ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കനത്തു തിമിര്‍ത്തു പെയ്യുകയും മനുഷ്യജീവിതത്തെ മുറുകെ പൂട്ടിയിടുകയും ചെയ്യുന്നതു മൂലം കള്ളക്കര്‍ക്കിടകമെന്നു പേരു കേള്പ്പിക്കാറുളള മഴക്കാലത്തിന്റെ തുടക്കം ഇക്കുറി ആശങ്കാജനകമായിരുന്നു. തുള്ളിക്കൊരുകുടം പേമാരി എന്ന മട്ടില്‍ തിമിര്‍ത്തു പെയ്യാറുണ്ടായിരുന്ന കര്‍ക്കിടക കലി ഇക്കുറി അടങ്ങിപ്പാര്‍ത്തു.
ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന വയനാട്ടിലെ ലക്കിടിയില്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 210 മി.മീ. മഴയുടെ കുറവുണ്ടായിരുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. എന്തിനേറെ മെയ് പകുതിയോടെ മഴക്കാലം ആരംഭിക്കുന്ന വയനാട്ടില്‍ ഇത്തവണ മഴ വളരെ വൈകിയാണ് പെയ്യാനാരംഭിച്ചത്. അതും ചിനുങ്ങിച്ചിനുങ്ങി മാത്രം. പിന്നെ അതും ഉണ്ടായില്ല. വയനാട്ടില്‍ ഇടമുറിയാതെ മഴ പെയ്യേണ്ട സമയത്ത് തീര്‍ത്തും വരണ്ട കാലാവസ്ഥയാണ് തുടര്‍ന്നത്. കിണറുകളും ജലാശയങ്ങളും വറ്റി വരണ്ടു. എന്തിനേറേ കിണറുകള്‍ ജലം ചുരത്താതെ വറ്റിയപ്പോള്‍ ടാങ്കറില്‍ കുടിവെള്ളം വിതരണം ചെയ്യേണ്ടി വന്നതും 2012 ലെ വയനാട്ടിലെ മഴക്കാലത്തിന്റെ ശോഷിച്ച കഥയായി. മഴയേറ്റവും ലഭിക്കുന്ന വയനാട്ടിലെ സ്ഥിതി ഇങ്ങനെയായിരുന്നുവെങ്കില്‍ മറ്റു ജില്ലകളുടെ കാര്യം ഇതിലേറെ പരിതാപകരമായിരുന്നു.
മഴ പെയ്യാതെ കര്‍ക്കിടകം ചൂടുപിടിച്ചു പൊറുതി മുട്ടിയപ്പോള്‍ മഴക്കാല രോഗങ്ങള്‍ക്കു പകരം വേനല്‍ക്കാല രോഗങ്ങള്‍ ജനങ്ങളെ വലച്ചു. പനിയും നീര്‍ക്കെട്ടും ജനങ്ങളെ വിടാതെ പിടി കൂടി. കാലാവസ്ഥയുടെ പ്രവചനാതീതാവസ്ഥ ദുര്‍ബല ശരീരര്ക്കും നല്ല ആരോഗ്യമുള്ളവര്‍ക്കും ഒരു പോലെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു
നല്ല മൂത്ത വേനലിന്റെ ചൂടില്‍ പൂക്കുന്ന കണിക്കൊന്ന പൂത്ത കര്‍ക്കിടമെന്ന പേരുദോഷവും 2012 ലെ കര്‍ക്കിടകത്തിനു വീണുകിട്ടി. ആരോഗ്യപരിപാലന മാസമെന്ന നിലയില്‍ നടത്തേണ്ട ചികിത്സാ മുറകള്‍ പ്രയോഗിക്കാനാവാതെ മനുഷ്യന് ഗതികേടിലായി. കര്‍ക്കിടക കഞ്ഞി കുടിക്കാനുള്ള തണുപ്പും ഈ കര്‍ക്കിടകം കനിഞ്ഞു നല്‍കാതെ ചതിച്ചു.
മഴ പെയ്യാത്തതു മൂലം കേരളത്തിന്റെ ഭാവി ഇരുളടഞ്ഞതായിരിക്കുമെന്ന ആശങ്കയുണരുന്നു. കേരളം ജലപദ്ധതികളുടെ നാടാണ്. കുറഞ്ഞ നിരക്കില്‍ യഥേഷ്ടം വൈദ്യതി ലഭിക്കുന്ന സംസ്ഥാനമെന്ന അസൂയാര്‍ഹമായ പദവി നിലനിര്‍ത്തിപ്പോന്ന സംസ്ഥാനം. ഏപ്രില്‍, മെയ് മാസങ്ങളിലെ ഉഷ്ണത്താല്‍ ജലസ്രോതസ്സുകള്‍ വരണ്ടുപോകുന്നതിന്റെ പവര്‍കട്ട് പരിഹരിക്കപ്പെടുന്ന സമയമാണ് പൊതുവേ ജൂണ്‍, ജൂലായ് മാസങ്ങള്‍. എന്നാല്‍ ആ പതിവും ഇത്തവണ തെറ്റി. മഴയില്ലാത്തതിനാല്‍ പവര്‍കട്ട് ഏര്‍പ്പെടുത്തേണ്ടതിനെക്കുറിച്ച് വളരെ നേരത്തെ ചിന്തിക്കേണ്ട ഗതികേടിലായി സംസ്ഥാന വൈദ്യുതി ബോര്‍ഡ്.
കാര്‍ഷിക രംഗത്തോട് വിട പറഞ്ഞു കൊണ്ടിരിക്കുന്ന കേരളത്തിന് ഇത്തവണത്തെ മഴയുടെ കാലുവാരല്‍ വലിയ ആഘാതം സൃഷ്ടിച്ചു. ചെറിയ തോതിലെങ്കിലും അങ്ങിങ്ങ് നില നിന്നിരുന്ന കൃഷി വെള്ളം കിട്ടാതെ ഉണങ്ങി വരണ്ടത് കൃഷിക്കാരന് എന്ന ജീവിയുടെ വംശനാശം കുറിക്കുമോ എന്ന ഭീഷണിയുണര്‍ത്തി.
അങ്ങിനെ, ആകെ പ്രതിസന്ധിയിലായിരിക്കേയാണ് മഴ മറ്റൊരു ആഘാതം ഏല്പിച്ചത്. ഉത്തരേന്ത്യയില്‍ മേഘസ്ഫോടനമെന്ന മിന്നല്‍ പ്രളയമഴയും കേരളത്തില്‍ ഉരുള്‍പൊട്ടലില്‍ കലാശിച്ച കനത്ത പേമാരിയുമായി മഴ കലിതുള്ളിയത് ശാസ്ത്രത്തിന്റെ കുതിച്ചു ചാട്ടത്തിലും പ്രകൃതിയുടെ ശക്തിക്കു മുമ്പില്‍ മനുഷ്യന് നിസ്സഹായനാണെന്ന ബോധ്യപ്പെടുത്തല്‍ കൂടിയായി.
- ജെഫ്രി റെജിനോള്‍ഡ്.എം
Summary: This rainy season is very dry. Lack of rain causes many ecological and health problems to mankind. Though man is proud of his scientific acheivments like Curiostiy set down on Mars and such, the lack of rain and heavy rainfalling here and then are a warning to man how migthy the natural powers.
Keywords: Lack of rain, Draught, Heavy rainfall, Warning to Mankind.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

