Flights Scrap | ലന്‍ഡനില്‍ 100 വിമാനങ്ങളുടെ സര്‍വീസ് ബ്രിടീഷ് എയര്‍വേസ് റദ്ദാക്കി; നടപടി എലിസബത് രാജ്ഞിയുടെ സംസ്‌കാര സമയത്തുണ്ടാവുന്ന ശബ്ദം കുറയ്ക്കാന്‍
Sep 16, 2022, 16:42 IST
ലന്‍ഡന്‍: (www.kvartha.com) ലന്‍ഡനിലെ ഹീത്രോ വിമാനത്താവളത്തില്‍നിന്നുള്ള 100 വിമാനങ്ങളുടെ സര്‍വീസ് ബ്രിടീഷ് എയര്‍വേസ് റദ്ദാക്കി. ഔദ്യോഗിക ബഹുമതികളോടെ എലിസബത് രാജ്ഞിയുടെ സംസ്‌കാരം നടക്കുന്ന സമയത്ത് വിമാനങ്ങള്‍ സര്‍വീസ് നടത്തുമ്പോഴുണ്ടാകുന്ന ശബ്ദം കുറയ്ക്കാന്‍ വേണ്ടിയാണിത്.
മറ്റു വിമാനങ്ങളുടെ സമയക്രമം മാറ്റുകയും ചെയ്തു. പ്രാദേശിക സമയം പകല്‍ 11.40 മുതല്‍ 12.10 വരെ അരമണിക്കൂര്‍ നേരം വിമാനസര്‍വീസുകള്‍ ഒന്നുമുണ്ടാകില്ല. സംസ്‌കാരത്തിന്റെ അവസാന സമയം രണ്ടു മിനിറ്റ് നിശബ്ദത പാലിക്കും ഈ സമയവും ഇതില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഈ പുനഃക്രമീകരണം ഹീത്രോ വിമാനത്താവളത്തിലെ 15% സര്‍വീസുകളെ ബാധിക്കും.
മാത്രമല്ല, രാജ്ഞിയുടെ ഭൗതികശരീരവുമായി പ്രദക്ഷിണം നടക്കുമ്പോള്‍ ഉച്ചകഴിഞ്ഞ് 1.45 മുതല്‍ 35 മിനിറ്റു നേരം ഹീത്രോയില്‍ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കില്ല. പ്രദക്ഷിണം വിന്‍ഡ്‌സര്‍ കാസിലിലേക്ക് അടുക്കുമ്പോള്‍ വൈകുന്നേരം 3.05ന് ഒരു മണിക്കൂര്‍ 40 മിനിറ്റ് നേരം വിമാനങ്ങള്‍ പുറപ്പെടുന്നതിനും വിലക്കുണ്ടാകും.
തിങ്കളാഴ്ചയാണ് സംസ്‌കാരം. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്ന രാത്രി ഒന്‍പത് മണി വരെ വിമാന സര്‍വീസുകളില്‍ നിയന്ത്രണം ഉണ്ടാകും. ബുദ്ധിമുട്ട് ഉണ്ടായ ഉപയോക്താക്കള്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ റീഫന്‍ഡ് സ്വീകരിക്കുകയോ ചെയ്യാമെന്ന് എയര്‍ലൈന്‍ വക്താവ് അറിയിച്ചു.
രാജ്ഞിയുടെ മൃതദേഹം ബക്കിങ്ങാം കൊട്ടാരത്തില്‍നിന്ന് വെസ്റ്റ്മിനിസ്റ്റര്‍ ഹോളിലേക്ക് കൊണ്ടുവന്നപ്പോള്‍ ബുധനാഴ്ചയും വിമാന സര്‍വീസുകളില്‍ നിയന്ത്രണം ഏര്‍പെടുത്തിയിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.