Prohibited | കനത്തമഴ: ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പമ്പയില്‍ സ്നാനം ചെയ്യുന്നത് നിരോധിച്ചു
Sep 6, 2022, 14:27 IST
പത്തനംതിട്ട: (www.kvartha.com) ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് പമ്പയില്‍ സ്നാനം ചെയ്യുന്നത് നിരോധിച്ചു. കനത്തമഴയുടെ പശ്ചാത്തലത്തിലാണ് നടപടി. പമ്പയില്‍ തീര്‍ഥാടകര്‍ സ്നാനം ചെയ്യുന്നത് തടയുന്നതിന് ബാരികേഡുകള്‍ ക്രമീകരിക്കണമെന്നും നദിയിലേക്ക് തീര്‍ഥാടകര്‍ ഇറങ്ങുന്നില്ലായെന്നുള്ളത് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യരാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്.
അതേസമയം ഓണനാളുകളിലെ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട വൈകീട്ട് 5 മണിക്ക് തുറക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടി പൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ നടക്കും.
ഭക്തര്‍ ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കലില്‍ ഭക്തര്‍ക്കായി സ്പോട് ബുകിംഗ് കൗന്ഡറുകളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ഈ ഭക്തര്‍ക്കായി ഉത്രാടം മുതല്‍ ചതയം വരെ ഓണ സദ്യയും ഒരുക്കും. സെപ്തംബര്‍ 10 ശനിയാഴ്ച രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.
അതിനിടെ, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറന്‍ജ് ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മഞ്ഞ ജാഗ്രതയും നല്‍കിയിട്ടുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് വ്യാഴാഴ്ച വരെ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പെടുത്തി. ഉത്രാട ദിനമായ നാളെ എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള എട്ട് ജില്ലകളിലും തിരുവോണ ദിനത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം സംസ്ഥാനത്തെത്തും. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് സംഘമെത്തുക. ജലനിരപ്പ് ഉയര്‍ന്ന ഇടമലയാര്‍ അണക്കെട്ടില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.