Looting Incident | ബശ്ശാറുൽ അസദ് റഷ്യയിൽ; സിറിയൻ പ്രസിഡന്റിന്റെ വസതിയിൽ കടന്ന് ആഡംബര കാറുകൾ  മുതൽ വസ്ത്രങ്ങൾ വരെ അടിച്ചുമാറ്റി; ദൃശ്യങ്ങൾ

 
Bashar al-Assad in Russia; Looting of Presidential Palace, Cars, and Luxury Items
Bashar al-Assad in Russia; Looting of Presidential Palace, Cars, and Luxury Items

Photo Credit: X/ Tracey SBU Fella, Actualidad Internacional

● മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. 
● ഡമാസ്കസ് ഉൾപ്പെടെയുള്ള സിറിയയിലെ പല വലിയ നഗരങ്ങളും വിമതർ പിടിച്ചെടുത്തിട്ടുണ്ട്. 

ഡമാസ്കസ്: (KVARTHA) റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനും കുടുംബത്തിനും അഭയം നൽകിയതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയിലെ വിമത നീക്കത്തെ തുടർന്ന് അദ്ദേഹം രാജ്യം വിട്ടിരുന്നു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. 

സിറിയയിലെ രാഷ്‌ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഐക്യരാഷ്‌ട്ര സഭയുടെ നേതൃത്വത്തിൽ മധ്യസ്ഥ ചർച്ചകൾ പുനരാരംഭിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഡമാസ്കസ് ഉൾപ്പെടെയുള്ള സിറിയയിലെ പല വലിയ നഗരങ്ങളും വിമതർ പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം സിറിയയിലെ ദാഇശ് കേന്ദ്രങ്ങൾക്കെതിരെ തങ്ങളുടെ സൈന്യം വ്യോമാക്രമണങ്ങൾ നടത്തിയതായി അമേരിക്ക അറിയിച്ചു. തെക്ക്-കിഴക്കൻ സിറിയയിൽ ഇതിനകം 900 അമേരിക്കൻ സൈനികരെ വിന്യസിച്ചിട്ടുണ്ട്. 


13 വർഷം നീണ്ട സിറിയൻ ആഭ്യന്തരയുദ്ധം അപ്രതീക്ഷിതമായി അവസാനിച്ചതോടെ വിമതരും അവരെ പിന്തുണക്കുന്നവരും ആഘോഷത്തിലാണ്. ഹയാത്ത് തഹ്‌രീർ അൽ-ഷാം (എച്ച്‌ടിഎസ്) എന്ന വിമത സംഘടന രണ്ടാഴ്ചയ്ക്കുള്ളിൽ അലപ്പോ, ഹോംസ്, ഹമ തുടങ്ങിയ പ്രധാന നഗരങ്ങൾ പിടിച്ചെടുത്ത് ഡമസ്‌കസിലേക്ക് നീങ്ങുകയായിരുന്നു. ഞായറാഴ്ച, അവർ സിറിയൻ തലസ്ഥാനം പിടിച്ചെടുത്തതോടെ ആറ് പതിറ്റാണ്ടോളം നീണ്ട അസദ് കുടുംബത്തിന്റെ ഭരണം അവസാനിച്ചു. 


വിമത അനുകൂലികൾ 31,500 ചതുരശ്ര മീറ്റർ വരുന്ന അൽ റവാദയിലെ അസദിന്റെ കൊട്ടാരത്തിൽ പ്രവേശിച്ച് സംഹാര താണ്ഡവമാടി.  സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിമത സംഘം പ്രസിഡന്റിന്റെ കിടപ്പുമുറി, ഔദ്യോഗിക കാബിനുകൾ, പൂന്തോട്ടം എന്നിവയെല്ലാം തരിപ്പണമാക്കി. ഫർണിച്ചറുകൾ, ആഭരണങ്ങൾ, ആഡംബര കാറുകൾ തുടങ്ങി കൊട്ടാരത്തിലുണ്ടായിരുന്ന വിലപ്പെട്ട സാധനങ്ങൾ മുതൽ കസേരകൾ, പാത്രങ്ങൾ തുടങ്ങിയവയെല്ലാം ചുമലിലേറ്റി കൊണ്ടുപോയി. 


പലരും കൊട്ടാരത്തിനുള്ളിൽ ഫോട്ടോകളും എടുത്തു. കൊട്ടാരത്തിലുണ്ടായിരുന്ന മെർസിഡീസ് ബെൻസ് കാറുകൾ, എസ്.യു.വികൾ, മോട്ടോർസൈക്കിളുകൾ തുടങ്ങിയ വാഹനങ്ങളും വിമതർ കൈക്കലാക്കി. മുറികൾക്ക് തീയിട്ട് നശിപ്പിച്ചതായും റിപോർട്ടുണ്ട്. ആരും അവരെ തടഞ്ഞതുമില്ല. സിറിയയുടെ വിവിധ ഭാഗങ്ങളിൽ അസദിൻ്റെയും കുടുംബത്തിൻ്റെയും പോസ്റ്ററുകളും ബാനറുകളും പ്രതിമകളും തകർക്കുകയും വികൃതമാക്കുകയും ചെയ്തു. നിലവിൽ, സന്തോഷവും ഭയവും നിറഞ്ഞ സമ്മിശ്രമായ വികാരമാണ് സിറിയയിൽ നിലനിൽക്കുന്നത്, സമാധാനത്തിൻ്റെ പ്രതീക്ഷയ്‌ക്കൊപ്പം അരാജകത്വത്തിൻ്റെ വേവലാതിയും ഉണ്ട്.


#BasharAlAssad, #Syria, #Damascus, #Rebels, #PoliticalCrisis, #Looting

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia