Kuwait Fire | കുവൈതിലെ മംഗഫില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി കാംപിലുണ്ടായ തീപ്പിടിത്തത്തില്‍ 4 ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 35 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
മരിച്ചവരില്‍ രണ്ടുപേര്‍ തമിഴ് നാട്, ഉത്തരേന്‍ഡ്യന്‍ സ്വദേശികള്‍
ബുധനാഴ്ച പുലര്‍ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപടരുകയായിരുന്നു
കുവൈത് സിറ്റി: (KVARTHA) മലയാളിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളി കാംപിലുണ്ടായ തീപ്പിടിത്തത്തില്‍ നാല് ഇന്‍ഡ്യക്കാര്‍ ഉള്‍പെടെ 35 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്. അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. സ്റ്റേറ്റ് മീഡിയ ആണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. മരിച്ചവരില്‍ രണ്ടുപേര്‍ തമിഴ് നാട്, ഉത്തരേന്‍ഡ്യന്‍ സ്വദേശികളാണ്. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല, ഇതിനായി കാത്തുനില്‍ക്കുകയാണെന്നും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
മംഗഫ് ബ്ലോക് നാലിലെ മലയാളിയുടെ ഉടമസ്ഥതയിലുള്ള കംപനിയുടെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. ബുധനാഴ്ച പുലര്‍ചെ നാലുമണിക്ക് ആരംഭിച്ച തീ കെട്ടിടത്തില്‍ ആളിപടരുകയായിരുന്നു. മലയാളികള്‍ അടക്കം ഒട്ടേറെ പേരാണ് കാംപില്‍ താമസിക്കുന്നത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയവര്‍ക്കും പുക ശ്വസിച്ചവര്‍ക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.
#Kuwait Mangaf Fire: Initial causes indicate poor storage on the ground floor and the presence of many gas cylinders, Firefighters, MOI and MOH to assess the deaths and injuries.. #الكويت pic.twitter.com/LNCpkhZdae
— Ayman Mat News (@AymanMatNews) June 12, 2024
അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും പലരുടേയും നില ഗുരുതരമാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നു. 45ലധികം തൊഴിലാളികള്‍ ഗുരുതരമായ പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. നിലവില്‍ 21 കേസുകളാണ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അല്‍-അദാന്‍ ഹോസ്പിറ്റല്‍, അല്‍-ഫര്‍വാനിയ ആശുപത്രി എന്നിവിടങ്ങളില്‍ ആറുപേര്‍, അല്‍-അമിരിയില്‍ ഒരാള്‍, മുബാറക് ഹോസ്പിറ്റലില്‍ 11 പേര്‍, ജാബര്‍ ഹോസ്പിറ്റലില്‍ നാലുപേരെയുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരുക്കേറ്റവരെ ചികിത്സിക്കാന്‍ ആവശ്യമായ ശ്രമങ്ങള്‍ നടത്താന്‍ എല്ലാ മെഡികല്‍ തീവ്രപരിചരണ വിഭാഗത്തിനും നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.