കടിഞ്ഞാണ്‍ സ്ത്രീകളുടെ കയ്യില്‍ തന്നെ

 


കൂക്കാനം റഹ്മാന്‍

(www.kvartha.com 05.05.2014) സ്ത്രീകളുടെ നടപ്പില്‍, പെരുമാറ്റത്തില്‍, ഇടപെടുന്നതില്‍ എല്ലാം ഒരു പാടുമാറ്റങ്ങള്‍ ദൃശ്യമായിക്കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങള്‍ കണ്ണടച്ചുളള അനുകരണമല്ല. ആരെങ്കിലും അടിച്ചേല്‍പ്പിക്കുന്നതുമല്ല. സ്ത്രീകള്‍ ആഗ്രഹിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണിത്. ജീവിതത്തിൽ അനുഭവിച്ചുമടുത്ത പഴകിയതും ഇടുങ്ങിയതുമായ ശീലങ്ങളെ വലിച്ചെറിയാന്‍ സ്ത്രീകള്‍ പ്രാപ്തി നേടുകയാണ്.

ഉറച്ച ബന്ധങ്ങള്‍ പൊട്ടിച്ചെറിയാന്‍ മടിയില്ലാത്തവരായി സ്ത്രീകള്‍. പ്രസരിപ്പുളള യുവാക്കളോട് കൂട്ടുകൂടുകയെന്നതാണ് സ്ത്രീകളുടെ പുതിയ കാഴ്ചപ്പാട്. സ്ത്രീകള്‍ സര്‍വ്വതന്ത്രസ്വതന്ത്രരായി പൂത്തു വിടരാന്‍ കൊതിക്കുന്നു. ഇതിനെതിരായി നില്‍ക്കുന്നവരെ തളളിമാറ്റാനും കെല്‍പുളളവരായി മാറി ഇന്നത്തെ സ്ത്രീത്വം. പെണ്ണുങ്ങളും ആണുങ്ങളെ പോലെ എന്തിനും പ്രാപ്തരാണെന്ന് അവര്‍ വിളിച്ചു പറയാന്‍ ത്രാണികാട്ടുകയായി. വീടുകളില്‍ അടങ്ങിയൊതുങ്ങിക്കഴിയാന്‍ ഇനി ഞങ്ങളെ കിട്ടില്ലെന്നവര്‍ ഉച്ചൈസ്തരം ഉദ്ഘോഷിക്കാന്‍ തുടങ്ങിയിരിക്കുന്നു.
കടിഞ്ഞാണ്‍ സ്ത്രീകളുടെ കയ്യില്‍ തന്നെ

മഞ്ഞും, മഴയും, കാറ്റും, മലയും, കാടും, കുന്നും, കുളവും, സിനിമാതിയ്യേറ്ററും, പാര്‍ക്കും, ബാറും ഞങ്ങളുടേത് കൂടിയാണെന്ന് സ്ത്രീകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനായി അവര്‍ അവകാശമുന്നയിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. പുരുഷന്മാരോടൊപ്പം അവര്‍ അരങ്ങില്‍ എത്തിക്കഴിഞ്ഞു. ഇഷ്ടമില്ലാത്തവരെ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായിക്കഴിഞ്ഞു. ആരുടെ മുഖത്തുനോക്കിയും സ്വാഭിപ്രായം വെട്ടിത്തുറന്നു പറയാന്‍ അവര്‍ കെല്‍പുളളവരായി. പണ്ടത്തെ നാണം കുണുങ്ങി സ്വഭാവമുളള പെണ്ണുങ്ങളെത്തേടിയാല്‍ എവിടെയും കണ്ടെത്താനാവില്ല. മക്കള്‍ക്കും, കുടുംബത്തിനും വേണ്ടി പാതാളത്തോളം താഴാനൊന്നും ഇനി സ്ത്രീകളെ കിട്ടില്ല.

സ്വന്തം ആനന്ദമാണ് പ്രധാനമെന്ന് പുരുഷന്മാരെ പോലെ സ്ത്രീകളും പറയാന്‍ തുടങ്ങിയിരിക്കുന്നു. ഇതേവരെ ഞങ്ങള്‍ വേദന തിന്നു സഹിച്ചു. ഇനി സഹിക്കാന്‍ വയ്യ. ഞങ്ങളും നിങ്ങളെ പോലെയൊന്ന് ആഘോഷിക്കട്ടെ. ഈ മനോഭാവം സ്ത്രീകള്‍ പ്രകടിപ്പിക്കുമ്പോള്‍ വഴിമാറിക്കൊടുക്കുകയോ, ഒപ്പം കൂടുകയോ മാത്രമെ ഇനി പുരുഷന്‍മാര്‍ക്കാവു.

ലോകം ആണുങ്ങളുടേത് മാത്രമല്ലെന്ന് സ്ത്രീകള്‍ ഉറക്കെ വിളിച്ചു പറയാന്‍ ധൈര്യം കാട്ടിത്തുടങ്ങി. സൗഹൃദത്തില്‍ ആണ്‍-പെണ്‍ വേര്‍തിരിവുകളൊന്നും സ്ത്രീകള്‍ വകവെച്ചുകൊടുക്കില്ലിനി. എനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ട് എന്ന് തെറം തീര്‍ന്ന് പറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറായിക്കഴിഞ്ഞു. ഏറ്റവും നല്ല സുഹൃത്ത് പുരുഷന്മാരാണെന്ന് സ്ത്രീകള്‍ പറയാന്‍ തുടങ്ങി.

വിവാഹപൂര്‍വ്വ-വിവാഹേതര ബന്ധങ്ങള്‍ ഇന്ന് വളരെയേറെ വളര്‍ന്നു. ആണും പെണ്ണും ഇത്തരം ബന്ധങ്ങളിൽ മുന്‍കയ്യെടുക്കുന്നുണ്ട്. ഇതിലും രസകരമായ വസ്തുതകള്‍ ഉണ്ട്. മലയാളിയായ ഏതു പുരുഷനും തന്റെ വധു കന്യകയായിരിക്കണമെന്ന് ഇന്നും ശഠിക്കുന്നു. അവന്‍ പലതവണ വിവാഹപൂര്‍വ്വ-ലൈംഗികബന്ധം  നടത്തിയതെല്ലാം അപ്പോള്‍ വിസ്മരിക്കപ്പെടുന്നു. അത്തരം കാര്യങ്ങള്‍ തുറന്നു പറയാന്‍ അവന്‍ ഇപ്പോഴും മടി കാണിക്കുന്നു. അതായത് ലൈംഗികതയുടെ കാര്യത്തില്‍ പുരുഷന്മാര്‍ പാരമ്പര്യസദാചാരവാദികളായി മാറുന്നു.

സ്ത്രീകളാണ് ഇക്കാര്യത്തില്‍ പുരുഷന്മാരേക്കാള്‍ സത്യസന്ധത പുലര്‍ത്തുന്നത്. കപടസദാചാരം വലിച്ചെറിയാന്‍ സ്ത്രീകള്‍ മുന്നോട്ടുവരുന്നുണ്ട്. അവസരങ്ങളുടെ വിനിയോഗം ആണിന്റെ കുത്തകയല്ലെന്ന് സ്ത്രീകള്‍ വിളിച്ചു പറയാന്‍ ധൈര്യം കാട്ടിത്തുടങ്ങി. സദാചാരകെട്ടുവളളികള്‍ പൊട്ടിച്ച് ആവശ്യങ്ങള്‍ ചോദിച്ചറിയാനും, കാര്യങ്ങള്‍ തുറന്നുപറയാനും സ്ത്രീകളിന്ന് തയ്യാറാണ്.

ശരീരവടിവും ഫിറ്റ്‌നസും നേടാന്‍ സ്ത്രീകളാണ് മുന്നില്‍. ഗ്രാമ-നഗര
വ്യത്യാസമില്ലാതെ സ്ത്രീകള്‍ അതിരാവിലെ നടക്കാനിറങ്ങുന്നു. ഫിറ്റ്‌നസ് സെന്ററുകളില്‍ ചെല്ലുന്നു. ഞങ്ങള്‍ക്കുമായിക്കൂടെയിതൊക്കെയെന്ന് സ്ത്രീകള്‍ ചിന്തിക്കുക മാത്രമല്ല പ്രായോഗികതലത്തില്‍ കൊണ്ടുവരാനും തയ്യാറായിക്കഴിഞ്ഞു.

തന്റെ വസ്ത്രങ്ങള്‍ എങ്ങിനെ ധരിക്കണമെന്നും സ്ത്രീകള്‍ തീരുമാനമെടുത്തു നടപ്പാക്കിത്തുടങ്ങി. അതിനെ ലൈംഗികതയ്ക്കുളള സമ്മതമോ, ദാഹമോ ആയിക്കാണുന്ന പുരുഷസ്വഭാവത്തെ അവര്‍ പുച്ഛിച്ചുതളളിക്കളയുന്നു. ശരീരത്തെ മാത്രം കണ്ട് കൂട്ടുകൂടുന്ന പുരുഷന്മാരെ സ്ത്രീകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അത്തരക്കാരെ ആട്ടി അകറ്റാനും സ്ത്രീകള്‍ സന്നദ്ധരായി തീര്‍ന്നു. ഹൃദയം കൊണ്ട് സ്‌നേഹിക്കുന്ന സൗഹൃദങ്ങളെയാണ് സ്ത്രീകള്‍ ആഗ്രഹിക്കുന്നത്.

സ്ത്രീകളെ കരുത്തരാക്കിത്തീര്‍ക്കാന്‍ പല ഘടകങ്ങളും വഴിതെളിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസമാണ് അതിലൊന്ന്. സ്വന്തം കാലില്‍ നില്‍ക്കാനുളള കഴിവുനേടിയവളായി അവള്‍ മാറി. സ്ഥിരവരുമാനവും തൊഴില്‍ സ്ഥിരതയും സ്ത്രീകളെ കൂടുതല്‍ കരുത്തരാക്കിത്തീര്‍ത്തു. സ്വന്തം നിലപാടില്‍ ഉറച്ചു നില്‍ക്കാനും, ചിന്തിക്കാനും, തീരുമാനമെടുക്കാനും ഇതുവഴി സ്ത്രീകള്‍ക്ക് സാധ്യമായി. പുറത്തിറങ്ങി കാര്യങ്ങള്‍ കാണാനും, പഠിക്കാനും അവസരം കിട്ടിയപ്പോള്‍ ആണിന്റെ കളളത്തരങ്ങള്‍ പിടിച്ചെടുക്കാനും അവര്‍ക്ക് സാധ്യമായി. സഹപ്രവര്‍ത്തകരുടെ കൂടെ യാത്ര ചെയ്യുന്നതും, പുരുഷ സുഹൃത്തുക്കളോട് കുശലം പറയുന്നതും തെറ്റല്ലെന്നും സ്ത്രീ തിരിച്ചറിഞ്ഞു. തന്റെ കടിഞ്ഞാണ്‍ ആര്‍ക്കും കൊടുക്കാതെ സ്വയം സൂക്ഷിക്കാനും സ്ത്രീ സജ്ജമായിക്കഴിഞ്ഞു.

സെക്‌സിലും ആണുങ്ങളുടെ കുത്തക അവസാനിച്ചു കഴിഞ്ഞു. സെക്‌സ് എപ്പോള്‍ എങ്ങിനെ എന്ന് സ്ത്രീ പറയും. പുരുഷന്‍ അനുസരിച്ചാല്‍ മതി. കാര്യം നടത്തി തിരിഞ്ഞു കിടക്കുന്ന ആണുങ്ങളെ സ്ത്രീകള്‍ ഉപേക്ഷിച്ചു കഴിഞ്ഞു. കിടപ്പറയില്‍  ആണത്തം കാണിക്കേണ്ടെന്നു സ്ത്രീകള്‍ പുരുഷന്മാരെ പഠിപ്പിക്കാന്‍ തുടങ്ങി. തങ്ങള്‍ക്ക് വേണ്ടത് സ്‌നേഹവും, കരുതലും, സുരക്ഷിതവുമാണെന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്ന് തെളിച്ചു പറയാന്‍ തുടങ്ങി....

സ്ത്രീകള്‍ തന്റേടികളായി മാറിക്കഴിഞ്ഞു. അതിനൊത്ത് പുരുഷനും മാറിയേ പറ്റു. സ്ത്രീ-പുരുഷ ബന്ധം ഊഷ്മളമാവണം. അടിമത്തവും യജമാനത്തവും ഇക്കാര്യത്തില്‍ ഒരിക്കലും പാടില്ല. അതിനുളള പോം വഴികളെക്കുറിച്ചും ഇരു കൂട്ടരും ചിന്തിക്കണം. പരസ്പരം ബഹുമാനിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ചെറിയ നല്ലകാര്യങ്ങള്‍ ചെയ്താല്‍ പോലും രണ്ടുപേരും പരസ്പരം അഭിനന്ദിക്കണം. എല്ലാം തുറന്നു പറയണം. സത്യസന്ധതയും മനസാക്ഷിയും വെടിയാന്‍ പാടില്ല. പരസ്പരം വ്യക്തി സ്വതന്ത്ര്യം അംഗീകരിക്കണം. കടും പിടുത്തം ഇരു കൂട്ടരും ഉപേക്ഷിക്കണം. സ്വപ്നങ്ങളും താല്‍പര്യങ്ങളും പരസ്പരം പങ്കുവെക്കണം. പരസ്പരം തരംതാഴ്ത്തുകയോ ആക്ഷേപിക്കുകയോ അരുത്. അഭിപ്രായങ്ങള്‍ അടിച്ചേൽപ്പിക്കരുത്.

കടിഞ്ഞാണ്‍ സ്ത്രീകളുടെ കയ്യില്‍ തന്നെ
Kookkanam Rahman
(Writer)
ഇത്രയൊക്കെയായാല്‍ തന്നെ ജീവിതം വിജയകരമാക്കാം. സ്ത്രീകളെ അടിമകളെ പോലെ കാണുന്ന പുരുഷ മനോഭാവത്തിന്റെ ഭാഗമാണ് അവരില്‍ തീക്ഷ്ണ വികാരവിക്ഷോഭങ്ങളുണ്ടായത്. തുല്യരാണെന്ന് ചിന്തയിലും പ്രവൃത്തിയിലും ഉണ്ടായാല്‍ മേല്‍ക്കോയ്മക്കുവേണ്ടി പരസ്പരം പോരാടാതിരുന്നാല്‍ തന്നെ ജീവിതവിജയം നേടാനാവും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
കാറ്റത്തണഞ്ഞു പോകുന്ന കാസര്‍കോടന്‍ കറന്റ്

Keywords: Article, Hand, Ladies, Eye, Young, Rain, Forest, Cinema T heatre, Park, Bar, Face, Wedding, Fitness, Education, Study, Travel, Heart, Fitness Centre, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia