ബുല്ല അംഗങ്ങൾക്കാണ് കൂടുതലും പരിക്കേറ്റത്. ഇരുനൂറിലേറെപ്പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ചൊവ്വാഴ്ച ഉണ്ടായ ആക്രമണത്തിൽ മിക്കവർക്കും മുഖം, കൈകൾ, വയറ് എന്നീ ശരീരഭാഗങ്ങൾക്കാണ് ഗുരുതരമായ പരിക്കേറ്റിരിക്കുന്നത്. ഹിസ്ബുല്ല പാർലമെന്റ് അംഗങ്ങളായ അലി അമ്മാർ, ഹസ്സൻ ഫദല്ല എന്നിവരുടെ മക്കളും ഒരു ഹിസ്ബുല്ല അംഗത്തിന്റെ പത്തു വയസ്സുള്ള മകളും ഈ ആക്രമണത്തിൽ മരണമടഞ്ഞു. ലെബനനിലെ ഇറാൻ അംബാസിഡർ മുജ്തബ അമാനിയും ഗുരുതരമായി പരിക്കേറ്റവരിൽ ഒരാളാണ്.
ലെബനോനിലെ ഒരു സായുധ സംഘമാണ് ഇറാനെ പിന്തുണയ്ക്കുന്ന ഹിസ്ബുല്ല. ഇസ്റാഈൽ, ഹിസ്ബുല്ല തമ്മിലുള്ള സംഘർഷം വീണ്ടും വഷളാകുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇസ്റാഈൽ ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ സ്ഫോടനങ്ങൾ ഉണ്ടായതെന്നാണ് നിരീക്ഷകർ പറയുന്നത്.
#Lebanon #Hezbollah #explosion #MiddleEast #attack #Beirut #BreakingNews #WorldNews