Cyclone Alert | ഫിൻജാൽ ചുഴലിക്കാറ്റ്: ചെന്നൈയിൽ വിമാന സർവീസുകൾ തടസപ്പെട്ടു, ജനം ജാഗ്രതയിൽ
● ശനിയാഴ്ച രാവിലെ 8.10 ന് പുറപ്പെടേണ്ട അബുദബി വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.
● ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയതോടെ സംസ്ഥാനത്തെ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.
● വെള്ളിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് ന്യൂനമർദം ചുഴലിക്കാറ്റായി മാറിയത്.
ചെന്നൈ: (KVARTHA) ഫിൻജാൽ ചുഴലിക്കാറ്റിന്റെ ഭീഷണിയിൽ ചെന്നൈ നഗരം അതിജാഗ്രതയിൽ. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചെന്നൈയിൽ നിന്നുള്ള 16 വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിയിട്ടുണ്ട്. ഇൻഡിഗോ പോലുള്ള വിമാന കമ്പനികൾ ഇതിനെക്കുറിച്ച് വിവരം നൽകി. ശനിയാഴ്ച രാവിലെ 8.10 ന് പുറപ്പെടേണ്ട അബുദബി വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടതായാണ് റിപ്പോർട്ട്.
വിമാന സർവീസുകൾ മാത്രമല്ല, പലരും വാഹനങ്ങളുമായി പുറത്തിറങ്ങി മേൽപാലങ്ങളിൽ നിർത്തിയിട്ടിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയതോടെ സംസ്ഥാനത്തെ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ചെന്നൈയിൽ നിന്ന് 260 കിലോമീറ്റർ അകലെയുള്ള ഫിൻജാൽ ചുഴലിക്കാറ്റ് കരതൊടുമ്പോൾ മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയുണ്ടാകുമെന്നാണ് പ്രവചനം. ഇത് ചുഴലിക്കാറ്റായി മാറില്ല, തീവ്ര ന്യൂനമർദ്ദമായാണ് കരയിൽ കടക്കുകയെന്നാണ് അധികൃതർ പറയുന്നത്.
വെള്ളിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് ന്യൂനമർദം ചുഴലിക്കാറ്റായി മാറിയത്. ഇത് മണിക്കൂറിൽ 13 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിച്ചിരുന്നത്. ശനിയാഴ്ച കരയോടടുക്കുമ്പോൾ മണിക്കൂറിൽ 90 കിലോമീറ്റർ വരെ വേഗമുണ്ടാകാനാണ് സാധ്യത. നിലവിൽ, ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ, വിഴുപുരം, കള്ളക്കുറിച്ചി, കടലൂർ ജില്ലകളിൽ ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
കടലൂർ മുതൽ ചെന്നൈ വരെയുള്ള തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്. കടലിൽ പോകരുതെന്നും ജനങ്ങൾ വീട്ടിൽ തന്നെ തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു. കാറ്റിൽ വൈദ്യുതക്കമ്പി പൊട്ടാനും മരങ്ങൾ വീഴാനും സാധ്യതയുണ്ട്. മിന്നലോടുകൂടിയുള്ള കനത്ത മഴയ്ക്കും സാധ്യതയുണ്ട്. എല്ലാ അത്യാവശ്യ സാധനങ്ങളും വീട്ടിൽ ശേഖരിച്ചു വെക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.
#CycloneFani, #ChennaiWeather, #FlightDisruption, #WeatherAlert, #PublicSafety, #CycloneWarning