Snake | ടോയ്‌ലറ്റില്‍ ഇരിക്കുന്നതിനിടെ ജനനേന്ദ്രിയത്തില്‍ കടിച്ചു: പെരുമ്പാമ്പിനെ യുവാവ് അടിച്ചുകൊന്നു
തായ്ലൻഡ്: (KVARTHA) ടോയ്‌ലറ്റില്‍ ഇരിക്കുന്നതിനിടെ ജനനേന്ദ്രിയത്തില്‍ കടിച്ച 12 അടി നീളമുളള പെരുമ്പാമ്പിനെ യുവാവ് അടിച്ചുകൊന്നു
പാമ്പുകളുമായി ബന്ധപ്പെട്ട് വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരാറുണ്ട്. എന്നാല്‍ കഴിഞ്ഞ ഏതാനും നാളുകളായി ഇവയുടെ അപ്രതീക്ഷിത ആക്രമണം സംബന്ധിക്കുന്ന വാര്‍ത്തകളാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് മധ്യപ്രദേശില്‍ തുറസായ സ്ഥലത്ത് ശൗച്യത്തിനിരുന്ന യുവാവിനെ പെരുമ്പാമ്പ് ആക്രമിച്ച വാര്‍ത്ത നാം കണ്ടത്. ഇത് ആളുകളില്‍ ഞെട്ടലും അമ്പരപ്പും സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ സമാനമായ ഒരു സംഭവമാണ് അങ്ങ് തായ്‌ലന്‍ഡില്‍ നിന്നും പുറത്തുവരുന്നത്.
തായ്ലന്‍ഡിലെ ഒരു മനുഷ്യന്‍ തന്റെ ജനനേന്ദ്രിയത്തില്‍ കടിച്ച പെരുമ്പാമ്പിനെ ടോയ്‌ലറ്റ് ബ്രഷ് കൊണ്ട് അടിച്ചുകൊന്ന വാര്‍ത്തയാണിത്. താനത് താങ്‌ടെവനോന്‍ എന്ന യുവാവിനാണ് ടോയ്‌ലറ്റില്‍ ഇരിക്കുന്നതിനിടെ ദുരനുഭവം ഉണ്ടായത്. സംഭവത്തെക്കുറിച്ച് താനത് പറയുന്നതിങ്ങനെ..' ടോയ്‌ലറ്റില്‍ ഇരിക്കുന്നതിനിടെയാണ് എനിക്ക് എന്റെ വൃഷണങ്ങളില്‍ കടുത്ത വേദന അനുഭവപ്പെട്ടത്. പരിശോധിച്ചപ്പോള്‍ എന്റെ വൃഷണത്തില്‍ എന്തോ കടിക്കുന്നതായി തോന്നി, അത് വളരെ വേദനാജനകമായിരുന്നു, ഉടനെ ഞാന്‍ എന്റെ കൈകൊണ്ട് താഴെ പരതി നോക്കി. അപ്പോഴാണ് ഒരു പാമ്പ് എന്റെ വൃഷണത്തില്‍ കടിച്ചുതൂങ്ങി കിടക്കുന്നത് കണ്ടത്. ഞാന്‍ പെട്ടന്ന് തന്നെ എഴുന്നേല്‍ക്കുകയും അതിന്റെ കഴുത്തില്‍ പിടിച്ച് താഴേക്ക് ഇടുകയും ചെയ്തു. തുടര്‍ന്ന് കൈയ്യില്‍ കിട്ടിയ ടോയ്‌ലറ്റ് ബ്രഷുകൊണ്ട് അതിനെ അടിച്ചു കൊന്നു'.
സംഭവത്തിന് പിന്നാലെ ടെറ്റനസ് വാക്സിന്‍ എടുക്കാന്‍ അച്ഛന്‍ തന്നെ ആശുപത്രിയിലെത്തിച്ചെന്നും താനത് പറഞ്ഞു. ചികിത്സയ്ക്ക് ശേഷം, പരിക്ക് ആഴമില്ലാത്തതിനാല്‍ തുന്നലൊന്നും ആവശ്യമില്ലെന്നും എന്നാല്‍ ഭേദമാകാന്‍ രണ്ടാഴ്ചയെടുക്കുമെന്നും ഡോക്ടര്‍മാര്‍ താനത്തോട് പറഞ്ഞു. തന്റെ വൃഷണങ്ങള്‍ സുരക്ഷിതമാണെന്നും അത് വിഷമുള്ള പാമ്പല്ലാത്തത് ഭാഗ്യമാണെന്നും താനത്ത് കൂട്ടിച്ചേര്‍ത്തു.
തായ്ലന്‍ഡില്‍ ശുചിമുറികള്‍ ഉപയോഗിക്കുമ്പോള്‍ പെരുമ്പാമ്പുകളോ മറ്റ് പാമ്പുകളോ ആളുകളെ ആക്രമിക്കുന്നത് ഇതാദ്യമല്ല. 2020-ല്‍, സാമുത് പ്രകാന്‍ പ്രവിശ്യയില്‍ ബൂണ്‍സോങ് പ്ലെയ്ക്യൂ എന്ന സ്ത്രീ പെരുമ്പാമ്പിന്റെ ആക്രമണത്തിന് ഇരയായതായി റിപ്പോര്‍ട്ടുണ്ട്. അവൾക്ക് പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും മരണപ്പെടുകയായിരുന്നു. പിടികൂടിയ പെരുമ്പാമ്പിനെ പിന്നീട് കാട്ടിലേക്ക് വിടുകയും ചെയ്തു. 2016ല്‍ ചചോങ്സാവോ പ്രവിശ്യയില്‍ അറ്റപോണ്‍ ബൂണ്‍മക്ചുവായി എന്ന മനുഷ്യനെയും 10 അടി നീളമുള്ള പെരുമ്പാമ്പ് ആക്രമിച്ചിരുന്നു.
ഇയാളുടെ ഉറക്കെയുള്ള കരച്ചില്‍ കേട്ട് ഓടി മുറിയിലെത്തിയ ഭാര്യയാണ് പെരുമ്പാമ്പിനെ ജനനേന്ദ്രിയത്തില്‍ നിന്ന് പുറത്തെടുത്ത ശേഷം ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. ചൂളാറത്ത് ഹോസ്പിറ്റലിലേക്കുള്ള യാത്രാമധ്യേ രക്തം വാർന്ന് ബോധം നഷ്ടപ്പെട്ടെങ്കിലും ചികിത്സയ്ക്ക് ശേഷം ഇയാള്‍ രക്ഷപ്പെട്ടതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷമില്ലാത്ത പാമ്പുകളുടെ വിഭാഗത്തില്‍പ്പെടുന്ന പെരുമ്പാമ്പുകള്‍ പ്രധാനമായും ഏഷ്യ, ഓസ്ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. പെരുമ്പാമ്പുകള്‍ തങ്ങളുടെ ഇരയെയോ ആക്രമണകാരികളെയോ കടിക്കുകയും അവയെ പിടിക്കുകയും തുടര്‍ന്ന് തങ്ങളുടെ ശാരീരിക ശക്തി ഉപയോഗിച്ച് ഇരയ്ക്ക് ചുറ്റും വളയുകയും ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു. പിന്നീട് അവ മുഴുവനായി വിഴുങ്ങുകയാണ് പതിവ്.
#snakeattack #toiletincident #thailand #survival #horrorstory #unusualnews