Delhi | ഡെല്‍ഹി സാധാരണ നിലയിലേക്ക്; പ്രളയ സാഹചര്യത്തിന് നേരിയ ആശ്വാസം; പ്രധാന പാതകളില്‍ വെള്ളക്കെട്ട് നീങ്ങി; യമുനയിലെ ജലനിരപ്പ് വൈകാതെ അപകട നിലയ്ക്ക് താഴേക്ക് എത്തും
Jul 17, 2023, 08:53 IST
ന്യൂഡെല്‍ഹി: (www.kvartha.com) പ്രളയത്തില്‍ നിന്ന് കരകയറിയ ഡെല്‍ഹി സാധാരണ നിലയിലേക്ക്. യമുനയിലെ ജലനിരപ്പ് അതിവേഗം കുറയുന്നതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അതിഷി അറിയിച്ചു. പ്രധാന പാതകളില്‍ വെള്ളക്കെട്ട് നീങ്ങി. രാജ്ഘട്ട്, ഐടിഒയിലെ ചില ഭാഗങ്ങള്‍, യമുന വിഹാറിലെ താഴ്ന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് ഇപ്പോഴുമുള്ളത്. ഐടിഒ അടക്കം പല മേഖലകളിലും വെള്ളക്കെട്ട് തുടരുന്നു.
തിങ്കളാഴ്ച (17.07.2023) മുതല്‍ സര്‍കാര്‍ ഓഫീസുകള്‍ അടക്കം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അതേസമയം പ്രളയബാധിതമായ ആറ് ജില്ലകളിലെ സ്കൂളുകള്‍ക്ക് ഈ മാസം 18 വരെ അവധി നീട്ടി. പ്രളയബാധിതരുടെ കുടുംബങ്ങള്‍ക്ക് ഡെല്‍ഹി സര്‍കാര്‍ 10,000 രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഞായറാഴ്ച (16.07.2023) പ്രഖ്യാപിച്ചു.
യമുന തീരത്ത് താമസിക്കുന്ന നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടപ്പെട്ടതായും ചിലര്‍ക്ക് അവരുടെ എല്ലാ സാധനങ്ങളും നഷ്ടപ്പെട്ടതായും അരവിന്ദ് കെജ്രിവാള് ട്വിറ്ററില്‍ കുറിച്ചു. ഇതിനിടെ പ്രളയത്തെ ചൊല്ലി എഎപി, ബിജെപി പോര് രൂക്ഷമാണ്.
യമുനയിലെ ജലനിരപ്പ് വൈകാതെ അപകട നിലയ്ക്ക് താഴേക്ക് എത്തുമെന്നാണ് കരുതുന്നത്. ഒടുവില്‍ രേഖപ്പെടുത്തിയത് 205.5 മീറ്റര്‍ ജലനിരപ്പാണ്. 205.3 ആണ് യമുനയിലെ ജലനിരപ്പിന്റെ അപകടനില.
വരുന്ന മണിക്കൂറുകളില്‍ 5 സെന്റീമീറ്റര്‍ മുതല്‍ 15 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് കുറയുമെന്ന് കേന്ദ്ര ജല കമീഷന് അറിയിച്ചു. ഇതോടെ ജലനിരപ്പ് അപകടം നിലയ്ക്ക് താഴെയെത്തും. 5 ദിവസത്തിനുശേഷമാണ് യമുന നദിയിലെ ജലനിരപ്പ് അപകട നിലയ്ക്ക് താഴെ എത്തുന്നത്. നദിയിലെ വെള്ളം കുറയുന്നതോടെ, ഡെല്‍ഹിയിലെ പ്രധാന റോഡുകളിലെ വെള്ളക്കെട്ടിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞദിവസം മുതല്‍ റോഡുകളിലെ വെള്ളക്കെട്ട് പമ്പുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു.
#WATCH | Lieutenant governor Vinai Kumar Saxena inspects flood-affected areas of Delhi.#DelhiFloods pic.twitter.com/2EPpIHT3EW
— TOI Delhi (@TOIDelhi) July 16, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.