Barbara Walters | പ്രമുഖ യുഎസ് ടെലിവിഷന്‍ അവതാരകയും മാധ്യമ പ്രവര്‍ത്തകയുമായ ബാര്‍ബറ വാള്‍ടേഴ്‌സ് അന്തരിച്ചു

 


വാഷിങ്ടന്‍: (www.kvartha.com) പ്രമുഖ യുഎസ് ടെലിവിഷന്‍ അവതാരകയും മാധ്യമപ്രവര്‍ത്തകയുമായ ബാര്‍ബറ വാള്‍ടേഴ്‌സ് (93) അന്തരിച്ചു. അഭിമുഖങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം കൊണ്ട് ലോകപ്രശസ്തയായ മാധ്യമപ്രവര്‍ത്തകയാണ് ബാര്‍ബറ.

വാള്‍ടേഴ്‌സ് അഭിമുഖം നടത്തിയവരില്‍ ലോകനേതാക്കളുടെ നീണ്ടനിര തന്നെയുണ്ട്. ഇതില്‍ ഫിദല്‍ കാസ്‌ട്രോ, സദ്ദാം ഹുസൈന്‍, മാര്‍ഗരറ്റ് താചര്‍, യുഎസ് പ്രസിഡന്റുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. റിചാര്‍ഡ് നിക്‌സന്‍ മുതല്‍ ഇങ്ങോട്ടുള്ള എല്ലാ യുഎസ് പ്രസിഡന്റുമാരുമായും പ്രഥമ വനിതകളുമായും ബാര്‍ബറ അഭിമുഖം നടത്തിയിട്ടുണ്ട്.

Barbara Walters | പ്രമുഖ യുഎസ് ടെലിവിഷന്‍ അവതാരകയും മാധ്യമ പ്രവര്‍ത്തകയുമായ ബാര്‍ബറ വാള്‍ടേഴ്‌സ് അന്തരിച്ചു

1929 സെപ്റ്റംബര്‍ 25 ന് മാസച്യുസിറ്റ്‌സിലെ ബോസ്റ്റണില്‍ ജനിച്ച ബാര്‍ബറ 1961ല്‍ ആണ് റിപോര്‍ടറായുള്ള തന്റെ കരിയര്‍ ജീവിതംആരംഭിച്ചത്. ഒരു നെറ്റ്ക്ലബ് ഉടമയായിരുന്നു പിതാവ് ലൂ വാള്‍ടേഴ്‌സ്. മാത്രമല്ല കലാപരിപാടികളുടെ സംഘാടകനുമായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതല്‍ തന്നെ ബാര്‍ബറ താരങ്ങളെ അടുത്തുകണ്ടിരുന്നു.

ചെറുപ്പത്തില്‍ത്തന്നെ അതിപ്രശസ്തരുമായി അടുത്തിടപഴകിയുള്ള ശീലം പില്‍ക്കാലത്ത് ബാര്‍ബറയെ സഭാകമ്പമോ മടിയോ ഇല്ലാതെ പ്രശസ്തരെ അഭിമുഖം നടത്താന്‍ സഹായിച്ചു. ബ്രൂക്ലിനിലെ ലോറന്‍സ് സ്‌കൂളിലായിരുന്നു ബാര്‍ബറയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. 1953 ല്‍ ന്യൂയോര്‍കിലെ സാറാ ലോറന്‍സ് കോളജില്‍നിന്ന് ബിരുദം നേടി.

1961ല്‍ റിപോര്‍ടറായി തന്റെ കരിയര്‍ ആരംഭിച്ച ബാര്‍ബറ എന്‍ബിസി ന്യൂസിലെ പ്രഭാത പരിപാടിയായ 'ടുഡേ' എന്ന ഷോയില്‍ അവതാരകയായെത്തി. 1976ല്‍ എബിസി ന്യൂസിലെ ആദ്യ വനിതാ അവതാരകയായി. എബിസി ന്യൂസില്‍ത്തന്നെ 'ദ് ബാര്‍ബറ വാള്‍ടേഴ്‌സ് സ്‌പെഷല്‍സ്', '10 മോസ്റ്റ് ഫാസിനേറ്റിങ് പീപിള്‍', എന്നീ പരിപാടികളിലും അവതാരകയായി തിളങ്ങി.

1979 മുതല്‍ 2004 വരെ വാള്‍ടേഴ്സ് അവതാരകയായും എബിസി ന്യൂസ് മാഗസിന്‍ 20/20 ന്റെ കറസ്‌പോന്‍ഡന്റായും പ്രവര്‍ത്തിച്ചു. 2015 ലായിരുന്നു എബിസി ന്യൂസിനായി അവരുടെ അവസാന പരിപാടി. 1996 ല്‍ ടിവി ഗൈഡ് പുറത്തുവിട്ട, എക്കാലത്തെയും മികച്ച 50 ടിവി അവതാരകരുടെ പട്ടികയില്‍ വാള്‍ടേഴ്സ് 34 ാം സ്ഥാനത്തെത്തി. 2000 ല്‍ നാഷനല്‍ അകാദമി ഓഫ് ടെലിവിഷന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍നിന്ന് ലൈഫ് ടൈം അചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു. നാലുവട്ടം വിവാഹിതയായിട്ടുണ്ട്. ഒരു മകളുണ്ട്.

Keywords: Barbara Walters, legendary news anchor, has died at 93, Washington, News, Media, Dead, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia