Liver Disease | യൂറോപിലും യുഎസിലും വീണ്ടും ആശങ്ക; ദുരൂഹമായ കരൾ രോഗം ബാധിച്ച് ഒരു കുട്ടി മരിച്ചതായി ലോകാരോഗ്യ സംഘടന; ഇതുവരെ 169 കേസുകൾ

 


ബെർലിൻ: (www.kvartha.com) യൂറോപിലെയും യുഎസിലെയും കുട്ടികളിൽ കണ്ടെത്തിയ ദുരൂഹമായ കരൾ രോഗം ബാധിച്ച് ഒരു കുട്ടി മരിച്ചതായി റിപോർട് ചെയ്തതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു എച് ഒ) അറിയിച്ചു. ഒരു ഡസൻ രാജ്യങ്ങളിൽ നിന്ന് ഇതുവരെ 169 പേരിലെങ്കിലും ഈ രോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
 
Liver Disease | യൂറോപിലും യുഎസിലും വീണ്ടും ആശങ്ക; ദുരൂഹമായ കരൾ രോഗം ബാധിച്ച് ഒരു കുട്ടി മരിച്ചതായി ലോകാരോഗ്യ സംഘടന; ഇതുവരെ 169 കേസുകൾ



ഇരകളിൽ ഒരു മാസം മുതൽ 16 വയസുവരെയുള്ള 17 കുട്ടികൾക്ക് കരൾ മാറ്റിവയ്ക്കൽ ആവശ്യമായിരുന്നുവെന്നും ഡബ്ല്യു എച് ഒ അറിയിച്ചു. അതേസമയം, ഏത് രാജ്യത്താണ് മരണം സംഭവിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. 114 കുട്ടികളിൽ രോഗലക്ഷണങ്ങൾ കാണിച്ച ബ്രിടനിലാണ് രോഗത്തിന്റെ ആദ്യ കേസുകൾ റിപോർട് ചെയ്തത്.

സ്പെയിൻ (13), ഇസ്രാഈൽ (12), യുണൈറ്റഡ് സ്റ്റേറ്റ്സ് (ഒമ്പത്), ഡെൻമാർക് (ആറ്), അയർലൻഡ് (അഞ്ച്), നെതർലൻഡ്സ് (നാല്), ഇറ്റലി (നാല്) നോർവേ (രണ്ട്), ഫ്രാൻസ് (രണ്ട്), റൊമാനിയ (ഒന്ന്), ബെൽജിയം (ഒന്ന്) എന്നിങ്ങനെയാണ് കേസുകൾ കണ്ടെത്തിയിട്ടുള്ളത്.

കേസുകളിൽ വർധനയുണ്ടായിട്ടുണ്ടോ അതോ മുമ്പ് റിപോർട് ചെയ്യപ്പെടാത്ത കേസുകളാണോ ഇപ്പോൾ പുറത്തുവരുന്നതെന്ന് വ്യക്തമല്ലെന്നും ഡബ്ല്യു എച് ഒ പറഞ്ഞു. നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര യാത്രകളോ മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രകളോ രോഗത്തിന് കാരണമായതായി തിരിച്ചറിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തിൽ യാത്രാ നിയന്ത്രണങ്ങൾ ആവശ്യമില്ലെന്നും സംഘടന വ്യക്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia