ഗ്രീസില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച കപ്പല്‍ മുങ്ങി അപകടം; 3 പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി; തിരച്ചില്‍ ഊര്‍ജിതമാക്കി വ്യോമ-നാവിക സേനകള്‍
Dec 23, 2021, 17:33 IST
ഏഥന്‍സ്: (www.kvartha.com 23.12.2021) ഗ്രീസില്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച കപ്പല്‍ മുങ്ങി അപകടം. മൂന്ന് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. ഈജിയന്‍ സമുദ്രത്തില്‍ വ്യോമ-നാവിക സേനകള്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. ബോടില്‍ 32 പേരുണ്ടായിരുന്നെന്നും ബോടിലേക്ക് വെള്ളം കയറിയതാണ് അപകട കാരണമെന്നും രക്ഷപ്പെട്ടവര്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ ബോടില്‍ 50 പേരുണ്ടായിരുന്നുവെന്ന് യാത്രക്കാരിലൊരാള്‍ മൊഴി നല്‍കി.
ഏഥന്‍സിന് 180 കിലോമീറ്റര്‍ തെക്കുകിഴക്കായി തെക്കന്‍ സൈക്ലേഡ്സിലെ ഫോലെഗാന്‍ഡ്രോസ് ദ്വീപില്‍ നിന്ന് ഇറാഖില്‍ നിന്നുള്ളവരെന്ന് കരുതപ്പെടുന്ന 12 പേരെ രക്ഷിച്ചതായും മരിച്ചവരുടെ മൃതദേഹം കണ്ടെടുത്തതായും കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു. 11 പുരുഷന്മാരെയും ഒരു സ്ത്രീയെയും സമീപത്തെ സാന്റോറിനി ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, ബോടിന് എന്‍ജിന്‍ തകരാര്‍ സംഭവിച്ചതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി ഓപെറേഷന്‍ ആരംഭിച്ചതെന്ന് കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.
ഏഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്യുന്ന ആളുകള്‍ക്ക് യൂറോപ്യന്‍ യൂനിയനിലേക്കെത്തുന്നതിന് ഏറ്റവും പ്രശസ്തമായ പാതകളില്‍ ഒന്നാണ് ഗ്രീസ്. തുര്‍കി തീരത്തുനിന്ന് അടുത്തുള്ള കിഴക്കന്‍ ഈജിയന്‍ ഗ്രീക് ദ്വീപുകളിലേക്ക് ചെറുതോണികളിലാണ് മിക്കവരും സഞ്ചരിക്കാറുള്ളത്.
എന്നാല്‍ പട്രോളിങ് വര്‍ധിപ്പിക്കുകയും, പിടിക്കപ്പെടുന്നവരെ തിരികെ തുര്‍കിയിലേക്ക് നാടുകടത്തുകയും ചെയ്യുമെന്ന ആരോപണത്തെത്തുടര്‍ന്ന്, പലരും വലിയ കപ്പലുകളില്‍ ദൈര്‍ഘ്യമേറിയ വഴികളിലൂടെയാണ് സഞ്ചാരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.