Climate | 4.5 കോടി പേര്‍ രാജ്യത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെടും! വരാനിരിക്കുന്നത് വലിയ ദുരിതങ്ങള്‍; സര്‍ക്കാരുകളുടെ അടിയന്തിര ഇടപെടല്‍ വേണം

 
Weather


രാജ്യത്തെ 85 ശതമാനം പേരും ആഗോളതാപനം സൃഷ്ടിച്ച മാറ്റങ്ങളുടെ ദൂഷ്യങ്ങള്‍ നേരിട്ട് അനുഭവിച്ചവരാണ്

അർണവ് അനിത 

ന്യൂഡല്‍ഹി: (KVARTHA) കാലാവസ്ഥാ വ്യതിയാനം കാരണം രാജ്യത്തെ 14 ശതമാനം ആളുകള്‍ നാടും വീടും വിട്ട് മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. അമേരിക്കയിലെ യേല്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ ഉള്‍പ്പെട്ട മൂന്നിലൊന്ന് പേരും ഇത്തരത്തില്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കുന്നവരോ, താമസിക്കാന്‍ തീരുമാനിച്ചവരോ ആണ്. അതിതീവ്ര ചൂട്, വരള്‍ച്ച, കടല്‍ കരയിലേക്ക് കയറുക, വെള്ളപ്പൊക്കം എന്നിവ കാരണമാണ് ഇത്തരത്തില്‍ കടുത്തതീരുമാനം എടുത്തതെന്ന് ഇവര്‍ പറയുന്നു. രാജ്യത്തെ 85 ശതമാനം പേരും ആഗോളതാപനം സൃഷ്ടിച്ച മാറ്റങ്ങളുടെ ദൂഷ്യങ്ങള്‍ നേരിട്ട് അനുഭവിച്ചവരാണ്.

climate

അതിതീവ്രമായ വേനല്‍ക്കാലത്തിലൂടെയാണ് രാജ്യത്തെ പല പ്രദേശങ്ങളും കടന്ന് പോകുന്നത്. പലയിടത്തം താപനില 50 ഡിഗ്രി കടന്നു. മനുഷ്യര്‍ സൃഷ്ടിക്കുന്ന ആഗോളതാപനം ഒരു ദശാബ്ദത്തില്‍ 0.26 ഡിഗ്രി സെല്‍ഷ്യസ് എന്ന നിരക്കില്‍ പുരോഗമിക്കുന്നു. ഇക്കാര്യം നിരീക്ഷിച്ച് തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2014-2023 വരെ മനുഷ്യ സൃഷ്ടിയായ താപനില 1.19 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു, 2013-2022 കാലയളവില്‍ ഇത് 1.14 ഡിഗ്രി സെല്‍ഷ്യസായിരുന്നു. അതികഠിനമായ വേനലിനിടെയാണ് 18ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക ആശങ്കകളും ബിജെപി, കോണ്‍ഗ്രസ് പ്രകടനപത്രികകളില്‍ ഇടംനേടിയിരുന്നെങ്കിലും പാരിസ്ഥിതിക പ്രശ്നങ്ങള്‍ പ്രചരണത്തില്‍ ചര്‍ച്ചയായില്ല. 

കാലാവസ്ഥാ വ്യതിയാനം ജീവിതത്തിലും ഉപജീവനമാര്‍ഗത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇന്ത്യക്കാര്‍ ആശങ്കാകുലരാണെന്ന് പുതിയ ഗവേഷണങ്ങള്‍ പറയുന്നു. എന്നിട്ടും നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഈ വിഷയം ഗൗരവത്തിലെടുക്കുന്നില്ല. പല സംസ്ഥാനങ്ങളിലും വികസനപ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ പാരിസ്ഥിതിക നശീകരണം നടന്നുകൊണ്ടിരിക്കുന്നു. ചൂട് കൂടുന്നതിന് അനുസരിച്ച് വനനശീകരണവും സംഭവിക്കുന്നു. കഴിഞ്ഞ മാസം ഉത്തരാഖണ്ഡില്‍ ഹെക്ടര്‍ കണക്കിന് വനമാണ് കാട്ടുതീയില്‍ നശിച്ചത്. അതിനൊപ്പം എത്ര ജീവജാലങ്ങളും മണ്ണടിഞ്ഞുകാണും. സ്വാഭാവിക ആവാസവ്യവസ്ഥ അട്ടിമറിക്കാന്‍ ഭരണകൂടങ്ങള്‍ തന്നെ നേതൃത്വം നല്‍കുന്നു. 

ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഉദ്ഘാടനം ചെയ്തിട്ട് ഏഴ് കൊല്ലമായി. നര്‍മദാ താഴ് വരയില്‍ താമസിക്കുന്ന ആദിവാസി, ദളിത് വിഭാഗങ്ങളെ പുനരധിവസിപ്പിക്കണമെന്ന് സുപ്രീംകോടതിയും ട്രൈബ്യൂണലും ഉത്തരവിട്ടിട്ടും സര്‍ക്കാരത് നടപ്പാക്കിയിട്ടില്ല. വെള്ളപ്പൊക്കത്തിന് ആറ് മാസം മുമ്പ് പുനരധിവാസം നടത്തണമെന്നാണ് ഉത്തരവ്. ഇത്തരത്തില്‍ മനുഷ്യന് അടിസ്ഥാനമായി വേണ്ട കാര്യങ്ങള്‍ ചെയ്യാതെ ഗുജറാത്തില്‍, യു.എസ് ആസ്ഥാനമായ അര്‍ദ്ധചാലക കമ്പനിയുടെ യൂണിറ്റ് തുടങ്ങാന്‍ 70 ശതമാനം തുക അതായത് 16,000 കോടി രൂപ സബ്‌സിഡി നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചിരിക്കുന്നു. കേന്ദ്ര ഉരുക്ക് വ്യവസായ മന്ത്രി എച്ച്.ഡി കുമാരസ്വാമി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന കുടിയേറ്റം ദക്ഷിണേഷ്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇത്  ആളുകളെ നിര്‍ബന്ധിത കുടിയേറ്റത്തിനോ അല്ലെങ്കില്‍ ദുരിതപൂര്‍ണമായ കുടിയേറ്റത്തിനോ ഇടയാക്കുന്നു എന്ന് ഗവേഷകര്‍ പറയുന്നു. ബംഗ്ലാദേശിലെ നദികള്‍ കരകവിഞ്ഞൊഴുകുന്നത്, പാകിസ്ഥാനിലെയും ഇന്ത്യയിലെയും വെള്ളപ്പൊക്കം, നേപ്പാളിലെ മഞ്ഞുമലകള്‍ ഉരുകുന്നത്, ഇന്ത്യയിലും ബംഗ്ലാദേശിലും കടലുകള്‍ ഉയരുന്നു, വരണ്ട കാലാവസ്ഥ വര്‍ദ്ധിക്കുന്നു,  ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളിലും നെല്‍പാടങ്ങളിലും ഉണ്ടാകുന്ന അസാധാരണമായ കനത്ത മഴ, അല്ലെങ്കില്‍ ചുഴലിക്കാറ്റ്, വാസയോഗ്യമല്ലാത്ത താപനില ഇതെല്ലാം കാലാവസ്ഥാ പ്രേരിത കുടിയേറ്റം സൃഷ്ടിക്കുന്നു.  

എല്ലാ രാജ്യങ്ങളും നടപ്പാക്കുമെന്ന് ഒപ്പുവെച്ച കാലാവസ്ഥാ പ്രതിജ്ഞകളും ലക്ഷ്യങ്ങളും നേടിയില്ലെങ്കില്‍ ദുരിതം ഇനിയും വര്‍ദ്ധിക്കും. ഇത് കാരണം 2050 ഓടെ ഇന്ത്യയില്‍ 45 ദശലക്ഷം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെടുമെന്ന് ദക്ഷിണേഷ്യയിലെ ക്ലൈമറ്റ് ആക്ഷന്‍ നെറ്റ്വര്‍ക്കിന്റെ 2020 ഡിസംബറിലെ റിപ്പോര്‍ട്ട് പറയുന്നു. സസ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും വംശനാശം (86%), അത്യുഷ്ണതരംഗങ്ങള്‍ (85%), കാര്‍ഷിക കീടങ്ങളും രോഗങ്ങളും (87%), വരള്‍ച്ചയും ജലക്ഷാമവും (85%), കടുത്ത വായു മലിനീകരണം (85%), ക്ഷാമവും ഭക്ഷ്യക്ഷാമവും (83%), അതിശക്തമായ ചുഴലിക്കാറ്റുകള്‍ (76%), തീവ്ര വെള്ളപ്പൊക്കം (71%) ഉള്‍പ്പെടെയുള്ള വിവിധ പാരിസ്ഥിതിക അപകടങ്ങളെക്കുറിച്ച് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആശങ്കാകുലരാണെന്ന് യേല്‍ സര്‍വകലാശാല പഠനത്തിലും പറയുന്നു.  ഇതിന്റെയൊക്കെ ഫലങ്ങള്‍ വര്‍ദ്ധിക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്.  

രാജ്യത്തെ മൂന്നില്‍ ഒരാള്‍, കൊടും ചൂട്, വരള്‍ച്ച, സമുദ്രനിരപ്പ് വര്‍ദ്ധന, വെള്ളപ്പൊക്കം അല്ലെങ്കില്‍ മറ്റുള്ളവ കാരണം ഇതിനകം വാവസ്ഥലം വിട്ട് പോവുകയോ അല്ലെങ്കില്‍ മാറാന്‍ ആലോചിക്കുകയോ ചെയ്യുന്നു.  സര്‍വേയുടെ ഭാഗമായ 14 ശതമാനം പേരും ഇതിനകം കുടിയേറി കഴിഞ്ഞു. മറ്റ് ഗ്രാമത്തിലേക്കോ പട്ടണത്തിലേക്കോ നഗരത്തിലേക്കോ മാറാന്‍ ആലോചിക്കുന്നതായി 20% പേരും പറയുന്നു. വെള്ളപ്പൊക്കം, വരള്‍ച്ച എന്നീ ദുരിതങ്ങളില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നു. പ്രളയം സൃഷ്ടിച്ച നാശങ്ങളില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ മാസങ്ങളോളമോ അതില്‍ കൂടുതലോ സമയം വേണ്ടിവരുമെന്ന് സര്‍വേയുടെ ഭാഗമായ 75 ശതമാനം പേരും പറയുന്നു. അതുപോലെ കടുത്ത വരള്‍ച്ചയില്‍ നിന്ന് കരകയറാന്‍ മാസങ്ങളോളം എടുക്കുമെന്ന് 85% പേരും അഭിപ്രായപ്പെട്ടതായി സര്‍വേ പറയുന്നു.

രാജ്യത്ത് കുടിയേറ്റം പല കാരണങ്ങളാലാണ് സംഭവിക്കുന്നത്, അതിലൊന്നാണ് കാലാവസ്ഥാ വ്യതിയാനം. ബ്രഹ്‌മപുത്ര നദിയിലെ ആവര്‍ത്തിച്ചുള്ള വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ജീവിതവും ഉപജീവനവും അനിശ്ചിതത്വത്തിലായവര്‍ അസമിലെ ദ്വീപുകളില്‍ നിന്ന് കുടിയേറാന്‍ നിര്‍ബന്ധിതരാക്കുന്നു. മദ്ധ്യേന്ത്യയിലെ ജലസമ്മര്‍ദ്ദമുള്ള ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ എല്ലാ തെരഞ്ഞെടുപ്പുകളെയും പോലെ ഈ തിരഞ്ഞെടുപ്പ് സീസണിലും ജലലഭ്യതയും കുടിയേറ്റവും പ്രധാന വിഷയങ്ങളായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കൊടും ചൂടിനെ വകവെക്കാതെ ആളുകള്‍  ഗ്രാമങ്ങളില്‍ നിന്ന് ജോലി തേടി പോകുന്നു. കൊടുംചൂടത്തും ഇഷ്ടിക ചൂളകളില്‍ ജോലി ചെയ്യുന്നു.

റെക്കോര്‍ഡ് ചൂട്, അതിശക്തമയ പ്രളയം, കൊടുങ്കാറ്റുകള്‍ വരെ ഇന്ത്യയിലെ ജനജീവിതത്തെ മാറ്റിമറിക്കുന്നതായി യേല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ആന്റണി ലെയ്സെറോവിറ്റ്‌സ് പറഞ്ഞു. രാജ്യത്തെ പലര്‍ക്കും ഇപ്പോഴും ആഗോളതാപനത്തെക്കുറിച്ച് കൂടുതല്‍ അറിയില്ലെങ്കിലും, കാലാവസ്ഥ മാറിക്കൊണ്ടിരിക്കുകയാണെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. അതിലവര്‍ ആശങ്കാകുലരാണ്.

ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ ആയിരത്തിലധികം വീടുകളില്‍ നേരിട്ട് ചെന്ന് കണ്ടാണ്  ഗവേഷകര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മൂന്നില്‍ രണ്ട് കുടുംബങ്ങളും മറ്റെവിടെയെങ്കിലും ജോലി തേടുകയും അതിന്റെ ഭാഗമായി കുടിയേറാന്‍ നിര്‍ബന്ധിതരായി. മൂന്നില്‍ രണ്ട് പേരും വരള്‍ച്ചയും നാലിലൊന്ന് പേര്‍ വെള്ളപ്പൊക്കവും ഏകദേശം 10% ആലിപ്പഴവര്‍ഷവും കാരണമാണ് കുടിയേറിയതെന്ന് പറഞ്ഞു. ദക്ഷിണേന്ത്യയിലും കാലാവസ്ഥാ പ്രശ്‌നം വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. 2018ലെ പ്രളയ ശേഷം കേരളത്തിലെ കാലാവസ്ഥ അടിമുടി മാറിയിരിക്കുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും സമഗ്രമായ നടപടികളുണ്ടാകുന്നില്ല. തൊഴിലിനും ജീവിക്കാനുമായി മനുഷ്യന്‍ നാടുംവീടും ഉപേക്ഷിക്കുകയാണ്. ഇത് സൃഷ്ടിക്കുന്ന സാമ്പത്തിക-മാനസിക പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia