Baltimore Accident | ബാള്‍ടിമോര്‍ അപകടം; പുഴയില്‍ കാണാതായ 6 പേരില്‍ 2 പേരുടെ മൃതദേഹം പികപില്‍ കുടുങ്ങിയനിലയില്‍ കണ്ടെത്തി; പാലം തകര്‍ന്നുണ്ടായ അവശിഷ്ടങ്ങളിലും കോണ്‍ക്രീറ്റിലും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മറ്റ് 4 പേര്‍ക്കുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

 


മേരിലാന്‍ഡ്: (KVARTHA) അമേരികയിലെ ബാള്‍ടിമോറില്‍ ചരക്ക് കപ്പലിടിച്ച് പാലം തകര്‍ന്നതിനെത്തുടര്‍ന്ന് പറ്റാപ്സ്‌കോ പുഴയില്‍ കാണാതായ ജോലിക്കാരായ ആറുപേരില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മെക്സികോ സ്വദേശി അലെജാന്‍ഡ്രോ ഹെര്‍നാന്‍ഡെസ് ഫ്യൂന്റ്‌സ് (35), ഗ്വാടിമാല സ്വദേശി ഡോറിലാന്‍ റോനിയല്‍ കാസ്റ്റ്‌ലോ കാബ്‌റേറ (26) എന്നിവരാണ് മരിച്ചത്. പുഴയില്‍ ഒരു ചുവന്ന പികപില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മെക്‌സികോ, ഗ്വാടിമാല, ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, എന്നിവിടങ്ങളില്‍നിന്നെത്തിയ എട്ട് നിര്‍മാണ തൊഴിലാളികളാണ് പാലത്തില്‍ ഉണ്ടായിരുന്നത്. പാലം തകര്‍ന്നതോടെ ഇവരെയും വെള്ളത്തില്‍ കാണാതാവുകയായിരുന്നു. അവരില്‍ രണ്ടുപേരെ സംഭവ സമയത്ത് തന്നെ രക്ഷിക്കാന്‍ സാധിച്ചു. ഒരാളെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സകള്‍ നല്‍കി വിട്ടയച്ചു. അപകടത്തില്‍ കപ്പല്‍ ജീവനക്കാരില്‍ ഒരാള്‍ക്ക് ചെറുതായി പരുക്കേറ്റെങ്കിലും ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടതായി കപ്പല്‍ കംപനി അറിയിച്ചു.

അതേസമയം, കാണാതായ മറ്റ് നാല് തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. പാലം തകര്‍ന്നുണ്ടായ അവശിഷ്ടങ്ങളിലും കോണ്‍ക്രീറ്റിലും മറ്റു വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തിരച്ചില്‍ അവസാനിപ്പിച്ചത്. ഇവര്‍ മരിച്ചിരിക്കാമെന്ന് തീര സംരക്ഷണ സേന അറിയിച്ചു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് കഴിഞ്ഞാല്‍ അന്വേഷണം പുനരാരംഭിക്കും.

അപകടത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി കപ്പലിന്റെ ബ്ലാക് ബോക്‌സ് പരിശോധനയ്ക്ക് അയച്ചു. എഫ്ബിഐ അടക്കമുള്ള യുഎസ് ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്. തുറമുഖം വിട്ട് അരമണിക്കൂറിനകം കപ്പലിലെ വൈദ്യുതി പൂര്‍ണമായി നിലയ്ക്കുകയും എന്‍ജിന്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു. ഇതോടെ നിയന്ത്രണമറ്റ് വെള്ളത്തില്‍ ഒഴുകിയ കപ്പല്‍ ചൊവ്വാഴ്ച പുലര്‍ച ഒന്നരയോടെ പാലത്തില്‍ ചെന്നിടിക്കുകയായിരുന്നുവെന്നാണ് വിവരം.

അതിനിടെ, അപകടത്തിന് മുന്‍പേ അപായസന്ദേശം നല്‍കി പാലത്തിലെ ഗതാഗതം നിര്‍ത്തി വെക്കാന്‍ അധികൃതരെ സഹായിച്ചതിന് കപ്പലിന്റെ രണ്ട് പൈലറ്റുമാരെയും ഇന്‍ഡ്യക്കാരായ ജീവനക്കാരെയും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിച്ചു. പാലം ഫെഡറല്‍ സര്‍കാരിന്റെ ചെലവില്‍ പുനര്‍നിര്‍മിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

Baltimore Accident | ബാള്‍ടിമോര്‍ അപകടം; പുഴയില്‍ കാണാതായ 6 പേരില്‍ 2 പേരുടെ മൃതദേഹം പികപില്‍ കുടുങ്ങിയനിലയില്‍ കണ്ടെത്തി; പാലം തകര്‍ന്നുണ്ടായ അവശിഷ്ടങ്ങളിലും കോണ്‍ക്രീറ്റിലും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മറ്റ് 4 പേര്‍ക്കുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

ചൊവ്വാഴ്ചയാണ് യുഎസിലെ ബാള്‍ടിമോറില്‍ യാത്ര തുടങ്ങി അരമണിക്കൂറിനുള്ളില്‍ ഫ്രാന്‍സിസ് സ്‌കോട് കീ പാലത്തിലിടിച്ച ചരക്കുകപ്പല്‍ അപകടത്തില്‍പെട്ടത്. പ്രാദേശിക സമയം പുലര്‍ചെ ഒരു മണിയോടെയാണ് ബാള്‍ടിമോറിലെ സീഗര്‍ട് മറൈന്‍ ടെര്‍മിനലില്‍നിന്ന് കപ്പല്‍ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാന്‍സിസ് സ്‌കോട് കീ പാലത്തിന്റെ തൂണിലേക്ക് കപ്പല്‍ ഇടിച്ചു കയറുകയായിരുന്നു.

മേരിലാന്‍ഡ് സംസ്ഥാനത്തെ ബാള്‍ടിമോര്‍ നഗരത്തില്‍ പറ്റാപ്സ്‌കോ നദിക്ക് മുകളില്‍ 1.6 മൈല്‍ (2.57 കിലോമീറ്റര്‍) ദൂരത്തില്‍ നാലുവരിയാണ് ഫ്രാന്‍സിസ് സ്‌കോട് കീ പാലം. ഇടിയുടെ ആഘാതത്തില്‍ പാലം പൂര്‍ണമായും തകര്‍ന്ന് നദിയിലേക്കു വീഴുകയായിരുന്നു.

Keywords: News, World, World-News, Accident-News, Baltimore News, Accident, Ship, Missing, Labours, Dead Body, Found, Baltimore Bridge Collapse, Patapsco River, Recovered, Wreckage, Red Pickup Truck, Submerged, America, Baltimore bridge collapse: Two bodies recovered from Patapsco River.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia