Missile | അമേരിക്കവരെ എത്താൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച് ചൈന
● പസഫിക് സമുദ്രത്തിൽ മിസൈൽ പതിച്ചു.
● അമേരിക്കയും മറ്റ് ഏഷ്യാ-പസഫിക് രാജ്യങ്ങളും ആശങ്കയിൽ.
● ദക്ഷിണ കൊറിയയും ജപ്പാനും ഈ പരീക്ഷണത്തെ ഗൗരവത്തോടെയാണ് കാണുന്നത്.
ബീജിംഗ്: (KVARTHA) ചൈന സൈനിക ശക്തി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക ദീർഘദൂര മിസൈൽ പരീക്ഷണം നടത്തി. ഈ മിസൈൽ ആയിരക്കണക്കിന് കിലോമീറ്റർ ദൂരം സഞ്ചരിച്ച് പസഫിക് സമുദ്രത്തിൽ പതിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണ ചൈനാ കടലിലെ പ്രശ്‌നങ്ങളും തായ്‌വാനുമായുള്ള സംഘർഷവും ലോകം ശ്രദ്ധിക്കുന്ന കാലത്താണ് ചൈന തങ്ങളുടെ ദീർഘദൂര സാങ്കേതികവിദ്യയിൽ വലിയൊരു കുതിച്ചുചാട്ടം നടത്തിയത്.
ഈ പശ്ചാത്തലത്തിൽ, പരീക്ഷണം ഏറെ പ്രാധാന്യമാർന്നതായി വിശേഷിപ്പിക്കപ്പെടുന്നു. പുതിയ മിസൈൽ വളരെ ആധുനികവും ദൂരെ വരെ എത്താൻ കഴിവുള്ളതുമാണെന്നും അതിന് വലിയ ഭാരം വഹിക്കാനും കഴിയുമെന്നുമാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്. ആണവായുധം വഹിക്കാനും അമേരിക്കവരെ എത്താനും ശേഷിയുള്ള മിസെെലാണ് പരീക്ഷിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൈനയുടെ ഈ മിസൈൽ പരീക്ഷണം അമേരിക്കയും മറ്റ് ഏഷ്യാ-പസഫിക് രാജ്യങ്ങളും നടത്തിയ സൈനിക അഭ്യാസങ്ങൾക്ക് പിന്നാലെയാണ് നടന്നത്. തങ്ങളുടെ സ്വാധീനമേഖലയിൽ നിലനിൽക്കുന്ന താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് ചൈന ലക്ഷ്യമിട്ടതെന്നാണ് കണക്കാക്കുന്നത്.
ജപ്പാൻ, ദക്ഷിണ കൊറിയ ഉൾപ്പെടെയുള്ള ചൈനയുടെ അയൽരാജ്യങ്ങൾ ഈ പരീക്ഷണത്തെ ശ്രദ്ധയോടെ നിരീക്ഷിച്ചുവരുന്നു. അമേരിക്കൻ പ്രതിരോധ വകുപ്പും ഈ നീക്കത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
പരീക്ഷണം ചൈനയുടെ ദീർഘദൂര മിസൈൽ സാങ്കേതികവിദ്യയുടെ സാധ്യതകൾ വർധിപ്പിക്കുന്നതിൽ ഏറെ നിർണായകമാകുമെന്നതാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
#China, #missile, #military, #AsiaPacific, #Taiwan, #US, #defense, #technology