'ആഡംബര ഹോടെലില്‍വച്ച് ഗ്രീന്‍ ടീയില്‍ റേഡിയോ ആക്ടീവ് വിഷവസ്തുവായ പൊളോണിയം കലര്‍ത്തി നല്‍കി'; അലക്‌സാണ്ടര്‍ ലിത്വിനെങ്കോയെന്ന മുന്‍ റഷ്യന്‍ ചാരനെ കൊന്നത് റഷ്യന്‍ ഭരണകൂടം തന്നെയെന്ന് യുറോപ്യന്‍ മനുഷ്യാവകാശ കോടതി, വിധവയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
Sep 22, 2021, 12:12 IST
ലന്‍ഡന്‍: (www.kvartha.com 22.09.2021) മുന്‍ റഷ്യന്‍ അലക്‌സാണ്ടര്‍ ലിത്വിനെങ്കോയെ കൊന്നത് റഷ്യന്‍ ഭരണകൂടം തന്നെയെന്ന് യുറോപ്യന്‍ മനുഷ്യാവകാശ കോടതി വിധിച്ചു. ലന്‍ഡനിലെ ആഡംബര ഹോടെലില്‍ ലിത്വിനെങ്കോയെ കാണാനെത്തിയവര്‍ അദ്ദേഹമറിയാതെ ഗ്രീന്‍ ടീയില്‍ റേഡിയോ ആക്ടീവ് വിഷവസ്തുവായ പൊളോണിയം 210 കലര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.
2006 ല്‍ ലന്‍ഡനില്‍ നടന്ന മരണവുമായി ബന്ധപ്പെട്ട് ലിത്വിനെങ്കോയുടെ വിധവ മറീന നല്‍കിയ കേസാണിത്. കൊലപാതകത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ പങ്ക് തുടക്കം മുതല്‍ ആരോപിക്കപ്പെട്ടിരുന്നു. മരണത്തിന് മുന്‍പ് ലിത്വിനെങ്കോ തന്നെ പുടിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു.
റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കെ ജി ബിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലിത്വിനെങ്കോയെ മിലേനിയം ഹോടെലില്‍ കാണാനെത്തിയവര്‍ അദ്ദേഹത്തിന്റെ ചായയില്‍ വിഷം കലര്‍ത്തുകയായിരുന്നെന്ന് ബ്രിടിഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ 2016 ല്‍ കണ്ടെത്തിയിരുന്നു. ഗുരുതരാവസ്ഥയിലായ ലിത്വിനെങ്കോ മൂന്ന് ആഴ്ചകള്‍ക്കുശേഷം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്.
ലിത്വിനെങ്കോയെ സന്ദര്‍ശിച്ച കെ ജി ബി മുന്‍ ജീവനക്കാരനായ ആന്ദ്രെ ലുഗോവോയും മറ്റൊരു റഷ്യക്കാരന്‍ ദിമിത്രി കോവ്തനും ഈ കൃത്യം നടത്തിയത് ഭരണകൂടത്തിന്റെ ഏജന്റുമാരായിട്ടാണെന്നാണ് ബ്രിടിഷ് ഉദ്യോഗസ്ഥരുടെ നിഗമനം ശരിവച്ചുകൊണ്ട് യൂറോപ്യന്‍ കോടതി വിധിച്ചത്.
ലിത്വിനെങ്കോയുടെ വിധവ മറീനയ്ക്ക് 1,22,500 പൗന്‍ഡ് റഷ്യ നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിലുണ്ട്. അതേസമയം, കൊലപാതകത്തിന്റെ ഉത്തരവാദിത്തം റഷ്യ നിഷേധിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.