Temperature | ചൂട് 52.3 ഡിഗ്രി! ഇന്ത്യയിലെ എക്കാലത്തെയും ഉയർന്ന താപനില ഡെൽഹിയിൽ രേഖപ്പെടുത്തി
ഇതേസമയം ഡൽഹി-നോയിഡയിലെ പല പ്രദേശങ്ങളിലും കനത്ത മഴയാണ്
ന്യൂഡെൽഹി: (KVARTHA) ഡൽഹിയിൽ ചൂട് റെക്കോർഡ് കുറിച്ചു. ഇന്ത്യയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയായ 52.3 ഡിഗ്രി സെൽഷ്യസ് (126.14 ഡിഗ്രി ഫാരൻഹീറ്റ്) ഡൽഹിയിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുങ്കേഷ്പൂർ എന്ന സ്ഥലത്താണ് ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് ഈ ഞെട്ടിക്കുന്ന താപനില രേഖപ്പെടുത്തിയത്.
രാജസ്ഥാനിൽ നിന്നുള്ള ചൂട് കാറ്റ് ആദ്യം ബാധിക്കുന്ന പ്രദേശങ്ങളാണ് ഡെൽഹി നഗരത്തിൻ്റെ പ്രാന്തപ്രദേശങ്ങളെന്ന് ഉയരുന്ന താപനിലയ്ക്ക് പിന്നിലെ കാരണം വിശദീകരിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റീജിയണൽ ഹെഡ് കുൽദീപ് ശ്രീവാസ്തവ പറഞ്ഞു. രാജസ്ഥാനിലെ മരുഭൂമിയിൽ രേഖപ്പെടുത്തിയ മുൻ ദേശീയ റെക്കോർഡാണ് ഡെൽഹി മറികടന്നത്.
ഡെൽഹിയിൽ താപനില 52 ഡിഗ്രിയിൽ എത്തിയപ്പോൾ, ഡൽഹി-എൻസിആറിൻ്റെ പല ഭാഗങ്ങളിലും മേഘാവൃതമാണ്. പലയിടത്തും ശക്തമായ കാറ്റ് വീശുന്നുണ്ട്. ഡൽഹി-നോയിഡയിലെ പല പ്രദേശങ്ങളിലും കനത്ത മഴയാണ്. ഇത് പൊള്ളുന്ന ചൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്. മെയ് 30, 31 തീയതികളിൽ ഡൽഹിയിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരുന്നു.