കുറ്റവാളികളല്ല; തങ്ങള്‍ കൊവിഡ് 19-ന്റെ ഇരകള്‍; ലക്ഷക്കണക്കിന് ആളുകളെ മരണത്തിലേക്ക് തള്ളിവിട്ട കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് വുഹാനിലെത്തി അന്വേഷണം നടത്താന്‍ യു എസ് സംഘത്തെ അനുവദിക്കില്ലെന്നും ചൈന

 


ബെയ്ജിങ്: (www.kvartha.com 21.04.2020) കുറ്റവാളികളല്ല, തങ്ങള്‍ കൊവിഡ് 19-ന്റെ ഇരകളാണ്. ലക്ഷക്കണക്കിന് ആളുകളെ മരണത്തിലേക്ക് തള്ളിവിട്ട കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് വുഹാനിലെത്തി അന്വേഷണം നടത്താന്‍ യു എസ് സംഘത്തിന് അനുമതി നല്‍കണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം തള്ളി ചൈന.

മാത്രമല്ല, കൊറോണ വ്യാപനം തടയുന്നതില്‍ ആദ്യഘട്ടത്തില്‍ ചൈന വീഴ്ച വരുത്തിയെന്ന ആഗോള പ്രതികരണത്തില്‍ അന്വേഷണം വേണമെന്ന ഓസ്ട്രേലിയയുടെ ആവശ്യവും ചൈന തള്ളി. കൊവിഡ് പ്രതിരോധത്തില്‍ ചൈന പുലര്‍ത്തുന്ന സുതാര്യതയെക്കുറിച്ച് ഉയരുന്ന ഒരു ചോദ്യവും വസ്തുതാപരമല്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.

കുറ്റവാളികളല്ല; തങ്ങള്‍ കൊവിഡ് 19-ന്റെ ഇരകള്‍; ലക്ഷക്കണക്കിന് ആളുകളെ മരണത്തിലേക്ക് തള്ളിവിട്ട കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് വുഹാനിലെത്തി അന്വേഷണം നടത്താന്‍ യു എസ് സംഘത്തെ അനുവദിക്കില്ലെന്നും ചൈന

ഡിസംബര്‍ അവസാനം കൊറോണ വൈറസ് വ്യാപനം ആദ്യമുണ്ടായ വുഹാനിലെത്തി പരിശോധന നടത്താന്‍ അമേരിക്കയെ അനുവദിക്കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏറെ നാളായി ചൈനയോട് ആവശ്യപ്പെടുന്നു. തനിക്കുള്ള അതൃപ്തി ഞായറാഴ്ച ട്രംപ് വ്യക്തമാക്കുകയും ചെയ്തു.

വുഹാനില്‍ ചെല്ലുന്ന കാര്യം കുറേ നാളുകളായി ചൈനീസ് അധികൃതരോടു സംസാരിക്കുന്നതാണ്. എന്താണ് സംഭവിക്കുന്നതെന്ന് നേരിട്ട് അറിയണം. എന്നാല്‍ ഇതുവരെ ക്ഷണം കിട്ടിയില്ലെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ വുഹാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നാണോ വൈറസ് പുറത്തുപോയതെന്നതിനെക്കുറിച്ച് അമേരിക്ക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

എന്നാല്‍ വൈറസ് മാനവരാശിയുടെ മുഴുവന്‍ ശത്രുവാണെന്നും ഏതുസമയത്തും ലോകത്തിന്റെ ഏതുഭാഗത്തും അതു പ്രത്യക്ഷപ്പെടാമെന്നും ട്രംപിനു മറുപടിയായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു. മറ്റേതു രാജ്യത്തേയും പോലെ വൈറസ് ചൈനയേയും ആക്രമിച്ചു. ചൈന ഇരയാണ്, കുറ്റവാളിയല്ല. വൈറസിന്റെ പങ്കാളിയല്ല ചൈനയെന്നും ശക്തമായ ഭാഷയില്‍ ജെങ് ഷുവാങ് പ്രതികരിച്ചു.

വൈറസ് ബാധയുണ്ടായതിനു പിന്നാലെ അതു തടയാന്‍ വളരെ ഗൗരവത്തോടെയും സുതാര്യതയോടെയുമാണ് ചൈന നടപടികള്‍ സ്വീകരിച്ചത്. രാജ്യാന്തര സമൂഹത്തിനു തന്നെ ചൈനയുടെ നടപടികള്‍ മാതൃകയാണ്. ലോകത്തുണ്ടായ മരണങ്ങളുടെ പേരില്‍ ചൈനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന അമേരിക്കയുടെ വാദത്തോട്, അത്തരത്തില്‍ കീഴ്വഴക്കമുള്ളതായി അറിവില്ലെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം.

എച്ച്1എന്‍1 ഇന്‍ഫ് ളുവന്‍സ 2009-ല്‍ യുഎസിലാണ് കണ്ടെത്തിയത്. അതുപോലെ എച്ച് ഐ വി. 2008-ല്‍ അമേരിക്കയിലുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ആഗോളമാന്ദ്യമായി മാറിയത്. ഇതിന്റെയെല്ലാം ഉത്തരവാദിത്തം അമേരിക്കയ്ക്കാണെന്ന് ആരെങ്കിലും പറഞ്ഞോ എന്നും ജെങ് ഷുവാങ് ചോദിച്ചു.

വൈറസിന്റെ സ്രോതസിനെ കുറിച്ച് ലോകാരോഗ്യ സംഘടനയുടെ ഇടപെടല്‍ ഇല്ലാതെ ഒരു അന്വേഷണം വേണമെന്ന ഓസ്ട്രേലിയയുടെ ആവശ്യവും അംഗീകരിക്കാനാവില്ലെന്ന് ജെങ് ഷുവാങ് പറഞ്ഞു. ലോകാരോഗ്യ സംഘടന ചൈനയെ പിന്തുണയ്ക്കുകയാണെന്ന് ആരോപിച്ചാണ് ട്രംപ് ധനസഹായം നല്‍കുന്നത് നിര്‍ത്തിവച്ചത്.

പിപിഇ കിറ്റുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യ ഉപകരണങ്ങള്‍ ചൈന തടഞ്ഞുവയ്ക്കുകയാണെന്ന അമേരിക്കയുടെ ആരോപണവും അടിസ്ഥാനരഹിതമാണെന്നു ചൈനീസ് അധികൃതര്‍ പറഞ്ഞു. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 17 വരെ 1.64 ബില്യന്‍ മാസ്‌കുകളും 19.19 മില്യന്‍ സര്‍ജിക്കല്‍ പ്രൊട്ടക്ടീവ് സ്യൂട്ടുകളും 156 ഇന്‍വാസീവ് വെന്റിലേറ്ററുകളും 4254 നോണ്‍ ഇന്‍വാസീവ് വെന്റിലേറ്ററുകളും ചൈന നല്‍കിയെന്ന് ജെങ് ഷുവാങ് പറഞ്ഞു.

വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് പുറത്തുവന്നതെന്ന ആരോപണം ജെങ് ഷുവാങ് നിഷേധിച്ചു. എച്ച്ഐവി വാക്സിന്‍ നിര്‍മാണത്തിനിടയില്‍ ലാബില്‍നിന്നാണ് വൈറസ് പടര്‍ന്നതെന്ന് ഫ്രഞ്ച് നൊബേല്‍ ജേതാവായ ശാസ്ത്രജ്ഞന്‍ ലുക് മൊണ്ടാഗനിയേഴ്സ് പറഞ്ഞിരുന്നു. ഇതിനു തെളിവില്ലെന്ന് നിരവധി ശാസ്ത്രജ്ഞന്മാരും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ടെന്ന് ജെങ് ഷുവാങ് പറഞ്ഞു.

Keywords:  China rejects call for independent scrutiny of virus origins, Beijing, News, Probe, Donald-Trump, President, Australia, Health, Health & Fitness, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia