Viral Video | ലന്‍ഡനിലെ തെരുവില്‍ ലുങ്കി ഉടുത്ത് സൂപര്‍ മാര്‍കറ്റില്‍ പോകുന്ന യുവതിയുടെ വീഡിയോ വൈറല്‍


*ദക്ഷിണേന്‍ഡ്യക്കാരുടെ സ്വന്തം 'ലുങ്കി' യൂറോപിലും യുഎസിലും വീണ്ടും സാന്നിധ്യം അറിയിച്ചിരിക്കുന്നു
*ലുങ്കിയുടുത്ത യുവതിയെ ആളുകള്‍ നോക്കിയത് അത്ഭുതത്തോടെ
ലന്‍ഡന്‍: (KVARTHA) ഇന്നത്തെ കാലത്ത് വിദേശത്തേക്ക് പോകുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. പഠിച്ച് കഴിഞ്ഞാല്‍ ഭൂരിഭാഗം പേരും ജോലി തേടി പോകുന്നത് വിദേശത്താണ്. ജോലി ലഭിച്ചശേഷം കുടുംബങ്ങളുമൊത്ത് അവിടെ തന്നെ കഴിയാനാണ് പലരും ഇഷ്ടപ്പെടുന്നത്. ചിലര്‍ പോകുമ്പോള്‍ തങ്ങളുടെ സംസ്‌കാരവും കൂടെ കൂട്ടും.
ഇവയൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്റിംഗായി മാറുന്നതും പതിവാണ്. അത്തരത്തില്‍ ദക്ഷിണേന്‍ഡ്യക്കാരുടെ സ്വന്തം 'ലുങ്കി' ഇപ്പോള്‍ യൂറോപിലും യുഎസിലും വീണ്ടും സാന്നിധ്യം അറിയിച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസം ലന്‍ഡന്‍ തെരുവില്‍ ഒരു യുവതി തമിഴ് നാടിന്റെ സ്വന്തം ലുങ്കിയും ഉടുത്ത് ഇറങ്ങിയപ്പോള്‍ അത് അവിടെ ഉള്ളവര്‍ക്കെല്ലാം പുതുമയുള്ള കാഴ്ചയായിരുന്നു. അതുകൊണ്ടുതന്നെ യുവതിയുടെ ലുങ്കി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. നിരവധി പേരാണ് വീഡിയോ ഇതിനകം തന്നെ കണ്ടുകഴിഞ്ഞത്. വര്‍ഷങ്ങളായി ലന്‍ഡനില്‍ താമസിക്കുന്ന ഇന്‍ഡ്യന്‍ തമിഴ് വംശജ valerydaania ആണ് വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം അകൗണ്ടില്‍ പങ്കുവച്ചത്. 'ലന്‍ഡനില്‍ ലുങ്കി ധരിക്കുന്നു' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
വീഡിയോയില്‍, വലേരി ഒരു നീല ലുങ്കിയും ഒരു പ്ലെയിന്‍ ടീ ഷര്‍ടും ധരിച്ച് ലന്‍ഡനിലെ തെരുവിലൂടെ സൂപര്‍മാര്‍കറ്റിലേക്ക് പോകുന്നതാണ് കാണുന്നത്. ഒരു പ്രായം ചെന്ന സ്ത്രീയോട് തന്റെ വസ്ത്രം എങ്ങനെയുണ്ടെന്ന് വലേരി ചോദിക്കുമ്പോള്‍ അവര്‍ 'ഐ ലൗ ഇറ്റ്' എന്ന് മറുപടി നല്‍കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
ചിലര്‍ അവളെ ആ വസ്ത്രത്തില്‍ അഭിനന്ദിച്ചു. മറ്റ് ചിലര്‍ അത്ഭുതത്തോടെ നോക്കി. ചിലര്‍ ഇതെന്ത് എന്ന മട്ടില്‍ നോക്കുന്നതും കാണാം. വലേരി ഇടയ്ക്ക് ലുങ്കി മാടിക്കുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെടുന്നതും വീഡിയോയില്‍ കാണാം.
മറ്റൊരു രാജ്യത്തേക്ക് ജീവിതം മാറ്റിയിട്ടും ഇപ്പോളും സ്വന്തം സംസ്‌കാരം സംരക്ഷിക്കുന്നതില്‍ വലേരിയയെ നിരവധി പേര്‍ അഭിനന്ദിച്ചു.