Rain | മഴ തുടരുന്നു: പത്താഴകുണ്ട് ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു; വീഡിയോ; വയനാട്ടിൽ 3 സ്കൂളുകൾക്ക് അവധി
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്.
വടക്കാഞ്ചേരി: (KVARTHA) വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാൽ അധികജലം പുറത്തേക്ക് ഒഴുക്കുന്നതിന്റെ ഭാഗമായി പത്താഴകുണ്ട് ഡാമിന്റെ മൂന്ന് സ്പിൽവേ ഷട്ടറുകൾ രണ്ട് സെന്റീമീറ്റർ വീതം തുറന്നു. അധിക ജലം ഒഴുകിപ്പോകുന്ന പത്താഴകുണ്ട് ചീർപ്പ്, മിണാലൂർ തോട്, കുറ്റിയങ്കാവ് തോട്, പെരിങ്ങണ്ടൂർ തോട് എന്നിവയുടെ സമീപത്തുള്ള പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് മൈനർ ഇറിഗേഷൻ ഉപവിഭാഗം അസി. എക്സി. എൻജിനീയർ അറിയിച്ചു. നിലവിലെ ജലനിരപ്പ് 13 മീറ്ററാണ്, പരമാവധി ജലനിരപ്പ് 14 മീറ്ററാണ്.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് വ്യക്തമാക്കി.
കനത്ത മഴ തുടരുന്നതിനാൽ വയനാട് ജില്ലയിലെ മൂന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വെള്ളാർമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുത്തുമല യുപി സ്കൂൾ, മുണ്ടക്കൈ യുപി സ്കൂൾ എന്നിവയ്ക്ക് അവധി നൽകിയതായി അറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും ഉൾപ്പെടെ സാധ്യതയുള്ള മലയോര മേഖലയിൽ സ്ഥിതിചെയ്യുന്ന സ്‌കൂളുകൾക്കാണ് അവധി നൽകിയത്.