Holiday | കനത്ത മഴ: പല സ്ഥലങ്ങളും വെള്ളത്തിനടിയില്‍: എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി; കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ബാധകം
Aug 30, 2022, 18:30 IST
കൊച്ചി: (www.kvartha.com) കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.
എറണാകുളം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ അഞ്ചുമണി മുതല്‍ കനത്ത മഴയാണ്. പ്രധാന നഗരമായ കൊച്ചിയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പെട്ടിക്കട മുതല്‍ റെയില്‍വേ ട്രാക് വരെ വെള്ളത്തിനടിയിലായി. പ്രളയകാലത്തുപോലും പിടിച്ചുനിന്ന എറണാകുളം കെ എസ് ആര്‍ ടി സി ഡിപോയില്‍ നിന്ന് ബസുകള്‍ പൂര്‍ണമായും മാറ്റേണ്ടി വന്നു. കെ എസ് ആര്‍ ടി സി ജീവനക്കാരുടെ വക ഡിപോയ്ക്കുള്ളില്‍ നിന്ന് 'വള്ളംകളി'യും അരങ്ങേറി.
വെള്ളമുയര്‍ന്ന് നഗരത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളും മുങ്ങുന്ന അവസ്ഥയുണ്ടായി. ലക്ഷങ്ങളുടെ നഷ്ടമാണ് കച്ചവടക്കാര്‍ക്കും ജനങ്ങള്‍ക്കുമുണ്ടായത്. മിക്കവീടുകളിലേയും വാഹനങ്ങളില്‍ വെള്ളം കയറി. കിടപ്പുമുറികളും അടുക്കളയുമെല്ലാം പൂര്‍ണമായും മുങ്ങി. വീട്ട് സാധനങ്ങള്‍ ഉപയോഗ ശൂന്യമായി. പലരും രണ്ടാം നിലയില്‍ അഭയം പ്രാപിച്ചു. ഉച്ചയോടെ മഴ കുറഞ്ഞെങ്കിലും വെള്ളക്കെട്ട് ഒഴിയുന്നില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
വേലിയേറ്റമാണ് വെള്ളം ഇറങ്ങാത്തതിന് പ്രധാന കാരണമായി പറയുന്നത്. ഓടകളും മറ്റ് ഓവുചാലുകളുമെല്ലാം പൂര്‍ണമായും അടഞ്ഞതോടെ വെള്ളത്തിന് ഒഴുകിപ്പോകാന്‍ വഴിയില്ലാതായി. ഓണം പ്രതീക്ഷിച്ച് കച്ചവടത്തിനെത്തിച്ച റോഡരികിലെ തുണിക്കടകളിലേക്കും മറ്റും വെള്ളം കയറിയതോടെ പറഞ്ഞറിയിക്കാനാവാത്ത ദുരിതമാണ് തെരുവുകളിലുണ്ടായത്.
എം ജി റോഡ്, പുല്ലേപ്പടി, കതൃക്കടവ്, കലൂര്‍, തൃപ്പൂണിത്തുറ എന്നുവേണ്ട നഗരത്തിലെ പ്രധാന ഭാഗങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിലാണ്. ഗതാഗതം മണിക്കൂറുകളോളമാണ് തടസപ്പെട്ടത്. പലയിടത്തും മരം വീണു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മരങ്ങള്‍ മുറിച്ചുനീക്കി ഗതാഗതം സാധാരണ നിലയിലാക്കിയത്.
റെയില്‍വേട്രാകിലേക്ക് അപകട നിലയ്ക്ക് മുകളില്‍ വെള്ളം കയറിയതോടെ ട്രെയിന്‍ ഗതാഗതം രാവിലെ മുതല്‍ തടസപ്പെട്ടിരുന്നു. എത്തിപ്പെടാന്‍ മറ്റ് വഴിയില്ലാത്തിനാല്‍ ഹൈകോടതി സിറ്റിങ് പോലും മാറ്റിവെച്ചു. ഇടറോഡുകളെല്ലാം ഇപ്പോഴും വെള്ളത്തിനടിയിലായതിനാല്‍ വലിയ തിരക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്.
സംസ്ഥാനത്ത് പല ജില്ലകളിലും മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആര്‍ കെ ജനമണി അറിയിച്ചു.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളില്‍ ഓറന്‍ജ് ജാഗ്രത നല്‍കി. 100 മില്ലിമീറ്റര്‍ മുതല്‍ 200 മില്ലിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പെന്നും അദ്ദേഹം പറഞ്ഞു.
ഒന്നോ രണ്ടോ ജില്ലകളില്‍ ചില സ്ഥലങ്ങളില്‍ അതിതീവ്ര മഴക്കും സാധ്യതയുണ്ട്. 200 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ എവിടെയും കിട്ടിയിട്ടില്ല. ചില ഇടങ്ങളില്‍ പെട്ടെന്ന് വലിയ വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ട്. അതിനു വേറെയും കാരണങ്ങള്‍ ഉണ്ടാകാം. മഴ നിശ്ചിത അളവില്‍ തന്നെ ആണ് പെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഐഎംഡി കൃത്യമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ കളര്‍കോഡ് സഹിതം, കേരളം വിദേശ കംപനികളുടെ സഹായം കൂടി തേടുന്നു എന്നതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് പാളുന്നുവെന്ന ആരോപണത്തിനും അദ്ദേഹം മറുപടി നല്‍കി.
Keywords: Ernakulam collector announces holiday after heavy rain, Kochi, News, Rain, Holidays, District Collector, Education, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.