Sea Receded | കുളത്തിലെ വെള്ളം പോലെ നിശ്ചലം; കോതി കടപ്പുറത്ത് കടല്‍ ഉള്‍വലിഞ്ഞത് പ്രാദേശികമായ പ്രതിഭാസമാണെന്ന് ദുരന്തനിവാരണ അതോറിറ്റി; സുനാമി മുന്നറിയിപ്പില്ലെന്നും തീരദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍
Oct 30, 2022, 08:41 IST
കോഴിക്കോട്: (www.kvartha.com) കോതി കടപ്പുറത്ത് കടല്‍ 50 മീറ്ററോളം ഉള്‍വലിഞ്ഞത് പ്രാദേശികമായ പ്രതിഭാസമാണെന്ന് ദുരന്തനിവാരണ അതോറിറ്റി. ആശങ്ക വേണ്ടെന്നും എന്നാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും കടലിലിറങ്ങുന്നവരും ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തീരത്ത് നിലവില്‍ സുനാമി മുന്നറിയിപ്പില്ലെന്നും തീരദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.
നിലവില്‍ സുനാമി മുന്നറിയിപ്പുകളില്ലെന്നും പ്രാദേശികമായി കാറ്റിന്റെ ദിശയിലുണ്ടായ മാറ്റമാവാം കടല്‍ ഉള്‍വലിഞ്ഞതിന് കാരണമെന്നുമാണ് ഹൈദരാബാദിലെ ഇന്‍ഡ്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ (ഇന്‍കോയ്‌സ്) പൊലീസിനെയും ജില്ലാ ഭരണകൂടത്തെയും അറിയിച്ചത്.
'നിലവില്‍ ലോകത്ത് എവിടെയും സുനാമി മുന്നറിയിപ്പുകളില്ല. ഫിലിപീന്‍സിന് സമീപം ലുസോണില്‍ 6.8 തീവ്രതയുള്ള ഭൂചലനം കഴിഞ്ഞദിവസം സംഭവിച്ചിരുന്നു. എന്നാല്‍ പിന്നീട് എവിടെയും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. കൊച്ചിയിലും ലക്ഷദ്വീപിലും തിരമാലകളുടെ ഉയരത്തില്‍ വ്യതിയാനമില്ല. അറബിക്കടലില്‍ ഭൂചലനമുണ്ടായതായും വിവരം ലഭിച്ചിട്ടില്ല.' മെറ്റ്ബീറ്റ് വെതര്‍ ഓഷ്യനോഗ്രഫര്‍ ഡോ. സി പി അബ്ദുല്ല അറിയിച്ചു.
സുനാമിക്കാലത്തും ഓഖിക്കാലത്തും കടല്‍ ഉള്‍വലിഞ്ഞിരുന്നുവെന്നതിനാല്‍ തീരദേശവാസികള്‍ പരിഭ്രാന്തിയിലായിരുന്നു. മീന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലും കടല്‍ ഉള്‍വലിഞ്ഞത് കാണാനും അനേകംപേര്‍ കടപ്പുറത്തെത്തി. തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അധികാരികളും മുന്നറിയിപ്പ് നല്‍കി.
ശനിയാഴ്ച വൈകിട്ടാണ് കോതി ഭാഗത്ത് കടല്‍ ഉള്‍വലിഞ്ഞതായി കാണപ്പെട്ടത്. കടലില്‍ തിരമാലകള്‍ തീരെയില്ലായിരുന്നു. കുളത്തിലെ വെള്ളം പോലെ കടല്‍ നിശ്ചലമായി കിടക്കുകയായിരുന്നു. ഉള്‍വലിഞ്ഞ കടല്‍ പതിയെ തിരിച്ചു കയറി തുടങ്ങി. രാത്രിയോടെയാണ് കടല്‍ കരയിലേക്ക് കയറി തുടങ്ങിയത്
അതേസമയം, കടല്‍ ഉള്‍വലിഞ്ഞ ഭാഗത്ത് ചെളി അടിഞ്ഞുകൂടിയിരുന്നു. കോര്‍പറേഷന്‍ ഓഫിസിന് മുന്നിലും 20 മീറ്ററോളം കടല്‍ പിന്‍വലിഞ്ഞിരുന്നു. എന്നാല്‍ രാത്രി 10 മണിയോടെ തിരികെയെത്തി.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി സൂര്യഗ്രഹണം നടന്നതിനുശേഷം തൊട്ടടുത്ത ദിവസങ്ങളില്‍ കടല്‍ ഒട്ടും തിരകളില്ലാതെ ശാന്തമായി കിടക്കുകയായിരുന്നു. ഇതിന് തൊട്ടുപിറകെയാണ് ശനിയാഴ്ച കടല്‍ ഉള്‍വലിഞ്ഞത്.
ശനിയാഴ്ചയാണ് തെക്കുകിഴക്കന്‍ മണ്‍സൂണ്‍ കിഴക്കന്‍തീരത്ത് സ്പര്‍ശിച്ചത്. കേരളത്തില്‍ തുലാവര്‍ഷമെന്ന് വിളിക്കുന്ന മഴക്കാലത്തിനാണ് ഇതോടെ കേരളത്തിലും തുടക്കമാവുന്നത്. എന്നാല്‍ കാറ്റിന്റെ ദിശയിലുണ്ടായ മാറ്റം കടല്‍ ഉള്‍വലിയുന്നതിന് കാരണമാവാറില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.