Deported | ജയില്‍മോചിതനായ രാജ്യാന്തര കൊടുംകുറ്റവാളി ചാള്‍സ് ശോഭരാജിനെ ഫ്രാന്‍സിലേക്ക് നാടുകടത്തി; നേപാളില്‍ 10 വര്‍ഷം പ്രവേശന വിലക്ക്
Dec 24, 2022, 10:08 IST
കാഠ്മണ്ഡു: (www.kvartha.com) കഴിഞ്ഞ ദിവസം ജയില്‍മോചിതനായ കുപ്രസിദ്ധ രാജ്യാന്തര കൊടുംകുറ്റവാളി ചാള്‍സ് ശോഭരാജി(78)നെ ഫ്രാന്‍സിലേക്ക് നാടുകടത്തി. 10 വര്‍ഷം നേപാളില്‍ പ്രവേശിക്കുന്നതിന് ശോഭരാജിന് വിലക്കുണ്ട്. പ്രായാധിക്യം പരിഗണിച്ച് രണ്ട് ദിവസം മുന്‍പാണ് നേപാള്‍ സുപ്രീം കോടതി ശോഭരാജിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.
വെള്ളിയാഴ്ച രാവിലെ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കനത്ത സുരക്ഷയുടെ അകമ്പടിയോടെയാണ് ചാള്‍സിനെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് ഖത്വര്‍ എയര്‍വേയ്സിന്റെ വിമാനത്തില്‍ ദോഹയിലെത്തിച്ചു. ദോഹയില്‍ നിന്ന് പാരിസിലേക്ക് കൊണ്ടുപോകും.
പാരിസില്‍ ശോഭരാജിന്റെ മകളും അമ്മയും കാത്തുനില്‍ക്കുമെന്ന് അഭിഭാഷകനായ സുധേഷ് സുബേദി വ്യക്തമാക്കി. നേപാളിലെ ഗംഗാലാല്‍ ആശുപത്രിയില്‍ 10 ദിവസം ചികിത്സ നടത്തണമെന്ന് ശോഭരാജ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, അധികൃതര്‍ അനുമതി നല്‍കിയില്ല. 2017 ല്‍ ഈ ആശുപത്രിയിലാണ് ശോഭരാജ് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായത്.
ഡെല്‍ഹിയില്‍ വിദേശവിനോദസഞ്ചാരിയെ ലഹരിമരുന്ന് നല്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശോഭരാജ് 1976 മുതല്‍ 21 വര്‍ഷം ഇന്‍ഡ്യയില്‍ തിഹാര്‍ ജയിലില്‍ തടവിലായിരുന്നു. 1986 ല്‍ ജയില്‍ ചാടിയെങ്കിലും ഗോവയില്‍ പിടിയിലായി. 1997 ല്‍ മോചനത്തിനുശേഷം ഫ്രാന്‍സിലേക്ക് നാടുകടത്തി.
നാട്ടിലും മോഷണവുമായി നടന്ന ശോഭരാജ് വീണ്ടും കാഠ്മണ്ഡുവിലെത്തിയപ്പോഴാണ് 2003 സെപ്റ്റംബറില്‍ അറസ്റ്റിലായത്. 1975 ല്‍ നേപാളില്‍ സന്ദര്‍ശനത്തിനെത്തിയ രണ്ട് അമേരികന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലായിരുന്നു അറസ്റ്റ്.
Keywords: News,World,international,Nepal,Criminal Case,Accused,Bail,Top-Headlines, Trending, Bikini Killer Charles Sobhraj deported to France
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.