Rains Alert | കേരളത്തിൽ അതിശക്തമായ മഴ; ബാണാസുര സാഗർ ഡാമിൽ റെഡ് അലർട്ട്


അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനതപുരം: (KVARTHA) കേരളത്തിലെ വടക്കൻ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
സംസ്ഥാനത്തെ മറ്റ് ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.
ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 773 മീറ്ററിലെത്തി. ജലനിരപ്പ് 773.50 മീറ്റർ കടന്നാൽ അധികജലം ഒഴുക്കി വിടേണ്ടി വരും.
കനത്ത മഴയുടെയും കടലാക്രമണത്തിന്റെയും സാധ്യത കണക്കിലെടുത്ത്, തീരദേശത്തെ താമസക്കാരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.