Event Update | വയനാട് ദുരന്തം: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം മാറ്റി
കണ്ണൂർ: (KVARTHA) വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ, ഈ മാസം ആറു മുതൽ എട്ടുവരെ കണ്ണൂരിൽ നടത്താനിരുന്ന പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം 27, 28 തീയതികളിലേക്ക് മാറ്റി.
ഹൃദയഭേദകമായ ദുരന്തത്തിനു മുന്നിലാണ് കേരളം. എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ നിലവിളികളാണെങ്ങും. സർക്കാരിൻ്റെ രക്ഷാ-പുനരധിവാസ പ്രവർത്തനങ്ങൾക്ക് കരുത്തും പിന്തുണയുമായി രാഷ്ട്രീയ, സാമൂഹ്യ പ്രസ്ഥാനങ്ങൾ ദുരന്തമുഖത്തുണ്ട്. ദുരിതബാധിതരെ സഹായിക്കാൻ സാംസ്കാരിക പ്രവർത്തകരും മുന്നിട്ടിറങ്ങണം. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ നൽകി വയനാട്ടിനെ കൈപിടിച്ചുയർത്താൻ കലാ സാഹിത്യ പ്രവർത്തകർ മുൻനിരയിലുണ്ടാകണമെന്നും പുരോഗമന കലാസാഹിത്യ സംഘം അഭ്യർഥിച്ചു.
സമ്മേളനവുമായി ബന്ധപ്പെട്ട എല്ലാ അനുബന്ധ പരിപാടികളും ഒഴിവാക്കാൻ സ്വാഗത സംഘം യോഗം തീരുമാനിച്ചു. ചെയർമാൻ കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ജനറൽ കൺവീനർ എം കെ മനോഹരൻ, നാരായണൻ കാവുമ്പായി, കെ പി സഹദേവൻ, പി പുരുഷോത്തമൻ, ബിനോയ് കുര്യൻ, പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്, എബി എൻ ജോസഫ്, ഡോ. ജിനേഷ് കുമാർ എരമം, എ വി അജയകുമാർ, പി ആർ സീന, പി വി രത്നാകരൻ, കെ സി മഹേഷ് എന്നിവർ സംസാരിച്ചു.