Dowry | സ്ത്രീ തന്നെ ഒരു ധനം അല്ലേ, പിന്നെ എന്തിന് സ്ത്രീധനം?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(KVARTHA) ഇന്ന് സ്ത്രീധനം എന്നത് നമ്മുടെ സംസ്ഥാനത്ത് വലിയൊരു വിപത്ത് ആയി മാറിക്കൊണ്ടിക്കുകയാണ്. പലർക്കും സ്ത്രീ എന്നത് സുഖം അനുഭവിക്കാനുള്ള ധനമെന്ന അവസ്ഥയിലായിരിക്കുന്നു കാര്യങ്ങൾ. ഒരു പെണ്ണിനെ വിവാഹം കഴിച്ച് നല്ലൊരു രീതിയിൽ സ്ത്രീധനവും വാങ്ങി ഒരു ജോലിയും ഇല്ലെങ്കിലും സുഖമായി വാഴാമെന്ന് ചിന്തിക്കുന്ന ചെറുപ്പക്കാരുടെ എണ്ണവും നാട്ടിലെങ്ങും ഏറുകയാണ്. സ്ത്രീധനത്തിൻ്റെ പേരിൽ നടക്കുന്ന ഗാർഹീക പീഡനങ്ങളും ചെറുതല്ല.

വിവാഹം കഴിച്ചെത്തുന്ന ധാരാളം സ്ത്രീകൾ സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവിൻ്റെ വീട്ടിൽ പീഡനമേൽക്കുന്നത് ഇന്ന് നിരന്തരമായി വരുന്ന വാർത്തയാണ്. ഇതിൻ്റെ പേരിൽ നടക്കുന്ന ആത്മഹത്യകളും ചെറുതല്ല. എന്തായാലും ഇത് ഇന്നാടിൻ്റെ ഒരു ശാപമാണ്. ഇതിനെതിരെ പ്രശസ്ത ഹൈക്കോടതി അഭിഭാഷക അഡ്വ. വത്സ മരങ്ങോലി എഴുതിയ കുറിപ്പ് ശ്രദ്ധിക്കപ്പെടേണ്ടതാണ്. അതിൽപറയുന്നത് ഇങ്ങനെയാണ്:
'സ്ത്രീധനം എന്ന അനാചാരം സ്‌ത്രീധനത്തിന്റെ പേരിലുള്ള പീഡനങ്ങളും, മരണങ്ങളും അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ സ്ത്രീധന വിരുദ്ധ അവബോധം സമൂഹത്തിൽ വളർത്തി എടുക്കേണ്ടത് അനിവാര്യം ആണ്. സ്ത്രീ തന്നെ ഒരു ധനം അല്ലേ, പിന്നെ എന്തിനു സ്ത്രീധനം? നമ്മുടെ നാട്ടിൽ മാത്രം കാണുന്ന സ്ത്രീധനം എന്ന ഈ അനാചാരം, സ്ത്രീധന നിരോധന നിയമം 62 വർഷങ്ങളായി നിലവിലുള്ള നമ്മുടെ രാജ്യത്തുനിന്ന് തുടച്ചുനീക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. സ്ത്രീധനത്തിന് എതിരെ സ്ത്രീകൾതന്നെ ഒരുമിച്ചു പോരാടേണ്ടിയിരിക്കുന്നു. മേലിൽ ഒരു സ്ത്രീയും നമ്മുടെ നാട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ മരിക്കാൻ പാടില്ല.
സ്ത്രീക്കും പുരുഷനും ഒരേ വിദ്യാഭ്യാസവും ഒരേ ജോലിയും, പിന്നെ സ്ത്രീയുടെ വിവാഹത്തിന് എന്തിന് സ്ത്രീധനം? ജോലിയില്ലാത്ത പെൺകുട്ടികൾ ഇപ്പോൾ ചുരുക്കം ആണ്. ജോലി ഇല്ലെങ്കിൽപോലും ഒരു കുടുംബജീവിതത്തിൽ അവൾ വഹിക്കുന്ന ചുമതല വളരെ വലുതാണ്. വീട്ടുജോലികൾ, കുഞ്ഞുങ്ങളുടെ വളർച്ചയിലും വിദ്യാഭ്യാസത്തിലും ഉള്ള പങ്ക്, നല്ലരീതിയിൽ കുടുംബം കൊണ്ടുപോകുന്നതിനുള്ള കഴിവ്, ഇതെല്ലാം ആരും കണക്കിൽ എടുക്കാത്ത സ്ത്രീധനം തന്നെ ആണ്. സ്ത്രീ കുടുംബത്തിന്റെ വിളക്ക് ആണ്, ഐശ്വര്യമാണ്, അമ്മയാണ്, ദേവിയാണ്.
സന്ധ്യക്കെന്തിനു സിന്ദൂരം, സ്ത്രീക്ക് എന്തിനു സ്ത്രീധനം? സ്ത്രീയെ ഒരു അടിമയായി സ്ത്രീധനം എന്ന അടിമകച്ചവടത്തുക കൊടുത്തു വിവാഹം എന്ന കല്ല്യാണച്ചന്തയിൽ വിൽക്കേണ്ട കാര്യം ഇല്ല. സ്ത്രീക്കും പുരുഷനും തമ്മിൽ എന്തിന് വിവേചനം? ലോകത്തിലെ എല്ലാ ഉന്നത സ്ഥാനങ്ങളും സ്ത്രീകൾ വഹിക്കുന്നുണ്ട്. സ്ത്രീ അടിമയും, അബലയും, തബലയും, പ്രൊഡക്ഷൻ കമ്പനിയും ഒന്നും അല്ല. അവൾക്ക് പുരുഷനൊപ്പവും അതിനപ്രവും കഴിവുകൾ ഉണ്ട്. സ്ത്രീധനം ആയി സ്വർണം, പണം, ഭൂമി, ഇവയൊന്നും കൂടാതെ നടത്തുന്ന വിവാഹത്തിനുമാത്രം പെൺകുട്ടികൾ തയ്യാറാകുക.
മാതാപിതാക്കൾ ഇതൊരു സ്റ്റാറ്റസ് സിംബലും മൽസരവും ആയി തുടങ്ങിയാൽ തിക്തഫലം അനുഭവിക്കുന്നത് പെൺകുട്ടികൾ ആയിരിക്കും. പണത്തെ അമിതമായി സ്നേഹിക്കുന്നവർക്ക് ഒരിക്കലും മനുഷ്യനെ സ്നേഹിക്കാനോ മനുഷ്യബന്ധങ്ങൾ കാത്തുസൂക്ഷിക്കാനോ കഴിയില്ല. സ്ത്രീധനം ചോദിക്കുന്ന വിവാഹം വേണ്ടായെന്നു തീരുമാനിക്കാനുള്ള ധൈര്യം ഓരോ പെൺകുട്ടിക്കും അവരുടെ മാതാപിതാക്കൾക്കും ഉണ്ടാകണം. എങ്കിൽമാത്രമേ തുടർന്നുപോരുന്ന ഈ അനാചാരത്തിനു ഒരു അവസാനം ഉണ്ടാകൂ'.
ഇതാണ് ആ ലേഖനം. ഇന്ന് പവിത്രവും പരിപാവനവുമായി കാണുന്ന വിവാഹമെന്ന കർമ്മം ഒരു കച്ചവടമായി മാറുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണ് ഈ ലേഖനത്തിൽ പറയുന്നത്. സ്ത്രീയെ ഒരു കച്ചവടച്ചരക്ക് ആക്കുന്ന സമ്പ്രദായമായി മാറിയിരിക്കുന്നു ഈ സ്ത്രീധന സമ്പ്രദായം. പലരും ഇതിനെതിരെ ഘോരഘോരം, പ്രസംഗിക്കുമെങ്കിലും സ്വന്തം കുടുംബത്തിലെ കാര്യം വരുമ്പോൾ ആദർശമെല്ലാം മറക്കുന്ന കാഴ്ചയാണ് പലപ്പോഴും നാം കണ്ടു വരുന്നത്.
തീർച്ചയായും ഇതിനെതിരെ പൊതുസമൂഹം ഒന്നിക്കേണ്ടത് ആവശ്യമായിരിക്കുകയാണ്. പുതു തലമുറയിലെങ്കിലും ഈ വിഷയത്തിൽ ഒരു മാറ്റം വരേണ്ടിയിരിക്കുന്നു. ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്നപോലെ സ്ത്രീധനം ആഗ്രഹിക്കുന്ന പുരുഷനെ വിവാഹം ചെയ്യില്ലെന്ന് ഒരു പെൺകുട്ടി തീരുമാനിച്ചാൽ അല്ലെങ്കിൽ ഇതിനെതിരെ പ്രതികരിച്ചാൽ ഒരുപാട് പെൺകുട്ടികൾക്ക് അത് പ്രചോദമാകും. അതാകും ഇതിനെതിരെയുള്ള പുതിയ മാറ്റത്തിന് വഴി തുറക്കുക.