Attack | പാകിസ്‌താനിൽ ബസിൽ യാത്ര ചെയ്യുകയായിരുന്ന 23 പേർ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചു
* മുസാഖേൽ ജില്ലയിലെ രാരാ ഹാഷിം ഏരിയയിലാണ് സംഭവം
* നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
ബലൂചിസ്താൻ: (KVARTHA) പാകിസ്‌താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബസിൽ യാത്ര ചെയ്യുകയായിരുന്ന 23 പേർ തോക്കുധാരികളുടെ വെടിയേറ്റ് മരിച്ചു. ഇവരെല്ലാം പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ളവരാണ്. മുസാഖേൽ ജില്ലയിലെ രാരാ ഹാഷിം ഏരിയയിൽ വെച്ച് പഞ്ചാബിൽ നിന്ന് ബലൂചിസ്താനിലേക്ക് വരികയായിരുന്ന ബസിൽ യാത്ര ചെയ്തിരുന്നവരാണ് കൊല്ലപ്പെട്ടത്.
ബലൂച് ലിബറേഷൻ ആർമി എന്ന സംഘടന ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഇവർ പ്രവിശ്യയിലേക്കുള്ള വിവിധ പ്രദേശങ്ങളിൽ നിന്നുള്ള റോഡുകൾ തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. തോക്കുധാരികളായ ഒരു സംഘം റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി, യാത്രക്കാരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചതായും ബലൂചിസ്താനിൽ നിന്ന് അല്ലാത്തവരെ തിരഞ്ഞെടുത്താണ് വെടിവെയ്‌പ് നടത്തിയതെന്നും ബിബിസി റിപ്പോർട്ട് ചെയ്‌തു. നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.
വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് അസിസ്റ്റൻറ് കമ്മീഷണർ മൂസ ഖേൽ നജീബ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ബലൂചിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ നിരവധി ബോംബ് സ്ഫോടനങ്ങളും ആക്രമണങ്ങളും നടന്നിരുന്നു. ജിയുനിയിലെ പൊലീസ് സ്റ്റേഷന് പുറത്ത് മൂന്ന് വാഹനങ്ങൾക്ക് തീയിടുകയും മസ്‌തുങ് ജില്ലയിലെ പോലീസ് സ്‌റ്റേഷൻ ആക്രമിക്കുകയും ചെയ്തിരുന്നു. ബലൂചിസ്ഥാൻ മുഖ്യമന്ത്രി മിർ സർഫറാസ് ബുഗ്തി സംഭവത്തെ അപലപിച്ചു. അടിയന്തര യോഗവും വിളിച്ചു.
#Balochistan #Pakistan #Terrorism #Attack #RIP #SouthAsia