Profile | തകര്‍ന്നടിഞ്ഞ ശ്രീലങ്കയുടെ പുതിയ നായകന്‍ ദിസനായകെ ആരാണ്?

 
Anura Kumara Dissanayake: Sri Lanka's New Hope
Anura Kumara Dissanayake: Sri Lanka's New Hope

Photo Credit: X/ Anura Kumara Dissanayake

● ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയിൽ പുതിയ പ്രതീക്ഷ
● അനുര കുമാര ദിസനായകെ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ്.
● ചെറുകിട കർഷക കുടുംബത്തിലാണ് ജനനം 
● ഇടതുപക്ഷ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.

(KVARTHA) സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ശ്രീലങ്ക പുതിയ നാഥനെ കണ്ടെത്തിയിരിക്കുന്നു.  മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് തത്വത്തില്‍ അധിഷ്ടിതമായ പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ (പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടിന്റെ ജെവിപി) നേതാവ്  അനുര കുമാര ദിസനായകെയാണത്. 'എകെഡി' എന്ന് അറിയപ്പെടുന്ന  ദിസനായകെ തന്റെ വിദ്യാര്‍ത്ഥി കാലഘട്ടത്തിലാണ് ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ഒരു ദിവസം രാജ്യത്തിന്റെ പ്രസിഡന്റാകുമെന്ന് അദ്ദേഹം സ്വപ്‌നം പോലും കണ്ടിരുന്നില്ല. 
Anura Kumara Dissanayake: Sri Lanka's New Hope

ഭരണകൂടത്തോടും ഭരണവര്‍ഗത്തോടുമുള്ള കടുത്ത അഭിപ്രായഭിന്നതകളാണ് യുവാവായിരുന്ന ദിസനായകയെ പൊതുപ്രവര്‍ത്തനത്തിലേക്ക് നയിച്ചത്.  രാഷ്ട്രീയമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ചെറുകിട കര്‍ഷക കുടുംബത്തിലാണ് അദ്ദേഹം പിറന്നത്. അച്ഛന്‍ സര്‍ക്കാര്‍ സര്‍വേ വകുപ്പില്‍ ഓഫീസ് സഹായിയും അമ്മ വീട്ടമ്മയും ആയിരുന്നു. എന്നാല്‍ അടുത്ത ബന്ധു പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു. 1988-ലെ ജെവിപിയുടെ സായുധ കലാപത്തിനെതിരെ, രണസിംഗെ പ്രേമദാസ ഗവണ്‍മെന്റ് നടത്തിയ നരനായാട്ടില്‍ ദിസനായകയെയുടെ ബന്ധു കൊല്ലപ്പെട്ടു, ദിസനായക്ക് അന്ന് 20 വയസ്സായിരുന്നു. 

അടുത്ത വര്‍ഷം, ദ്വീപിന്റെ വടക്കന്‍ പ്രവിശ്യയിലെ അനുരാധപുരയിലുള്ള തന്റെ വീട് പാര്‍ട്ടിയുമായി സഹകരിക്കണമെന്ന് ആഗ്രഹിക്കുന്നെന്ന് അദ്ദേഹം മനസ്സിലാക്കി. സംസ്ഥാനത്തിനെതിരായ ജെവിപിയുടെ രണ്ടാം കലാപത്തില്‍ രാഷ്ട്രീയ എതിരാളികളും സാധാരണ സര്‍ക്കാര്‍ ജീവനക്കാരും വിമത ഇടതുപക്ഷക്കാരും ഉള്‍പ്പെടെയുള്ളവര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു,  'ഭരണകൂട ഭീകരത'യുടെ നേരിട്ടുള്ള ഈ അനുഭവങ്ങളാണ് ജെവിപിയില്‍ ചേരാനുുള്ള ദിസനായകെയുടെ ദൃഢനിശ്ചയത്തെ ശക്തിപ്പെടുത്തിയത്.

1980കളുടെ അവസാനം മുതല്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ സ്വഭാവം പാടെ മാറി. 1971-ലെ അതിന്റെ ആദ്യ കലാപത്തില്‍, മുതലാളിത്തത്തെ അട്ടിമറിക്കാനും രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക സ്ഥാപനങ്ങളെ പരിവര്‍ത്തനം ചെയ്യാനും ലക്ഷ്യമിട്ടുള്ള സാമ്രാജ്യത്വ വിരുദ്ധ സോഷ്യലിസ്റ്റ് സ്വഭാവം ജെവിപിക്ക് ഉണ്ടായിരുന്നു. എന്നാല്‍ 1980-കളോടെ, ജെവിപി കൂടുതല്‍ സിംഹള-ദേശീയതയിലേക്ക് നീങ്ങി, സ്വയം ഭരണത്തിനായുള്ള തമിഴ് രാഷ്ട്രീയ അവകാശവാദങ്ങളെ ശക്തമായി എതിര്‍ത്തു. ജൂലൈയിലെ തമിഴ് വിരുദ്ധ വംശഹത്യയെത്തുടര്‍ന്ന് രാജ്യത്തിന്റെ വംശീയ സംഘര്‍ഷം യുദ്ധമായി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ മധ്യസ്ഥനായി എത്തിയത് ഇന്ത്യയാണ്. 
Anura Kumara Dissanayake: Sri Lanka's New Hope

1983ല്‍ ജെ ആര്‍ ജയവര്‍ധനയുടെ (പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ അമ്മാവന്‍) യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി ഗവണ്‍മെന്റ് ജെവിപി നിരോധിച്ചു. ഈ കലാപം അവസാനിക്കുകയും ജെവിപിയുടെ നിരോധനം നീക്കുകയും ചെയ്ത ശേഷം, 1994-ല്‍ പുതിയ നേതൃത്വം പാര്‍ലമെന്റില്‍ പ്രവേശിച്ച് രാഷ്ട്രീയ മുഖ്യധാരയില്‍ ചേര്‍ന്നതോടെ ജെവിപിയുടെ ഗതി മാറി. ദിസനായകെ  2000-ല്‍ വിജയിച്ചു, 2004-2005 കാലഘട്ടത്തില്‍ പ്രസിഡന്റ് ചന്ദ്രിക കുമാരതുംഗ ബണ്ഡാരനായകെയുടെ സര്‍ക്കാരില്‍ കൃഷിമന്ത്രിയായി സേവനമനുഷ്ഠിച്ചു. 2014-ല്‍ ജെവിപിയുടെ അധ്യക്ഷനായി.

ദിസനായകെയുടെ നേതൃത്വ ശൈലിയെക്കുറിച്ച്  സഹപ്രവര്‍ത്തകനും എംപിയുമായ വിജിത ഹെറാത്ത് പറയുന്നത് ഇങ്ങിനെയാണ്: 'ഞങ്ങളുടെ പാര്‍ട്ടി ഒരു കണ്‍സള്‍ട്ടേറ്റീവ് സമീപനമാണ് സ്വീകരിക്കുന്നത്, നേതാവിനെ കേന്ദ്രീകരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. എകെഡി (ദിസനായകെ) വളരെ കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തിയാണ്. അതുപോലെ ദീര്‍ഘവീക്ഷണവും ഉടനടി മികച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനും കഴിവുള്ളയാളാണ്. ഞങ്ങള്‍ ദീര്‍ഘകാലമായി സൗഹൃദത്തിലായ സഖാക്കളാണ്, കെലാനിയയിലെ പബ്ലിക് യൂണിവേഴ്സിറ്റിയില്‍ ദിസനായകെ ഫിസിക്കല്‍ സയന്‍സസില്‍ ബിരുദം നേടിയയപ്പോള്‍ ഞാനും അവിടുത്തെ വിദ്യാര്‍ത്ഥിയായിരുന്നു'.

എകെഡി വളരെ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ അവതരിപ്പിക്കുന്ന മികച്ച പ്രഭാഷകനാണ്. വസ്തുതകളും കണക്കുകളും നിരത്തി വ്യക്തമായ സിംഹള ഭാഷയില്‍ പാര്‍ലമെന്റില്‍ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ പലപ്പോഴും ശ്രദ്ധയാകര്‍ഷിച്ചു. 2018ല്‍ പ്രധാനമന്ത്രിയായിരുന്ന റനില്‍ വിക്രമസിംഗെയെ പ്രസിഡന്റ് മൈത്രിപാല സിരിസേന പെട്ടെന്ന് പുറത്താക്കിയതിനെതിരെ ദിസനായകെ കടുത്തരീതിയില്‍ വിമര്‍ശിച്ചു. അത് രാജ്യമാകെ ശ്രദ്ധിച്ചു. 52 ദിവസത്തെ രാഷ്ട്രീയ പ്രതിസന്ധിയാണ് അന്നുണ്ടായത്. 

സിരിസേനയ്ക്കെതിരെ പാര്‍ട്ടി രണ്ട് അവിശ്വാസ പ്രമേയങ്ങള്‍ കൊണ്ടുവന്നു, സുപ്രീം കോടതിയില്‍ ഈ നീക്കത്തെ ചോദ്യം ചെയ്ത ഹരജിക്കാരുടെ കൂട്ടത്തില്‍ എകെഡി ഉണ്ടായിരുന്നു. അക്കാലത്ത്, വടക്ക്, കിഴക്കന്‍ പ്രദേശങ്ങളിലെ തമിഴരെ പ്രതിനിധീകരിക്കുന്ന പ്രധാന ഗ്രൂപ്പായ ജെവിപിയും തമിഴ് നാഷണല്‍ അലയന്‍സും (ടിഎന്‍എ) ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ദിസനായകെ വാദിച്ചു. 'ജെവിപിയും (അല്ലെങ്കില്‍ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ടും) ടിഎന്‍എയും രാജ്യത്തിന്റെ തെക്കും വടക്കും ഉള്ള വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു, അവര്‍  ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ കാരണം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നെന്നും അദ്ദേഹം അന്ന് വാദിച്ചു. 

225 അംഗ സഭയില്‍ ആ സമയത്ത് ജെവിപിക്ക് ആറ് എംപിമാരേ അന്ന് ഉണ്ടായിരുന്നുള്ളൂ. പാര്‍ലമെന്റില്‍ ചെറുതും എന്നാല്‍ ശക്തവുമായ ഒരു ടീമായിരുന്നു അവര്‍. ജെവിപി അതിന്റെ അടിത്തറ വികസിപ്പിക്കുന്നതിലും വിപുലീകരിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിച്ചു, രണ്ട് ഡസനിലധികം ചെറിയ രാഷ്ട്രീയ ഗ്രൂപ്പുകള്‍, പ്രൊഫഷണലുകള്‍, അക്കാദമിക് വിദഗ്ധര്‍, പ്രവര്‍ത്തകര്‍ എന്നിവരുമായി ദിസനായകെ നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) സഖ്യം സ്ഥാപിച്ചു. 

അതോടെ മധ്യ-ഇടതുപക്ഷ ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയും മധ്യ-വലതുപക്ഷമായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയും അവരുടെ ശാഖകളും നയിക്കുന്ന ശ്രീലങ്കയുടെ രണ്ട് പരമ്പരാഗത മുന്നണികളെ കൂടാതെ ഒരു മൂന്നാം ശക്തിക്ക് തുടക്കം കുറിച്ചു. രാജ്യത്തിന്റെ സിംഹള ഭൂരിപക്ഷ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ മാറ്റത്തിന്റെ വാഗ്ദാനവും ഭാവിയിലേക്കുള്ള പുതിയ പ്രതീക്ഷയും വാഗ്ദാനം ചെയ്ത എന്‍പിപിയിലേക്ക് ആകര്‍ഷിക്കപ്പെട്ടു.

ഗോതബായ രാജപക്സെയ്ക്കെതിരെ 2019-ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ദിസനായകെയെ ഈ മുന്നേറ്റം പ്രേരിപ്പിച്ചു. ഗോതാബയയെ പരാജയപ്പെടുത്താനുള്ള മുഖ്യ എതിരാളിയായ സജിത് പ്രേമദാസയുടെ സാധ്യതകളെ ദുര്‍ബലപ്പെടുത്തുന്നതായി കണ്ട് ലിബറല്‍, ഇടത് വൃത്തങ്ങളില്‍ നിന്നുള്ള ചിലര്‍ അതിനെ എതിര്‍ത്തു. എന്നാല്‍ ദിസനായകെ മത്സരിക്കുകയും പോള്‍ ചെയ്തതില്‍ 3.16 % വോട്ടുകള്‍ നേടുകയും ചെയ്തു. രാഷ്ട്രീയ റാലികളില്‍ വന്‍ ജനക്കൂട്ടത്തോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രചാരണത്തിലെ ആവേശം വോട്ടുകളായി മാറിയില്ല. 

2020ലെ പൊതുതെരഞ്ഞെടുപ്പില്‍ ജെവിപി മുഖ്യഘടകമായ എന്‍പിപിയുടെ പാര്‍ലമെന്ററി സാന്നിധ്യം പകുതിയായി കുറഞ്ഞു. പാര്‍ട്ടികള്‍ക്ക് അവരുടെ ദേശീയ വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ അധിക സീറ്റുകള്‍ അനുവദിക്കുന്ന ആനുപാതിക പ്രാതിനിധ്യ സമ്പ്രദായമായ 'ദേശീയ പട്ടിക' യില്‍ വന്ന  ദിസനായകെ, വിജിത ഹെറാത്ത്, അക്കാദമിക് ഹരിണി അമരസൂര്യ എന്നീ മൂന്ന് എംപിമാര്‍ മാത്രമാണ് അവശേഷിച്ചത്.

പുതുതായി രൂപീകരിച്ച എന്‍പിപിക്കും അതിന്റെ രാഷ്ട്രീയ ഭാവി ലക്ഷ്യമാക്കിയും ജെവിപി നടത്തിയ രണ്ട് സര്‍വേകളുടെ ഫലങ്ങള്‍ വളരെ മോശമായിരുന്നുു. മൃഗീയ ഭൂരിപക്ഷം ആസ്വദിക്കുന്ന സര്‍ക്കാര്‍ തങ്ങളുടെ  എതിരാളികളെ '3% പാര്‍ട്ടി' എന്ന് പരിഹസിച്ചു. എന്നിരുന്നാലും, അവര്‍ പാര്‍ലമെന്റില്‍ തങ്ങളുടെ എതിര്‍പ്പ് നിലനിര്‍ത്തി, പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ മന്ത്രിസഭയെയും വിമര്‍ശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. ദുര്‍ബലപ്പെടുത്തുന്ന വോട്ടെടുപ്പ് ഫലങ്ങള്‍ ജെവിപിയെ അതിന്റെ ശക്തി - കേഡര്‍ അടിസ്ഥാനമാക്കിയുള്ള അടിത്തട്ടിലെ ജനകീയ പങ്കാളിത്തം- നിരന്തരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചു. ജെവിപിയുടെ അന്താരാഷ്ട്ര ശാഖകള്‍ മുഖേനയുള്ള വിദേശ പര്യടനങ്ങളിലൂടെ ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ സിംഹള പ്രവാസികളെ ഇടപഴകാനും കഴിഞ്ഞു.

എപിപി അതിന്റെ പുതിയ സാമൂഹികവും വര്‍ഗപരവുമായ വിശാലതയില്‍ നിന്നും മിതത്വമുള്ള രാഷ്ട്രീയ പാര്‍ട്ടിയായി മാറി. വ്യവസായികള്‍, കലാകാരന്മാര്‍, പ്രൊഫഷണലുകള്‍, മധ്യവര്‍ഗങ്ങള്‍ എന്നിവരുമായി അടുപ്പത്തിലായി. മറ്റ് ഇടതുപക്ഷക്കാര്‍  എന്‍പിപി യുടെ ശ്രദ്ധയെ ആക്ഷേപിച്ചു. അതുകൊണ്ട്  ഭൂരിപക്ഷം ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിലാണ് ജെവിപി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ദിസനായകെ പറയുന്നു. പ്രത്യയശാസ്ത്രപരമായ പിന്മാറ്റമായി വിമര്‍ശകര്‍ ഇതിനെ കാണുന്നെങ്കിലും ഇതൊരു  രാഷ്ട്രീയ വഴക്കമാണെന്നാണ് അദ്ദേഹം പറയുന്നത്. ആ വഴക്കമാണ് അദ്ദേഹത്തെ ശ്രീലങ്കയുടെ നായകനാക്കിയത്.

 

#Disanayake #JVP #SriLanka #Politics #President #EconomicCrisis #Left #Marxist #Leninist

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia