Viral | 'എല്ലാ കണ്ണുകളും റഫയിൽ'; ഫലസ്തീന് പിന്തുണയുമായി വൈറൽ ചിത്രം പങ്കിട്ടത് 4 കോടിയിലേറെ പേർ 

 
rafa
rafa


വർത്തമാന ഫലസ്തീനെ ചിത്രം പ്രതിനിധീകരിക്കുന്നു

ഗസ്സ: (KVARTHA) ലോക മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് റഫയിലെ അഭയാർത്ഥി ക്യാംപിന് നേരെയുണ്ടായ ഇസ്രാഈൽ ആക്രമണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡായ 'എല്ലാ കണ്ണുകളും റഫയിൽ' (All Eyes On Rafah) എന്ന വൈറൽ ചിത്രം ഇതുവരെ ഓൺലൈനിൽ പങ്കിട്ടത് 4.4 കോടി ആളുകളെന്ന് വാർത്താ ഏജൻസിയായ എ എഫ് പി റിപ്പോർട്ട് ചെയ്‌തു. 

ഇസ്രാഈൽ കൂട്ടക്കുരുതി 

എട്ട് മാസത്തിലേറെയായി ഗസ്സയിലെ ഇസ്രാഈലിന്റെ യുദ്ധത്തിൽ ഭൂരിഭാഗം പേരും ഇതിനകം പലതവണ പലായനം ചെയ്തിട്ടുണ്ട്. അവർക്ക് അവസാന ആശ്രയമായിരുന്നു റഫ. ഇവിടെയും ഇസ്രാഈൽ ആക്രമണങ്ങൾ തുടങ്ങിയതോടെ ഇനി പോകാൻ ഇടമില്ലാത്ത അവസ്ഥയിലാണ് ഫലസ്തീനികൾ.  മെയ് 26ന് ഗസ്സയിലെ പ്രദേശിക സമയം രാത്രി 8.45നാണ് റഫയിൽ ആക്രമണം നടന്നത്. 45 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച റഫയുടെ പടിഞ്ഞാറുള്ള ഒരു ക്യാമ്പിൽ ഇസ്രാഈൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ  21 പേർ കൊല്ലപ്പെട്ടു. ഇവരിൽ 12 പേർ സ്ത്രീകളായിരുന്നു. ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് ഒക്ടോബർ ഏഴ് മുതൽ ഇതുവരെ ഗസ്സയിൽ 36,171 പേർ ഇസ്രാഈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

വൈറൽ ചിത്രം  


റഫയിലെ ആക്രമണത്തിന് പിന്നാലെ ഫലസ്തീന് ഐക്യദാർഢ്യവുമായി ലോകവ്യാപകമായി  നിരവധി പേർ രംഗത്തെത്തി. പ്രമുഖരായ വ്യക്തികളും മനുഷ്യാവകാശ സംഘടനകളും സെലിബ്രിറ്റികളും സാധാരണക്കാരുമൊക്കെ രംഗത്തുണ്ട്. 'എല്ലാ കണ്ണുകളും റഫയിൽ' എന്ന വാചകം ഉൾക്കൊള്ളുന്ന ചിത്രമാണ് മിക്കവരും പങ്കുവെച്ചിരിക്കുന്നത്. ഈ ഒരു ചിത്രം ഏറെപ്പേർ ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി.

ഈജിപ്തിൻ്റെ അതിർത്തിക്കടുത്തുള്ള ഗസ്സ മുനമ്പിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നഗരമായ റഫയിലെ സ്ഥിതിയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഒരു മുദ്രാവാക്യത്തോടുകൂടിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സൃഷ്ടിച്ച ചിത്രമാണ് 'എല്ലാ കണ്ണുകളും റഫയിൽ'. ദൂരെയുള്ള പർവതങ്ങളുള്ള ഒരു തരിശായ, മരുഭൂമി പോലുള്ള പരിതസ്ഥിതിയിൽ ചക്രവാളത്തിലേക്ക് നീണ്ടുകിടക്കുന്ന, കൂടാരങ്ങളുടെ വിശാലമായ ഒരു നിരയാണ് ചിത്രം ചിത്രീകരിക്കുന്നത്. ഇസ്രാഈലിൻ്റെ സൈനിക നടപടികളാൽ പുറന്തള്ളപ്പെട്ട, കഠിനമായ സാഹചര്യങ്ങൾ നേരിടുന്ന വർത്തമാന ഫലസ്തീനെ ചിത്രം പ്രതിനിധീകരിക്കുന്നു.

ചിലിയൻ-അമേരിക്കൻ വംശജനായ പ്രശസ്ത നടൻ പെഡ്രോ പാസ്കൽ, പ്രശസ്ത മോഡലുകളായ ബെല്ല, ഗീഗി ഹദീദ്, ഫ്രഞ്ച് ഫുട്ബോൾ താരം ഒസ്മാൻ ഡെംബെലെ, ബോളിവുഡിലെ സൂപ്പർ താരങ്ങളായ പ്രിയങ്ക ചോപ്ര, ആലിയ ഭട്ട്, കരീന കപൂർ, സോനം കപൂർ, വരുൺ ധവാൻ, റിച്ച ഛദ്ദ, പായൽ കപാഡിയ എന്നിവരടക്കമുള്ളവരാണ് ‘എല്ലാ കണ്ണുകളും റഫയിലേക്ക്’ എന്ന വൈറലായ ചിത്രവും ഹാഷ്ടാഗും ചേർത്ത് ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ചത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia