തലയില്‍ പേന്‍ ചെള്ള് ചോരകുടിച്ച് വീര്‍ത്തു; 5 വയസുകാരി തളര്‍ന്നുവീണു, പിന്നീട് സംഭവിച്ചത്

 


വാഷിങ്ടണ്‍: (www.kvartha.com 12.06.2018) തലയില്‍ പേന്‍ ചെള്ള് ചോരകുടിച്ച് വീര്‍ത്തു. ഇതോടെ അഞ്ചു വയസുകാരി തളര്‍ന്നുവീണു. അമേരിക്കയിലെ മിസ്സിസ്സിപ്പിയില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കെയ്‌ലിന്‍ ഗ്രിഫിന്‍ എന്ന അഞ്ചു വയസ്സുകാരിയാണ് പേന്‍ ചെള്ള് കടിച്ചതിനെ തുടര്‍ന്ന് തളര്‍ന്നുവീണത്. രാവിലെ ഉറക്കമെണീറ്റ കുട്ടിക്ക് കാലുകള്‍ നിലത്തു കുത്താനായില്ല. പൊടുന്നനെ ഒരു നനഞ്ഞ തുണി കണക്കെ അവള്‍ നിലത്ത് കുഴഞ്ഞു വീഴുകയായിരുന്നു.

വീണിടത്തുനിന്നും പല തവണ അവള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും കാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടതുപോലെയായിരുന്നു. സംസാരിക്കാന്‍ പോലും ആ പിഞ്ചുകുട്ടിക്ക് കഴിഞ്ഞില്ല. ഇതോടെ കുടുംബത്തിന്റെ മനസമാധാനം തകര്‍ന്നു. തലേദിവസം രാത്രി പോലും ചുറുചുറുക്കോടെ കളിച്ചു നടന്നവളാണ് ഇപ്പോള്‍ ഒന്നിനും വയ്യാത്ത അവസ്ഥയിലെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ കൊച്ചു കെയ്‌ലിന്റെ ദുരന്തം താങ്ങാന്‍ കുടുംബത്തിന് കഴിയുമായിരുന്നില്ല.

 തലയില്‍ പേന്‍ ചെള്ള് ചോരകുടിച്ച് വീര്‍ത്തു; 5 വയസുകാരി തളര്‍ന്നുവീണു, പിന്നീട് സംഭവിച്ചത്

പിന്നീട് കുട്ടിയെ ചേര്‍ത്ത് പിടിച്ച് തലമുടി കെട്ടിയൊതുക്കുമ്പോഴാണ് ചോരകുടിച്ച് കിടക്കുന്ന പേന്‍ചെള്ള് അമ്മയുടെ ശ്രദ്ധയില്‍പെട്ടത്. ഇതാകാം മകളുടെ ഉന്മേഷക്കുറവിന് കാരണമെന്ന് മനസ്സിലായെങ്കിലും കുട്ടിയുടെ ചോരയൂറ്റിയെടുത്ത ചെള്ളും അസുഖവും തമ്മില്‍ ബന്ധമുണ്ടായെങ്കിലോ എന്ന് സംശയിച്ച് അമ്മ ജെസ്സീക്ക ഗ്രിഫിന്‍ ചെള്ളിനെ പിടിച്ച് കവറിനുള്ളിലാക്കി ആശുപത്രിയിലേക്ക് തിരിച്ചു.

വിവിധ തരത്തിലുള്ള പരിശോധനകള്‍ക്ക് ശേഷമാണ് ഡോക്ടര്‍മാര്‍ക്ക് കുട്ടിയുടെ രോഗം സംബന്ധിച്ച അനുമാനത്തിലെത്താന്‍ സാധിച്ചത്. അതില്‍ പിടികൂടിയ ചെള്ളിനെ കുറിച്ചുള്ള അറിവ് ഏറെ നിര്‍ണായകമായിരുന്നു.

 തലയില്‍ പേന്‍ ചെള്ള് ചോരകുടിച്ച് വീര്‍ത്തു; 5 വയസുകാരി തളര്‍ന്നുവീണു, പിന്നീട് സംഭവിച്ചത്

അഞ്ചുവയസുകാരിയായ കെയ്‌ലിനെ പിടികൂടിയത് അത്ര സാധാരണമല്ലാത്ത ടിക് പാരലസിസ് എന്ന അവസ്ഥ ആണ്. കുട്ടികളുടെ തലയിലെ ചെള്ളുകള്‍ ഇത്ര ഭീകരമായ അവസ്ഥയില്‍ അവരെ കൊണ്ടെത്തിക്കുമെന്നത് ഗ്രഫിന് മാത്രമല്ല ഈ വാര്‍ത്ത കേട്ട പല അമ്മമാര്‍ക്കും പുതിയ അറിവായിരുന്നു. രൂപത്തില്‍ സാധാരണ കാണുന്ന പേന്‍ പോലെയല്ലെങ്കിലും പേനിനെ പോലെത്തന്നെ മനുഷ്യശരീരത്തിലെ രോമങ്ങള്‍ക്കിടയിലും തലയിലെ മുടിയിലുമാണ് ഈ ചെള്ളിനെ സാധാരണയായി കാണാനാവുന്നത്.

'പെണ്‍ പേന്‍ ചെള്ളുകളാണ് ഈ അവസ്ഥയുണ്ടാക്കുന്നത്. തലയിലെ ചോരയൂറ്റി കുടിക്കുന്ന ചെള്ളുകള്‍ ന്യൂറോ ടോക്‌സിന്‍ പുറത്തു വിടും. ഇതാണ് പക്ഷാഘാതത്തിന് വഴിവെക്കുന്നത്. പേന്‍ ചെള്ളിന്റെ ഉമിനീര്‍ ഗ്രന്ഥികളാണ് ഈ വിഷം പുറത്ത് വിടുന്നത്' എന്ന് അമേരിക്കന്‍ ലിം ഡിസീസ് ഫൗണ്ടേഷന്‍ പറയുന്നു.

കാലാണ് ആദ്യം തളര്‍ന്നു പോവുക. പിന്നീട് മറ്റ് പല അവയവങ്ങളിലേക്കും അത് വ്യാപിക്കും. തലചുറ്റലും ചലന ശേഷി നഷ്ടപ്പെട്ട് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ വരെ ഇത് ഉണ്ടാക്കും. ശ്വാസം പോലും വലിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ വരെയെത്തി മരണം വരെ സംഭവിച്ചേക്കാം.

പെണ്‍കുട്ടികള്‍ക്കാണ് കൂടുതലും ഇത്തരം അവസ്ഥയുണ്ടാക്കുന്നത്. മുടി കൂടുതലുള്ള പെണ്‍കുട്ടികളുടെ തലയില്‍ ഇത്തരം ചെള്ളുകള്‍ക്ക് ഒളിക്കാന്‍ സാധിക്കുന്നതാണ് അതിന് കാരണം.

ഇത്തരത്തിലുള്ള നിരവധി കേസുകള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം തളര്‍ന്ന അവസ്ഥ തരണം ചെയ്ത് സാധാരണ നിലയിലേക്ക് കെയ്‌ലിന്‍ എത്തി തുടങ്ങി എന്ന വാര്‍ത്ത അമ്മ ഗ്രിഫിന്‍ പങ്കുവെച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mississippi mom says daughter, 5, lost ability to walk after tick bite, Washington, News, Health, Health & Fitness, hospital, Treatment, America, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia