കാമറൂണിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് മുന്നില്‍ തിക്കിലും തിരക്കിലുംപെട്ട് 6 പേര്‍ മരിച്ചു; അപകടം ആഫ്രികന്‍ നേഷന്‍സ് കപ് കാണാനായി കാണികള്‍ കൂട്ടമായി തള്ളിക്കയറാന്‍ ശ്രമിച്ചതിനാലെന്ന് റിപോര്‍ട്
Jan 25, 2022, 10:34 IST
യാവുണ്ടെ: (www.kvartha.com 25.01.2022) കാമറൂണില്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തിന് മുന്നില്‍ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ മരിച്ചു. ഏകദേശം 40,000 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ 40 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഫ്രികന്‍ നേഷന്‍സ് കപ് മല്‍സരം കാണാനെത്തിയവരാണ് അപകടത്തില്‍പെട്ടത്.
ഫുട്ബോള്‍ മത്സരം ആരംഭിക്കുന്നത് മുന്നേ സ്റ്റേഡിയത്തിലേക്ക് കാണികള്‍ കൂട്ടമായി തള്ളിക്കയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപോര്‍ടുകള്‍. കാമറൂണും കൊമോറോസും തമ്മിലായിരുന്നു മല്‍സരം. യാവുണ്ടെയിലെ ഒലെംബേ സ്റ്റേഡിയം തുറന്ന ശേഷമുള്ള ആദ്യ പ്രധാന മല്‍സരമായിരുന്നു.
60,000 പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് ഇതിന്റെ 80 ശതമാനം പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ 50,000ത്തോളം പേര്‍ സ്റ്റേഡിയത്തില്‍ എത്തിയെന്നാണ് വിവരം.
കാണികളെ ആകര്‍ഷിക്കാന്‍ സൗജന്യ ടികെറ്റും യാത്രാസൗകര്യവും ഒരുക്കിയിരുന്നു. ഇതോടെയാണ് കൂടുതല്‍ പേര്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത്. കാണികളുടെ എണ്ണം ഉയര്‍ന്നതോടെ അധികൃതര്‍ ഗേറ്റു പൂട്ടി. ഇതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണമെന്നാണ് വിവരം.
അതേസമയം സംഭവത്തിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ആഫ്രികന്‍ ഫുട്‌ബോള്‍ അറിയിച്ചു. സാഹചര്യം അന്വേഷിക്കുന്നുണ്ടെന്നും എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ലഭിക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.