വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് 24 വർഷം; പെൻ്റഗണെ വിറപ്പിച്ച വ്യോമാക്രമണം


● അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണും ലക്ഷ്യമിട്ടു.
● 2,985 പേർ ഔദ്യോഗികമായി കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
● ആക്രമണം അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ നഷ്ടമുണ്ടാക്കി.
● ഭീകരാക്രമണത്തിനെതിരെ അമേരിക്ക പ്രതികാരം ചെയ്തു.
നവോദിത്ത് ബാബു
(KVARTHA) അമേരിക്കൻ ചരിത്രത്തിലെന്നല്ല, ലോക ചരിത്രത്തിൽ തന്നെ യുദ്ധതന്ത്രത്തേക്കാൾ സൂക്ഷ്മതയോടെ മെനഞ്ഞ സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് 24 വർഷം. അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ബിൻ ലാദൻ എന്ന ഭീകരവാദി നേതൃത്വം നൽകുന്ന അൽ-ഖ്വായ്ദ തീവ്രവാദികൾ റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് 2001 സെപ്റ്റംബർ 11-ന് നടത്തിയ ചാവേർ ആക്രമണമായിരുന്നു ഇത്.

ന്യൂയോർക്ക് നഗരത്തിലെ ലോക വ്യാപാര കേന്ദ്രം, പെന്റഗണിലെ പ്രതിരോധ ആസ്ഥാനം എന്നിവിടങ്ങളിലാണ് ഭീകരർ പ്രധാനമായും ആക്രമണം നടത്തിയത്. അമേരിക്കൻ സമ്പന്നതയുടെ പ്രതീകമായി തലയുയർത്തി നിന്ന ലോക വ്യാപാര കേന്ദ്രത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ട് ടവറുകൾ ഭീകരർ വിമാനം ഉപയോഗിച്ച് പൂർണ്ണമായും തകർത്തു.
അൽ-ഖ്വായ്ദയിലെ 19 അംഗങ്ങൾ നാല് അമേരിക്കൻ യാത്രാവിമാനങ്ങൾ റാഞ്ചി. ഇതിൽ രണ്ടെണ്ണം മാൻഹട്ടനിലുള്ള ലോക വ്യാപാര കേന്ദ്രം തകർത്തു. മൂന്നാമത്തെ വിമാനം പെന്റഗൺ ആസ്ഥാനമായ പ്രതിരോധ കേന്ദ്രത്തിലേക്ക് ഇടിച്ചിറങ്ങി. അമേരിക്കൻ പ്രസിഡൻ്റിൻ്റെ ആസ്ഥാനമായ വൈറ്റ് ഹൗസ് ലക്ഷ്യമാക്കി പുറപ്പെട്ട നാലാമത്തെ വിമാനം ലക്ഷ്യത്തിലെത്താതെ വഴിക്ക് തകർന്നു വീഴുകയായിരുന്നു.
ചാവേർ ആക്രമണം വരുത്തിവെച്ച നാശനഷ്ട കണക്കുകളെക്കുറിച്ച് ഇന്നും അവ്യക്തതയുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 265 യാത്രികരും ലോക വ്യാപാര കേന്ദ്രത്തിലെ 2,595 പേരും 19 വിമാന റാഞ്ചികളും ഉൾപ്പെടെ 2,985 പേർ കൊല്ലപ്പെട്ടു എന്നാണ്.
ഈ ഭീകരാക്രമണം അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് പറഞ്ഞാൽ തീരാത്ത നാശനഷ്ടം വരുത്തിവെച്ചു. 110 നിലകളുള്ള ഇരട്ട ടവറുകൾക്കു പുറമേ അഞ്ച് കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. മാൻഹട്ടൻ ദ്വീപിലെ കെട്ടിടങ്ങൾ, നാല് ഭൂഗർഭ സ്റ്റേഷനുകൾ എന്നിവക്കൊപ്പം വാർത്താവിനിമയ സംവിധാനങ്ങൾ പൂർണ്ണമായും തകരുകയും ചെയ്തു.
കെട്ടിടത്തിനു മുകളിൽ കുടുങ്ങിയ നിരവധിപേർ ജീവൻ രക്ഷിക്കാനായി താഴേക്ക് ചാടിയും മരിച്ചു എന്നും പറയുന്നു. ഔദ്യോഗികമായി മരണസംഖ്യ നിശ്ചയിച്ചെങ്കിലും തിരിച്ചറിയാൻ കഴിയാത്ത ആയിരക്കണക്കിന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
വർഷങ്ങൾ നീണ്ട ആസൂത്രണത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ഈ ഭീകരാക്രമണത്തിൽ, യാത്രക്കാരുടെ ജീവൻ വെച്ച് ഭരണകൂടവുമായി വിലപേശുന്ന പതിവ് നടപടികളൊന്നും ഭീകരർ സ്വീകരിച്ചില്ല.
സാധാരണ വിമാനറാഞ്ചലിൽ നിന്നും വ്യത്യസ്തമായി വിമാനങ്ങളുടെ നിയന്ത്രണം പൂർണ്ണമായും റാഞ്ചികൾ കൈവശപ്പെടുത്തി. നിരപരാധികളായ മുഴുവൻ യാത്രക്കാരെയും വധിക്കുകയും നാശനഷ്ടമുണ്ടാക്കുകയും ചെയ്യുക എന്ന ക്രൂരമായ പ്രവർത്തനങ്ങൾക്കാണ് ഭീകരർ നേതൃത്വം നൽകിയത്.
ചരിത്രത്തിൽ ഈ ഭീകരാക്രമണം 9/11 എന്നാണ് അറിയപ്പെടുന്നത്. അമേരിക്കൻ ജനതയുടെ ആത്മവിശ്വാസമാണ് 911. ഏത് വലിയ ആപത്തുണ്ടായാലും ഈ നമ്പറിൽ വിളിച്ചാൽ എല്ലാ പ്രശ്നവും പരിഹരിക്കപ്പെടും എന്ന അവരുടെ ആത്മവിശ്വാസം തകർക്കുക എന്നതാണ് ഈ തീയതി തിരഞ്ഞെടുക്കാൻ പ്രധാന കാരണം എന്ന് വിശ്വസിക്കുന്നു.
'ലോക പോലീസ്' ചമഞ്ഞ് ലോകത്തിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ടിരുന്ന അമേരിക്കയുടെ, തങ്ങൾ എപ്പോഴും സുരക്ഷിതരാണെന്ന അമിത ആത്മവിശ്വാസത്തിന് ഏറ്റ കനത്ത പ്രഹരമായിരുന്നു ഈ ഭീകരാക്രമണം. ലോകത്തിനു മുന്നിൽ തലകുനിക്കേണ്ടി വന്ന അമേരിക്കൻ സാമ്രാജ്യത്വം, പ്രത്യാക്രമണത്തിനായി ഭീകരവാദികൾക്കെതിരെ തങ്ങളുടെ ശക്തി പ്രയോഗിക്കാൻ ഏറെനാൾ കാത്തിരുന്നില്ല.
ഭീകരരെ പിന്തുണച്ച അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെയായിരുന്നു ആദ്യം അമേരിക്ക ആക്രമിച്ചത്. ബഹുഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളും അമേരിക്കയ്ക്ക് പിന്തുണ നൽകി.
തങ്ങളുടെ സൈനിക കേന്ദ്രങ്ങൾ അമേരിക്കയ്ക്ക് വിട്ടുനൽകി പാകിസ്ഥാൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ബിൻ ലാദനെ അഫ്ഗാനിസ്ഥാനിലെ അതിനിഗൂഢമായ ഒളിത്താവളത്തിൽ നിന്ന് ജീവനോടെ പിടികൂടി ഈ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കുന്നത് വരെ ആ പ്രവർത്തനം തുടർന്നു.
ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ രാജ്യാന്തര സഹകരണം വർദ്ധിപ്പിക്കാനും ഒറ്റക്കെട്ടായി പോരാടാനും ഈ ഭീകരാക്രമണം ലോകജനതയ്ക്ക് പ്രചോദനമായി എന്നതാണ് ഇതിന്റെ ബാക്കിപത്രം. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായി ഈ ദിവസം അമേരിക്കയിൽ 'ദേശസ്നേഹ ദിന'മായി ആചരിക്കുന്നുണ്ട്.
9/11 ഭീകരാക്രമണത്തെക്കുറിച്ച് നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്? ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെയ്ക്കൂ.
Article Summary: The 24th anniversary of the 9/11 attacks on the World Trade Center.
#911Anniversary #WorldTradeCenter #September11 #Pentagon #Terrorism #USHistory