Exploration | 'ഇപ്പോഴും മനുഷ്യ മാംസം ഭക്ഷിക്കാറുണ്ടോ?', നരഭോജി ഗോത്രക്കാർക്കാരോട് ചോദ്യവുമായി ഇന്ത്യൻ വ്ലോഗർ; മറുപടി ഇങ്ങനെ!


● സംസ്കാരവും ആചാരങ്ങളും വളരെ രസകരമാണ്.
● ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയിലെ ഒറ്റപ്പെട്ട മലയിടുക്കുകളിൽ വസിക്കുന്നു.
● വേട്ടയാടലും മീൻപിടുത്തവും കൊണ്ടാണ് ജീവിക്കുന്നത്.
ന്യൂഡൽഹി: (KVARTHA) ഇന്തോനേഷ്യയിലെ ഉൾക്കാടുകളിലേക്ക് ഒരു അപൂർവ യാത്ര നടത്തിയ ഇന്ത്യൻ വ്ലോഗറുടെ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ധീരജ് മീണ എന്ന വ്ലോഗറാണ് മനുഷ്യമാംസം ഭക്ഷിക്കുന്ന ഗോത്രമായി അറിയപ്പെടുന്ന കൊറോവായ് ഗോത്രത്തെ കണ്ടുമുട്ടിയത്. നൂറ്റാണ്ടുകളായി ഒറ്റപ്പെട്ടു ജീവിക്കുന്ന ഈ ഗോത്രം ഇപ്പോഴും മനുഷ്യമാംസം ഭക്ഷിക്കുന്നുണ്ടോ എന്ന ചോദ്യവുമായാണ് മീണ ഗോത്രക്കാരെ സമീപിച്ചത്.
നൂറ്റാണ്ടുകളായി ഇന്തോനേഷ്യയിലെ പാപുവ പ്രവിശ്യയിലെ ഒറ്റപ്പെട്ട മലയിടുക്കുകളിലാണ് ഇവർ വസിക്കുന്നത്. വേട്ടയാടലും മീൻപിടുത്തവും കൊണ്ട് അവർ ജീവിക്കുന്നു. മനുഷ്യമാംസം ഭക്ഷിക്കുന്നവരായി ഇവരെ ചിലർ ചിത്രീകരിച്ചിരുന്നുവെങ്കിലും, കാലക്രമേണ ഈ ആചാരം നശിച്ചുപോയെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ആത്മീയ വിശ്വാസങ്ങളുടെ ഭാഗമായി പണ്ടുകാലത്ത് മനുഷ്യമാംസം ഭക്ഷിച്ചിരുന്നതായി പരക്കെ വിശ്വസിക്കപ്പെടുന്നു.
10 മണിക്കൂർ ബോട്ട് യാത്ര ചെയ്ത് വിമാനത്തിൽ കയറി, അവിടെനിന്ന് നാല് മണിക്കൂർ കാട്ടിലൂടെ നടന്നാണ് ഗോത്രവർഗക്കാരുടെ അടുക്കലേക്ക് എത്തിയതെന്നാണ് വീഡിയോയിൽ മീന പറയുന്നത്. കൊറോവായ് ആളുകൾ സാധാരണയായി വനങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് താമസിക്കുന്നത്. ആചാരപ്രകാരം, അവർ വസ്ത്രം ധരിക്കാറില്ല. പുരുഷന്മാരും സ്ത്രീകളും വെവ്വേറെ വീടുകളിലാണ് താമസിക്കുന്നത്. കൊറോവായ് ആളുകൾ മരത്തിൽ കെട്ടിയ വീടുകളിലാണ് താമസിക്കുന്നതെന്നും മീന പറയുന്നു.
മീന ഒരു കൊറോവാ ഗോത്രക്കാരനോട് അവരുടെ ചരിത്രത്തിലെ മനുഷ്യമാംസം ഭക്ഷിക്കുന്നതിനെ കുറിച്ച്
ചോദിച്ചു. 'കൊറോവാ ആളുകൾ മനുഷ്യരെ തിന്നുവെന്ന് ഞങ്ങൾ കേട്ടു. അത് ശരിയാണോ?' എന്നായിരുന്നു ചോദ്യം. 'എന്റെ പിതാവിന്റെ തലമുറയിൽ ആളുകൾ മനുഷ്യമാംസം ഭക്ഷിച്ചിരുന്നു. പക്ഷേ, ഇന്ന് ഞങ്ങൾ അങ്ങനെ ചെയ്യുന്നില്ല. കൊറോവായിൽ പല ഗ്രൂപ്പുകളുണ്ട്. യുദ്ധം ഉണ്ടായാൽ, ചിലപ്പോൾ ഞങ്ങൾ എതിരാളികളെ കൊന്ന് തിന്നുമായിരുന്നു', ഗോത്ര വർഗക്കാരൻ വിശദീകരിച്ചു.
പഴയ തലമുറയിൽ ചിലർ മനുഷ്യമാംസം ഭക്ഷിച്ചിരുന്നെങ്കിലും ഇപ്പോൾ അത്തരം ആചാരങ്ങൾ ഇല്ലാതായി എന്നാണ് അവർ പറയുന്നത്. കൊറോവായ് ജനതയ്ക്ക് വളരെ ഭയപ്പെടുത്തുന്ന ഒരു ചരിത്രമുണ്ടെങ്കിലും, അവർ വളരെ സൗഹാർദപരവും ആതിഥേയത്വമുള്ളവരുമാണെന്ന് മീന പറഞ്ഞു. മനുഷ്യമാംസത്തിന്റെ രുചി എങ്ങനെയാണെന്നുള്ള ചോദ്യവും ധീരജ് മീണ ഒരു കൊറോവായ് ഗോത്രക്കാരനോട് ചോദിച്ചു. മനുഷ്യമാംസത്തിന്റെ രുചിയെ കുറിച്ച് ധാർമ്മികവും നിയമപരവുമായ കാരണങ്ങളാൽ വ്യാപകമായി രേഖപ്പെടുത്താറില്ലെന്ന് മീണ പറഞ്ഞു.
ഈ ചോദ്യത്തിന് മറുപടി പറഞ്ഞ കൊറോവായ് ഗോത്രവർഗക്കാരൻ, തന്റെ പിതാവ് മനുഷ്യരെ ഭക്ഷിച്ചിരുന്നുവെന്നും എന്നാൽ അവരുടെ ഗോത്രം ഇപ്പോൾ അങ്ങനെ ചെയ്യുന്നില്ലെന്നും പറഞ്ഞു. ചില പഠനങ്ങളിൽ, മനുഷ്യമാംസത്തിന്റെ രുചി പന്നിയിറച്ചിയുടെയോ ഇളം കന്നുകാലികളുടെയോ മാംസം പോലെയാണെന്നാണ് നരവംശശാസ്ത്രജ്ഞർ പറയുന്നത്. മീന തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഇക്കാര്യം പരാമർശിച്ചു.
കൊറോവാ ഗോത്രത്തെ പരമ്പരാഗതമായി നരഭോജികളായി കരുതുന്നു. എന്നാൽ 21-ാം നൂറ്റാണ്ടിൽ പുറം ലോകവുമായുള്ള സമ്പർക്കം വർധിച്ചതോടെ ഈ ആചാരം നിലച്ചുപോയി എന്നാണ് നരവംശശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഇപ്പോഴും മനുഷ്യമാംസം ഭക്ഷിക്കുന്നുവെന്ന് മിഥ്യാധാരണ പരത്താൻ ചിലർ ശ്രമിക്കുന്നുവെന്ന ആരോപണമുണ്ട്. കാരണം, ഇന്ന് അവരുടെ ജീവിതമാർഗം വിനോദസഞ്ചാരമാണ്, കൂടാതെ പല വിനോദസഞ്ചാരികളും അവരെ കാണാൻ വരുന്നത് അവർ നരഭോജികളാണെന്ന വിശ്വാസം കൊണ്ടാണ്.
#KorowaiTribe #Indonesia #Vlogger #IndigenousPeoples #Culture #Travel #Anthropology