സംസ്ഥാനത്ത് കനത്ത മഴയും മണ്ണിടിച്ചിലും; മലവെള്ളപ്പാച്ചിലിലും ഉരുൾപൊട്ടലിലും 9 മരണം, ഒരാളെ കാണാതായി, 6 ജില്ലകളിൽ മഞ്ഞ ജാഗ്രത

 
Representational image reflecting heavy rain, landslides, and disaster rescue operations in Kerala

Representational Image Generated by GPT

ADVERTISEMENT

● ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിലിൽ കൃഷിയിട ഷെഡിലുണ്ടായിരുന്ന രണ്ട് പേർ മരിച്ചു
● കോട്ടയം ജില്ലയിൽ വാഗമൺ റോഡിലും വീടിന് മുകളിലേക്കും മണ്ണിടിഞ്ഞുവീണ് രണ്ട് പേർ മരിച്ചു
● പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു
● കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരം വീഴുകയും ഗതാഗതതടസ്സം ഉണ്ടാവുകയും ചെയ്തു

തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് മഴ ശക്തമാകുന്നു. തിങ്കളാഴ്ച (സെപ്റ്റംബർ 21) ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഞ്ഞ ജാഗ്രതയുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ച (സെപ്റ്റംബർ 20) അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് ഒൻപത് പേർക്കാണ് ജീവൻ നഷ്ടമായത്. കാണാതായ ഒരാൾക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Aster_MIMS

കോട്ടപ്പുഴയിൽ 5 മരണം

മലപ്പുറം പൂക്കോട്ടുംപാടം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മലവെള്ളം അപ്രതീക്ഷിതമായി ഇരച്ചെത്തി അഞ്ച് പേരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നടത്തിയ തെരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹം ലഭിച്ചത്. ഒരാളെക്കൂടി ഇനി കണ്ടെത്താനുണ്ട്. നിരവധി സന്ദർശകർ ഉണ്ടായിരുന്ന സമയത്താണ് മലവെള്ളം ഇരച്ചെത്തിയത്.

പുഴയിൽ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നൽകിയതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. മരിച്ചവരിൽ തിരൂർ സ്വദേശികളായ മുഹമ്മദ്കുട്ടി, മാങ്ങാടൻ അനസ് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇടുക്കി വട്ടവടയിൽ മണ്ണിടിച്ചിൽ

ഇടുക്കി മൂന്നാർ വട്ടവടയിൽ മണ്ണിടിച്ചിലിൽ കൃഷിയിടത്തിലെ ഷെഡിൽ ഇരുന്ന രണ്ട് പേരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊട്ടാക്കമ്പൂർ വില്ലേജിൽ അമ്മൻകോവിലിന് സമീപം താമസിച്ചിരുന്ന ബാലകൃഷ്ണൻ പെരുമാൾ, അയൽവാസി സി ചിന്നമ്മാൾ എന്നിവരാണ് മരിച്ചത്. ഇടുക്കിയിൽ ഇടവിട്ട് മഴ ശക്തമായി തുടരുകയാണ്. അടിമാലി പഴമ്പിള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരം വീണു. നേര്യമംഗലം-വാളറ റോഡിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മണ്ണിടിച്ചിൽ ഭീഷണി ഉള്ളതിനാൽ പഴയ മൂന്നാറിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. വാഹനങ്ങൾ ഇടക്ക പള്ളിക്ക് സമീപത്തുനിന്നും ഗ്യാപ്പ് റോഡിൽ പ്രവേശിച്ച് പൊലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്ന് ടൗണിൽ എത്തണമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

കോട്ടയത്ത് 2 മരണം; തീരദേശത്ത് ജാഗ്രത

കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ അപ്രതീക്ഷിതമായി പെയ്ത മഴയിലും മണ്ണിടിച്ചിലിലും രണ്ട് മരണമാണ് സ്ഥിരീകരിച്ചത്. വാഗമൺ-ഈരാറ്റുപേട്ട റോഡിൽ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് തമിഴ്നാട് സ്വദേശിയായ വിനോദസഞ്ചാരി സംഗീത മരിച്ചു. സംഗീതയുടെ ശരീരത്തിലേക്ക് വലിയ അളവിൽ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. 

പെരിങ്ങളത്ത് ഉറവപ്ലാവ് സ്വദേശി ജോസഫിൻ്റെ വീടിന് മുകളിലേക്കും മണ്ണിടിഞ്ഞുവീണു. മണ്ണിടിയുന്ന സമയത്ത് ജോസഫിനെ കൂടാതെ വീട്ടിൽ രണ്ട് മക്കൾ കൂടിയുണ്ടായിരുന്നു. നാട്ടുകാർ ചേർന്ന് മക്കളെ രക്ഷപ്പെടുത്തിയെങ്കിലും ജോസഫിൻ്റെ ജീവൻ രക്ഷിക്കാനായില്ല. രണ്ട് മാസം മുൻപ് പ്രളയത്തിൽ ഉരുൾപൊട്ടൽ സംഭവിച്ച മംഗളഗിരി ഭാഗത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായി ഒരു വീട് പൂർണമായും ഒലിച്ചുപോയി. മേഖലയിൽ മീനച്ചിലാർ പല ഭാഗത്തും കരകവിഞ്ഞൊഴുകുകയാണ്.

തുടർച്ചയായ മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ജലാശയങ്ങളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലും പ്രത്യേക ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. മരങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും സമീപം ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. 

അതിനിടെ, കള്ളക്കടൽ പ്രതിഭാസത്തിൻ്റെ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ രാത്രി 8.30 വരെ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. 

Article Summary: Heavy rains, landslides, and flash floods claimed nine lives across Kerala, with six districts placed on yellow alert and three under Kallakkadal warning.

#Kvartha #KeralaRain #MonsoonAlert #Landslide #Kottappuzha #IdukkiLandslide #Kallakkadal #KeralaDisaster #MalayalamNews #AmmuNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia