Rain | മഴയില്ല, കേരളം വരൾച്ചയിലേക്ക്! ഓഗസ്റ്റിൽ മാത്രം 90% കുറവ്; വരും മാസങ്ങളിലും പ്രതീക്ഷയില്ല; 5 വർഷം മുമ്പ് പ്രളയത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാനം നേരിടുന്നത് കനത്ത പ്രതിസന്ധി; 'മഴയുടെ മരണവാർത്ത' കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

 


തിരുവനന്തപുരം: (www.kvartha.com) മഴ തിമിർത്തുപെയ്യേണ്ട നാളുകളിൽ കണ്ടത് കനത്ത വെയിൽ. മൺസൂൺ മഴ കുത്തനെ കുറഞ്ഞതോടെ കേരളം വരൾച്ചാ ഭീഷണിയിലാണ്. ജൂൺ മുതൽ ഓഗസ്റ്റ് 14 വരെ കാലവർഷത്തിൽ 44% കുറവുണ്ടായത് മൂലം കേരളം വരൾച്ചയ്ക്ക് സമാനമായ അവസ്ഥയാണ് നേരിടുന്നത്. സാധാരണഗതിയിൽ ഓഗസ്റ്റ് ആദ്യ രണ്ടാഴ്ചയിൽ 240.2 മി. മീറ്റർ മഴ പെയ്യുന്ന പതിവിൽ നിന്ന് വ്യതിചലിച്ച്, സംസ്ഥാനത്ത് 25 മി. മീറ്റർ മാത്രമാണ് ലഭിച്ചത്, ഓഗസ്റ്റിൽ മാത്രം 90% മഴയുടെ കുറവുണ്ടായി.

Rain | മഴയില്ല, കേരളം വരൾച്ചയിലേക്ക്! ഓഗസ്റ്റിൽ മാത്രം 90% കുറവ്; വരും മാസങ്ങളിലും പ്രതീക്ഷയില്ല; 5 വർഷം മുമ്പ് പ്രളയത്തിന് സാക്ഷ്യം വഹിച്ച സംസ്ഥാനം നേരിടുന്നത് കനത്ത പ്രതിസന്ധി; 'മഴയുടെ മരണവാർത്ത' കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

നാല് മാസം നീണ്ടുനിൽക്കുന്ന മൺസൂൺ കാലത്തിന് മുന്നോടിയായി ദേശീയ കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ പ്രവചിച്ചിരുന്നുവെങ്കിലും പ്രതീക്ഷിച്ച മഴ മാത്രം ലഭിച്ചില്ല. ഇതിന്റെ ഫലം ഡാമുകളിലും ദൃശ്യമായി. ഓഗസ്റ്റ് 14 വരെ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ (KSEB) കീഴിലുള്ള പ്രധാന ജലസംഭരണികളിലെ ജലലഭ്യത മൊത്തം സംഭരണ ശേഷിയുടെ 37% മാത്രമാണ്. ജലസംഭരണികളിൽ തിങ്കളാഴ്ച വരെ 1,537.032 ദശലക്ഷം യൂണിറ്റ് (mu) വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ട്, അതേസമയം 2022 ലെ ഇതേ കാലയളവിൽ ഇത് 3,438.062 ദശലക്ഷം യൂണിറ്റ് ആയിരുന്നു.

പുതിയ കാലാവസ്ഥ പ്രവചനത്തിലും അനുകൂലമായ പ്രതികരണമൊന്നും അധികൃതരിൽ നിന്നും ഉണ്ടായിട്ടില്ല. ദേശീയ കാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം ഓഗസ്റ്റ് 25 വരെ സാധാരണയിലും താഴെ മഴ പെയ്യുമെന്നാണ് അറിയിപ്പ്. സെപ്‌തംബറിൽ പ്രതീക്ഷിക്കുന്ന 90 ശതമാനം മഴ ലഭിച്ചാലും ജൂൺ ഒന്നുമുതൽ സെപ്‌തംബർ 30 വരെയുള്ള മൺസൂൺ മഴയിലെ കുറവ്‌ നികത്താനാകില്ലെന്ന് കുസാറ്റ്‌ കാലവസ്ഥാ പഠന വിഭാഗമായ റഡാർ ഗവേഷണ കേന്ദ്രത്തിലെ ശാസ്‌ത്രജ്ഞൻ ഡോ. എം ജി മനോജ്‌ പറഞ്ഞു. പസിഫിക്‌ സമുദ്രത്തിൽ രൂപപ്പെട്ട എൽനിനോ പ്രതിഭാസമാണ്‌ ഇത്തവണ മഴ കുറയാൻ കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

അഞ്ചുവർഷംമുമ്പ്‌ പ്രളയത്തിന്‌ സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് ഇപ്പോൾ മഴക്കുറവിൽ ആശങ്കപ്പെടുന്നത് എന്നതാണ് വസ്തുത. അതിനിടെ മഴയുടെ കുറവിന്റെ പശ്ചാത്തലത്തിൽ, 'മഴ അന്തരിച്ചു' എന്ന തലക്കെട്ടിൽ ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ആരാണ് ഉത്തരവാദിയെന്ന് ആക്ഷേപ ഹാസ്യ രൂപത്തിലാണ് കുറിപ്പിൽ വിവരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായ കുറിപ്പ്:

മഴ അന്തരിച്ചു

പെയ്ത്തുംകടവ് ഇടവം വീട്ടിൽ മഴ അന്തരിച്ചു... പ്രായം എത്രയാണെന്ന് ആർക്കും ഒരു വിവരവുമില്ല...

നെഞ്ചിലെ അർബുദരോഗമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു...

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ അത്യാഹിത വിഭാഗത്തിൽ വച്ചായിരുന്നു അന്ത്യം...

മഴമേഘത്തിന്റേയും, നീരാവിയുടേയും മകനായി ജനിച്ച മഴ വളർന്നതും ജീവിച്ചതും മഴക്കാടുകളിലും, വനമേഘലകളിലുമായിരുന്നു.

കുംഭത്തിലും, മീനത്തിലും പ്രാഥമിക വിദ്യഭ്യാസം പൂർത്തിയാക്കി,

ചിറാപ്പുഞ്ചിയിൽ നിന്ന് ഏറ്റവും കൂടുതൽ മഴയിൽ ബിരുദവും എ പ്ലസും കരസ്ഥമാക്കി.

വന മാഫിയക്കാരും, കൈയ്യേറ്റക്കാരും മഴക്കാടുകൾ വെട്ടി നശിപ്പിച്ചപ്പോൾ നെഞ്ചിനേറ്റ ആഴത്തിലുളള മുറിവാണ് ഒടുവിൽ അർബുദമായി മാറിയത് .

പ്രകൃതി സംരക്ഷണ സമിതിയുടേയും, വനസംരക്ഷകരുടേയും കാരുണ്യത്തിലാണ് ഇത്രയും നാൾ പെയ്ത് ജീവിച്ചത്.

പ്രകൃതിയുടേയും, തങ്ങളുടേയും ഭാവി ചോദ്യ ചിഹ്നമായെന്നും മഴയുടെ മരണം കാലാവസ്ഥ കുടുംബത്തിന് തീരാനഷ്ടമായെന്നുമാണ് കിണറുകളും, അരുവികളും പുഴകളും പ്രതികരിച്ചത്.

നിരവധി തവണ ബംഗാൾ ന്യൂന മർദ്ദ പുരസ്കാരം ലഭിച്ചിട്ടുണ്ട്...

കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിൽ
പൊതുദർശനത്തിനു വച്ച ശേഷം മൃതദേഹം
നാളെ പാലക്കാട് പൊതുശ്മശാനത്തിൽ, സംസ്കരിക്കും..

വനമാഫിയയോടുളള രോഷം പ്രകടിപ്പിച്ച് സൂര്യന്റെ നേതൃത്വത്തിലുളള വൻപ്രതിഷേധം
കേരളത്തിൽ തുടരുന്നു...

വരൾച്ചയും സൂര്യ താപവും ഐക്യദാർഢ്യവുമായി രംഗത്ത് വന്നിട്ടുണ്ട്...

ഇടവപ്പാതി കുടുംബാംഗം 'പേമാരി’ യാണ് ഭാര്യ,

ചന്നം പിന്നം റെയിൻ ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനി കുമാരി ചറ പറ മഴ ഏക മകളാണ്..

മിന്നൽ, ഇടിവെട്ട്, കൊടുങ്കാറ്റ് ഇവർ പരേതന്റെ സഹോദരങ്ങളാണ്.

Keywords: News, Thiruvananthapuram, Kerala, Rain, Weather, Kerala, IMD, KSEB,   Drought threat as low rains forecast in August-September.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia