Weather | ഇടയ്ക്കിടെ മഴ വരാം; വാഹനമോടിക്കുന്നവർ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങൾ

 
Safety tips for driving in the rain
Safety tips for driving in the rain

Representational Image Generated by Meta AI

● മഴ മൂലം  ധാരാളം അപകടങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിൽ ഏറെയും റോഡപകടങ്ങളാണ്. 
● നിങ്ങളുടെ വാഹനത്തില്‍, പ്രത്യേകിച്ച് നനഞ്ഞ റോഡുകളില്‍ മികച്ച നിയന്ത്രണം നിലനിര്‍ത്താന്‍ വേഗത കുറയ്ക്കുക.
● റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ശ്രദ്ധിക്കുക, ഇത് ഹൈഡ്രോപ്ലേനിംഗിന് കാരണമാകും. 

മിൻ്റു തൊടുപുഴ

(KVARTHA) ഇന്ന് പലപ്പോഴും പ്രതീക്ഷിക്കാത്ത മഴയാണ് കേരളത്തിൽ പലയിടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്. വയനാട് പോലുള്ള സ്ഥലങ്ങളിൽ ഇങ്ങനെയുണ്ടായ മഴ വില്ലനായി എത്തി അനേകം പേരുടെ ജീവൻ എടുത്തതും നാം കണ്ടതാണ്. ഡിസംബർ മാസത്തിലും പല സ്ഥലങ്ങളിലും ശമനമില്ലാതെ മഴ തുടരുന്നു എന്നതാണ് വാസ്തവം. മഴ മൂലം  ധാരാളം അപകടങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു. അതിൽ ഏറെയും റോഡപകടങ്ങളാണ്. 

വാഹനം ഓടിച്ച് റോഡിൽ ഇറങ്ങുമ്പോൾ പ്രതീക്ഷിക്കാതെ പെയ്യുന്ന മഴ ചിലരെയെങ്കിലും അപകടത്തിലാക്കുന്നു എന്നതാണ് സത്യം. ഈ അവസരത്തിൽ 'മഴക്കാലമാണ് വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം' എന്ന തലക്കെട്ടോടെ കെഎസ്ആർടിസി - ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ പേരിൽ വന്ന കുറിപ്പാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. അതിൽ മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. 

1. വേഗത കുറയ്ക്കുക: 

നിങ്ങളുടെ വാഹനത്തില്‍, പ്രത്യേകിച്ച് നനഞ്ഞ റോഡുകളില്‍ മികച്ച നിയന്ത്രണം നിലനിര്‍ത്താന്‍ വേഗത കുറയ്ക്കുക.
 

2. പിന്തുടരുമ്പോള്‍ വാഹനങ്ങള്‍ തമ്മിലുള്ള അകലം വര്‍ദ്ധിപ്പിക്കുക: 

വാഹനത്തിന്‍റെ കൃത്യമായ നിയന്ത്രണം നിലനിര്‍ത്തുന്നതിന് നിങ്ങളുടെ മുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കുക.

3. ഹെഡ്ലൈറ്റുകള്‍ ഉപയോഗിക്കുക: 

മഴ കൂടുതൽ ഉള്ള സമയങ്ങളിൽ ആവശ്യമെങ്കിൽ പകല്‍സമയത്തും ദൃശ്യപരത വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ഹെഡ്ലൈറ്റുകള്‍ ഓണാക്കുക.

4. ഹൈഡ്രോപ്ലേനിംഗ് ശ്രദ്ധിക്കുക: 

റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ശ്രദ്ധിക്കുക, ഇത് ഹൈഡ്രോപ്ലേനിംഗിന് കാരണമാകും. വാഹനങ്ങള്‍ മുന്നോട്ട് സഞ്ചരിക്കുന്നതും, ബ്രേക്കിംഗും, സ്റ്റീയറിംഗ് ആക്ഷനുകളും എല്ലാം ഡ്രൈവ് ചെയ്യുന്ന വ്യക്തി നീയന്ത്രിക്കുന്നതാണ്. എങ്കിലും റോഡുമായി വാഹനത്തിന്‍റെ ബന്ധം സ്ഥാപിക്കുന്നത് ടയര്‍ മാത്രമാണ്. 

വെള്ളം കെട്ടി നില്‍ക്കുന്ന റോഡില്‍ വേഗത്തില്‍ വാഹനം ഓടിക്കുമ്പോള്‍ ടയറിന്‍റെ പമ്പിംഗ് ആക്ഷന്‍ മൂലം ടയറിന്‍റെ താഴെ വെള്ളത്തിന്‍റെ ഒരു പാളി രൂപപ്പെടുന്നു. സാധാരണ ഗതിയില്‍ ടയര്‍ റോഡില്‍ സ്പര്‍ശിക്കുന്നിടത്തെ ജലം ടയറിന്‍റെ ത്രെഡിന്‍റെ സഹായത്തോടെ (Impeller action)ചാലുകളില്‍ കൂടി (Spill way)പമ്പ് ചെയ്ത് കളഞ്ഞ്, ടയറും റോഡും തമ്മിലുള്ള ഘര്‍ഷണം നിലനിര്‍ത്തും. 

എന്നാല്‍ ടയറിന്‍റെ വേഗത കൂടുന്തോറും പമ്പ് ചെയ്ത് പുറന്തള്ളാന്‍ കഴിയുന്ന അളവിനേക്കാള്‍ കൂടുതല്‍ വെള്ളം ടയറിനും റോഡിനും ഇടയിലേക്ക് അതിമര്‍ദ്ദത്തില്‍ ട്രാപ് ചെയ്യപ്പെടുകയും വെള്ളം കംപ്രസിബിള്‍ അല്ലാത്തതു കൊണ്ട് തന്നെ ഈ മര്‍ദ്ദം മൂലം ടയര്‍ റോഡില്‍ നിന്ന് ഉയരുകയും ചെയ്യും. 

അങ്ങിനെ ടയറിന്‍റെയും റോഡിന്‍റെയും തമ്മിലുള്ള ബന്ധം വിഛേദിക്കുന്ന അത്യന്തം അപകടകരമായ പ്രതിഭാസമാണ് ഹൈഡ്രോപ്ലേനിംഗ് അഥവാ അക്വാപ്ലേനിംഗ്.  നിങ്ങളുടെ വാഹനം ഹൈഡ്രോപ്ലെയിന്‍ ചെയ്യാന്‍ തുടങ്ങുകയാണെങ്കില്‍, ആക്സിലറേറ്റര്‍ മെല്ലെ ഒഴിവാക്കി നിയന്ത്രണം വീണ്ടെടുക്കുന്നതുവരെ പതിയെ മുന്നോട്ടു നീങ്ങുക.

5. ബ്രേക്കുകള്‍ പരിപാലിക്കുക: 

നനഞ്ഞ അവസ്ഥയില്‍ ഫലപ്രദമായ സ്റ്റോപ്പിംഗ് പവര്‍ നല്‍കുന്നതിന് നിങ്ങളുടെ ബ്രേക്കുകള്‍ നല്ല നിലയിലാണെന്ന് ഉറപ്പാക്കുക.

6. കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക: 

യാത്രയ്ക്ക് മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പുകൾ പരിശോധിക്കുകയും സാഹചര്യങ്ങള്‍ മാറുന്നതിന് തയ്യാറാകുകയും ചെയ്യുക.

7. ടേണ്‍ സിഗ്നലുകള്‍ നേരത്തെ ഉപയോഗിക്കുക:

മറ്റ് ഡ്രൈവര്‍മാര്‍ക്ക് പ്രതികരിക്കാന്‍ കൂടുതല്‍ സമയം നല്‍കുന്നതിന് പാത തിരിയുന്നതിനോ വാഹനം നിർത്തുന്നതിനോ വളരെ നേരത്തെ തന്നെ സിഗ്നല്‍ നല്‍കുക.

8. വലിയ ജംഗ്ഷനുകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കുക:

നനഞ്ഞ റോഡുകള്‍ സ്റ്റോപ്പിംഗ് ദൂരം വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ജാഗ്രതയോടെ ജംഗ്ഷനുകളില്‍ വാഹനമോടിക്കുക.

9. പെട്ടെന്നുള്ള പ്രവര്‍ത്തികള്‍ ഒഴിവാക്കുക:

നിങ്ങളുടെ വാഹനത്തിന്‍റെ നിയന്ത്രണം നിലനിര്‍ത്താന്‍ ക്രമാനുഗതമായി അക്സിലറേഷൻ, വേഗത കുറയ്ക്കല്‍ എന്നിവ നടത്തുക.

10. വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ ശ്രദ്ധിക്കുക:

നിങ്ങളുടെ വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകള്‍ നല്ല നിലയിലാണെന്ന് ഉറപ്പാക്കുകയും ഒപ്റ്റിമല്‍ ദൃശ്യപരതയ്ക്കായി ആവശ്യമെങ്കില്‍ അവ
മാറ്റിസ്ഥാപിക്കുകയും ചെയ്യുക.

11  എപ്പോഴും ശ്രദ്ധാലുവായിരിക്കുക:

റോഡിലും ചുറ്റുപാടുമുള്ള അവസ്ഥയിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വാഹനത്തിനുള്ളിലെ മറ്റു ശബ്ദങ്ങള്‍ കുറയ്ക്കുക. റോഡ് നിയമങ്ങൾ പാലിക്കാം. അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കാം. അപകടരഹിത യാത്ര തുടരാം.

മഴക്കാലമാണ് റോഡുകളിലൂടെ വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധവേണം. വെറുതെ അപകടം ക്ഷണിച്ചു വരുത്തരുത്. മുകളിൽ പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും അനുസരിക്കാൻ പരിശ്രമിക്കുക. ഈ ലേഖനം കൂടുതൽ പേരിലേയ്ക്ക് എത്തിക്കുകയും ചെയ്യുക.

#RainDrivingTips #RoadSafety #Hydroplaning #KeralaWeather #DrivingInRain #RainySeasonSafety

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia