എന്‍ സി പി; കൊറോണയ്ക്ക് താത്കാലിക ഔദ്യോഗിക നാമം നല്‍കി ചൈന

 


ബെയ്ജിങ്: (www.kvartha.com 12.02.2020) കൊറോണയ്ക്ക് താത്കാലിക ഔദ്യോഗിക നാമം നല്‍കി ചൈന. എന്‍ സി പി എന്നാണ് കൊറോണയ്ക്ക് നല്‍കിയ പുതിയ പേര്. നോവല്‍ കൊറോണ വൈറസ് ന്യൂമോണിയ (Novel Coronavirus Pneumonia)എന്നതിന്റെ ചുരുക്ക രൂപമാണ് എന്‍ സി പി.

ചൈനയിലെ മോര്‍ണിംഗ് പോസ്റ്റ് ന്യൂസ് പേപ്പറിലാണ് കൊറോണയുടെ ഔദ്യോഗിക നാമം മാറ്റിയതായി റിപ്പോര്‍ട്ടു ചെയ്തത്. സര്‍ക്കാര്‍ വകുപ്പുകളും സംഘടനകളും ഇനിമുതല്‍ എന്‍ സി പി എന്ന പേരായിരിക്കും ഉപയോഗിക്കുക എന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി.

എന്‍ സി പി; കൊറോണയ്ക്ക് താത്കാലിക ഔദ്യോഗിക നാമം നല്‍കി ചൈന

അതേ സമയം, രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചൈനയ്ക്ക് അമേരിക്ക 100 മില്യണ്‍ ഡോളര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊറോണയെ നേരിടാന്‍ ലോകരാജ്യങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് ലോകാരോഗ്യ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. 67 കോടി ഡോളറിന്റെ സഹായം വേണമെന്നാണ് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ അഭ്യര്‍ത്ഥിച്ചത്.

അതിനിടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 1107 ആയി വര്‍ധിച്ചു. ചൈനയില്‍ ചൊവ്വാഴ്ച നൂറിലേറെ പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അതേസമയം 44,138 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആയിരത്തോളം പേര്‍ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ ജപ്പാനിലെ യോക്കോഹാമയില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിലുള്ള 175 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വെസ്റ്റര്‍ഡാം എന്ന മറ്റൊരു കപ്പലില്‍ വൈറസ് ബാധയെന്ന് സംശയിക്കുന്ന രണ്ടായിരത്തോളം പേരുണ്ട്. എന്നാല്‍ ഇവരില്‍ ആര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

കപ്പല്‍ തീരത്ത് അടുപ്പിക്കാനുള്ള ആവശ്യം വിവിധ രാജ്യങ്ങള്‍ നിഷേധിച്ചു. കപ്പലില്‍ ജീവനക്കാരും യാത്രക്കാരുമായി 138 ഇന്ത്യക്കാരുണ്ടെന്നും ഇതിലാര്‍ക്കും വൈറസ് ബാധയില്ലെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി.

അതേസമയം കൊറോണ വൈറസ് ഭീഷണി അടുത്തൊന്നും അവസാനിക്കാനിടയില്ലെന്നാണ് ചൈനയിലെ ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. ഫെബ്രുവരി അവസാനത്തോടെ വൈറസ് ബാധ ഏറ്റവും ഉയര്‍ന്നനിലയിലെത്താമെന്ന് ആരോഗ്യ ഉപദേഷ്ടാവും വൈറോളജിസ്റ്റുമായ ഷോങ് നന്‍ഷാന്‍ പറഞ്ഞു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

99 ശതമാനം വൈറസ് ബാധയും ചൈനയിലാണെങ്കിലും മറ്റുരാജ്യങ്ങള്‍ ഏറെ കരുതിയിരിക്കണമെന്ന് ഡബ്ള്യു എച്ച് ഒ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു. കൊറോണയെ നേരിടാനുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ജനീവയില്‍ നടക്കുന്ന രണ്ടുദിവസത്തെ സമ്മേളനത്തില്‍ നാനൂറിലധികം ശാസ്ത്രജ്ഞരാണ് പങ്കെടുക്കുന്നത്. വൈറസ് എവിടെനിന്ന് എങ്ങനെ പടര്‍ന്നു, മരുന്നിനായുള്ള ഗവേഷണങ്ങള്‍ എവിടെയെത്തി തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചചെയ്യുക.

Keywords:  Corona virus to be known as NCP for now: China, Beijing, News, Health, Health & Fitness, Trending, Dead, Report, Media, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia