Election Result | അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്
● തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും
● രാജ്യത്തെ ആകെ 22 ജില്ലകളില്‍ 15ലും ദിസനായകെ മുന്നിലെത്തി
കൊളംബോ: (KVARTHA) നാഷനല്‍ പീപ്പിള്‍ പവര്‍ സഖ്യത്തിന്റെ (എന്‍പിപി) അനുര കുമാര ദിസനായകെ (55) ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് പ്രാഥമിക വിവരം. ഒരു സ്ഥാനാര്‍ഥിക്കും കേവല ഭൂരിപക്ഷമായ 50 % വോട്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ടാം മുന്‍ഗണന വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. ഇത്തരമൊരു സാഹചര്യം ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമാണ്.
The dream we have nurtured for centuries is finally coming true. This achievement is not the result of any single person’s work, but the collective effort of hundreds of thousands of you. Your commitment has brought us this far, and for that, I am deeply grateful. This victory… pic.twitter.com/N7fBN1YbQA
— Anura Kumara Dissanayake (@anuradisanayake) September 22, 2024
ആദ്യഘട്ട വോട്ടെണ്ണലില്‍ ജനത വിമുക്തി പെരമുന (ജെവിപി) നേതാവായ ദിസനായകെ 42.32 % വോട്ടും, സമാഗി ജന ബലവേഗയയുടെ (എസ് ജെ ബി) സജിത് പ്രേമദാസ 32.74 % വോട്ടും നേടി. നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ 17.26 % വോട്ടുനേടി മൂന്നാമതായി. രാജ്യത്തെ ആകെ 22 ജില്ലകളില്‍ 15ലും ദിസനായകെ മുന്നിലെത്തി. 56 ലക്ഷം വോട്ടാണ് അദ്ദേഹം ആദ്യഘട്ടത്തില്‍ നേടിയത്.
എന്നാല്‍ മൂന്ന് സ്ഥാനാര്‍ഥികളുള്ള സാഹചര്യത്തില്‍, ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ടാം പരിഗണന വോട്ട് എണ്ണണമെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥ. ഇതു പ്രകാരം കൂടുതല്‍ വോട്ടുനേടിയ രണ്ട് സ്ഥാനാര്‍ഥികളൊഴികെ വിക്രമസിംഗെ ഉള്‍പ്പെടെയുള്ള മറ്റെല്ലാവരും തിരഞ്ഞെടുപ്പില്‍ നിന്ന് പുറത്തായിരുന്നു. പിന്നീട് പുറത്തായ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്തവരുടെ രണ്ടാം പരിഗണന വോട്ടുകളെണ്ണിയാണ് വിജയിയെ തിരഞ്ഞെടുത്തത്.
2022ല്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ വീഴുകയും പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ നാടുവിടുകയും ചെയ്തതിനു ശേഷം നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പാണിത്. ദിസനായകെയുടെ നേതൃത്വത്തിലുള്ള 'അരഗലയ' മൂവ് മെന്റാണ് അന്നത്തെ ജനകീയ പ്രക്ഷോഭത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്.
പ്രക്ഷോഭത്തിന്റെ വിജയത്തെ തുടര്‍ന്ന് ജെവിപിയുടെയും ദിസനായകയെയുടെയും ജനപ്രീതി കുത്തനെ ഉയര്‍ന്നിരുന്നു. അഴിമതി തുടച്ചുനീക്കും, സ്വകാര്യവത്കരണം പുനഃപരിശോധിക്കും, ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കും, ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കും തുടങ്ങിയ വന്‍ പൊളിച്ചെഴുത്തുകളുള്‍പ്പെടുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ദിസനായകെ ശ്രീലങ്കന്‍ ജനതയ്ക്ക് നല്‍കിയിട്ടുള്ളത്.
#SriLankaElection2024, #AnuraKumara, #SriLankaPresident, #NPP, #JVP, #PoliticalChange