Canada | കാനഡയിലുള്ളത് 14 ലക്ഷം ഇന്ത്യക്കാർ; കൂടുതലും വിദ്യാർഥികളും ജോലി ചെയ്യുന്നവരും; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത് ഇവരെ എങ്ങനെ ബാധിക്കും? ഒപ്പം ചില കൗതുക കണക്കുകളും

 


ന്യൂഡെൽഹി: (www.kvartha.com) ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന സംശയം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞിരുന്നു. അതിനുശേഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഇരു രാജ്യങ്ങളും പരസ്‌പരം ഉന്നത നയതന്ത്രജ്ഞരെ പുറത്താക്കുകയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഇപ്പോഴും തുടരുകയുമാണ്. ഇതിനിടയിൽ, കാനഡയിൽ താമസിക്കുന്ന പൗരന്മാരോട് ജാഗ്രത പാലിക്കാനും ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.

Canada | കാനഡയിലുള്ളത് 14 ലക്ഷം ഇന്ത്യക്കാർ; കൂടുതലും വിദ്യാർഥികളും ജോലി ചെയ്യുന്നവരും; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നത് ഇവരെ എങ്ങനെ ബാധിക്കും? ഒപ്പം ചില കൗതുക കണക്കുകളും

ഇത്തരമൊരു സാഹചര്യത്തിൽ കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ കാര്യത്തിലും ആശങ്ക ഉയരുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുക എന്ന ഉദ്ദേശത്തോടെ കാനഡയിലെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്കും ജോലി ചെയ്യുന്നവർക്കുമാണ് ആശങ്ക കൂടുതൽ. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാകുന്നത് അവിടെ താമസിക്കുന്ന ഇന്ത്യക്കാരിൽ എന്ത് സ്വാധീനം ചെലുത്തും എന്നതാണ് ചോദ്യം.

കാനഡയിൽ ഇന്ത്യക്കാരുടെ പങ്ക്

കാനഡയിലെ ജനസംഖ്യ ഏകദേശം 37 ദശലക്ഷമാണ്, അതിൽ ഏകദേശം 1.4 ദശലക്ഷം ആളുകൾ ഇന്ത്യൻ വംശജരാണ്, 2021 ലെ സെൻസസ് പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 3.7 ശതമാനം വരും. കഴിഞ്ഞ വർഷം, കാനഡ സെൻസസ് വിവരങ്ങൾ പുറത്തുവിട്ടിരുന്നു, അതനുസരിച്ച് മറ്റ് രാജ്യങ്ങളിൽ നിന്ന് അവിടെ സ്ഥിരതാമസമാക്കിയവരുടെ 18.6 ശതമാനം ഇന്ത്യക്കാരാണ്. ടൈം മാഗസിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിഖുകാർ താമസിക്കുന്നത് കാനഡയിലാണ്. ഇത് അവിടത്തെ മൊത്തം ജനസംഖ്യയുടെ 2.1 ശതമാനമാണ്. മാത്രമല്ല, 2018 മുതൽ, കാനഡയിലേക്ക് വരുന്ന അന്താരാഷ്ട്ര വിദ്യാർഥികളിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്.

ഇന്ത്യൻ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും കനേഡിയൻ നഗരങ്ങളായ ടൊറന്റോ, ഒട്ടാവ, വാട്ടർലൂ, ബ്രാംപ്ടൺ എന്നിവിടങ്ങളിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. ഇതിൽ ടൊറന്റോ ഇന്ത്യക്കാരുടെ കോട്ട പോലെയാണ്. കാനഡയിലെ വികസനത്തിന്റെ കാര്യത്തിൽ ഈ നഗരം ഒന്നാമതായി കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷ് കൊളംബിയയിലും ഗണ്യമായ എണ്ണം ഇന്ത്യക്കാരുണ്ട്. ബ്രിട്ടീഷ് കൊളംബിയയിലെ തന്നെ ഗുരുദ്വാരയിൽ വച്ചാണ് ഹർദീപ് സിംഗ് നിജ്ജാറിന് വെടിയേറ്റത്. റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം 2022ൽ കാനഡയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാരാണ്.

കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഇന്ത്യക്കാർ പ്രധാനം

ടിസിഎസ്, ഇൻഫോസിസ്, വിപ്രോ തുടങ്ങി 30 ഇന്ത്യൻ കമ്പനികൾ കാനഡയിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇത് ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് പറയുന്നു.

ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?

കാനഡയിലെ ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണം 2013 ന് ശേഷം മൂന്നിരട്ടിയിലധികം വർധിച്ചതായി ഫോർബ്സ് ഈ വർഷം ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാരിൽ നല്ലൊരു പങ്കും വിദ്യാർഥികളാണ്. ഭാവിയിൽ അവിടെ പോകാൻ പദ്ധതിയിടുന്ന വിദ്യാർഥികളുമുണ്ട്. നിലവിൽ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം കാനഡയിൽ താമസിക്കുന്ന ഇന്ത്യക്കാരെയോ ഇന്ത്യൻ വിദ്യാർഥികളെയോ കാര്യമായി ബാധിക്കുമെന്ന് തോന്നുന്നില്ലെന്ന് ചില വിദഗ്ധരെ ഉദ്ധരിച്ച് ലൈവ്മിന്റ് റിപ്പോർട്ട് ചെയ്തു.

കാനഡയിൽ പഠിക്കുന്ന വിദേശ വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാരാണ് എന്നതാണ് ഇതിന് പിന്നിലെ കാരണം. കാനഡയ്ക്ക് ഇതിൽ നിന്ന് പ്രയോജനം മാത്രമേ ലഭിക്കൂ എന്നതിനാൽ ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത ഒഴിവാക്കാൻ അവരും ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബി കൂടാതെ, തമിഴ്, ഹിന്ദി, ഗുജറാത്തി, മലയാളം, തെലുങ്ക് എന്നിവ മാതൃഭാഷയാ ഗണ്യമായ എണ്ണം ആളുകളും കാനഡയിലുണ്ടെന്ന് സെൻസസ് വിവരങ്ങൾ കാണിക്കുന്നു.

കനേഡിയൻ സെൻസസ് പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ 2.3 ശതമാനം ഹിന്ദുക്കളാണ്, ഇത് സിഖുകാരേക്കാൾ അല്പം കൂടുതലാണ്. എബിസി ന്യൂസ് പറയുന്നതനുസരിച്ച് , കാനഡയുടെ അന്താരാഷ്ട്ര വിമാന യാത്രാ വിപണിയിലേക്കുള്ള സംഭാവനയുടെ കാര്യത്തിൽ ഇന്ത്യക്കാർ നാലാം സ്ഥാനത്താണ്. എന്നിരുന്നാലും, ഭാവിയിൽ ഈ ചിത്രം മാറുമോ ഇല്ലയോ എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തമായ അഭിപ്രായമില്ല.

ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ട്രൂഡോയുടെ പ്രസ്താവന മൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ സമയമെടുക്കുമെന്നും കാനഡയിലെ ഭരണമാറ്റത്തിന് ശേഷമേ എന്തെങ്കിലും പുരോഗതി കാണാനാകൂ എന്നും പറയുന്നവരുണ്ട്. അടുത്ത വർഷം ഒക്ടോബറിലാണ് കാനഡയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്.

Keywords: India, Canada, Standoff, National, World, Expatriate, Foreign, Education, Students, Study, A look at Canada and India and their relationship, by the numbers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia